Quantcast

'കൊല്ലാന്‍ മാത്രം നീ ക്രൂരനാണ്, നൂറുവട്ടം നീ അത് ചെയ്യും'; പ്രതി സുഹൈലിന് മറുപടിയുമായി മന്‍സൂറിന്റെ സഹോദരന്‍

MediaOne Logo

Web Desk

  • Updated:

    2021-04-16 14:25:23.0

Published:

16 April 2021 2:10 PM GMT

കൊല്ലാന്‍ മാത്രം നീ ക്രൂരനാണ്, നൂറുവട്ടം  നീ അത്  ചെയ്യും; പ്രതി സുഹൈലിന് മറുപടിയുമായി  മന്‍സൂറിന്റെ സഹോദരന്‍
X

പാനൂര്‍ കൊലക്കേസില്‍ കീഴടങ്ങിയ അഞ്ചാം പ്രതി സുഹൈലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍. 'ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല ! കൊല്ലാന്‍ മാത്രം ഞാന്‍ ക്രൂരനാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?' എന്ന് തുടങ്ങുന്നതായിരുന്നു സുഹൈലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേസില്‍ താന്‍ നിരപരാധിയാണ്, മന്‍സൂര്‍ തനിക്ക് സഹോദര തുല്യനാണെന്നും തന്നെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പകപോക്കലാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ശേഷമാണ് സുഹൈല്‍ കീഴടങ്ങിയത്.

കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പ് മുതല്‍ മന്‍സൂര്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തേക്കാള്‍ അവന്റെ ഉപ്പയെ പോലെ മാറി ചിന്തിച്ചതിന് തെളിവുകള്‍ തന്റെ പക്കലുണ്ടെന്നതടക്കമുള്ള സുഹൈലിന്റെ ആരോപണങ്ങള്‍ക്ക് ഒരോന്നിനും മറുപടി നല്‍കികൊണ്ടാണ് മുഹ്‌സിന്റെ പോസ്റ്റ്. വൈകാരികമായാണ് മുഹ്‌സിന്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

'മന്‍സൂറിനെ കൊല്ലാന്‍ മാത്രം നീ ക്രൂരനാണ്. നൂറുവട്ടം നീ അത് ചെയ്യും, ഇപ്പോള്‍ നീ അഭിനയിച്ചത് പോലെ അവന്റെ മുന്നിലും അഭിനയിച്ചില്ലേ, നിന്നെ മനസിലാക്കാന്‍ വൈകിപോയി എന്ന കുറ്റബോധമാണ് ഉപ്പാക്ക്'- മുഹ്‌സിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കൊല ചെയ്തവനു പേര് ഒന്നേ ഉള്ളു കൊലയാളി പടച്ച റബ്ബ് കൂടെ ഉണ്ട്

ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല !

കൊല്ലാൻ മാത്രം ഞാൻ ക്രൂരനാണെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?

* ഉണ്ട് നീ അതും ചെയ്യും അതിന് അപ്പുറവും ചെയ്യും നിന്റെ മനസ്സ് അത്ര വികൃതമാ *

മൻസൂർ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നിങ്ങൾക്കറിയില്ലേ ?

* ഇപ്പോൾ നീ അഭിനയിച്ചത് പോലെ അവന്റെ മുന്നിലും അഭിനയിച്ചില്ലേ *

അവന്റെ ഉപ്പ മുസ്തഫ്ക്ക എനിക്ക് പാർട്ടി അനുഭാവി എന്നതിലുപരി എന്റെ ഉപ്പയ്ക്ക് തുല്യമായിരുന്നില്ലേ ?

* എന്റെ ഉപ്പാക്ക് നിന്നെ മനസ്സിലാക്കാൻ വൈകിപോയി എന്നാ കുറ്റബോധമാണ് ഉപ്പാക്ക് *

പാർട്ടിയേക്കാൾ വലിയ സംഘടന ബന്ധം മൻസൂറും മുസ്തഫ്ക്കയുമായി എനിക്കില്ലേ ?

കാന്തപുരം ഉസ്താദ് നേതൃത്വം കൊടുക്കുന്ന സുന്നീ സംഘടനയുടെ വക്താവ് കൂടിയായ എനിക്ക് ഇങ്ങനെ ഒരു കടും കൈ ചെയ്യാനോ അതിന് കൂട്ട് നിൽക്കാനോ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നോ ?

* 100 വട്ടം നീ അത് ചെയ്യും

നീ പറഞ്ഞ സംഘടനയും സംഘടന നേതാക്കന്മാരും നിനക്ക് ശിക്ഷ കിട്ടുന്നതിനു വേണ്ടി എന്റെ കുടുംബ തോടൊപ്പമാണ് *

മൻസൂറിനോട് രാഷ്ട്രീയ വിരോധം ഉണ്ടാവാൻ അവൻ ഇപ്പോൾ ലീഗുകാരൻ ആവണ്ടേ ?

* അവൻ ലീഗ്കാരനാ അതിന് നിന്റെ സർട്ടിഫിക്കറ്റ് ആവിശ്യമില്ല *

കഴിഞ്ഞ നഗരസഭ തെരഞ്ഞടുപ്പ് മുതൽ സുന്നീ സംഘടനയെ അതിരറ്റ് സ്നേഹിക്കുന്ന മൻസൂർ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തേക്കാൾ അവന്റെ ഉപ്പയെ പോലെ മാറി ചിന്തിച്ചതിന്ന് തെളിവുകൾ എന്റെ പക്കലുണ്ട് !

*എങ്കിൽ നീ അത് കൊണ്ടുവാ

കൊന്നിട്ടും എന്റെ അനിയനെ നീ വെറുതെ വിടുന്നില്ല അല്ലേ *

അങ്ങനെ ഉള്ള മൻസൂറിനെ ഇല്ലായ്മ ചെയ്യാൻ ഞാൻ ശ്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

*100 വട്ടം നീയാണ് കൊന്നത് *

വൈകുന്നേരങ്ങളിൽ ഒന്നിച്ച് ഏറെ സന്തോഷത്തോടെ കളിക്കാൻ പോകുമ്പോൾ ഞങ്ങൾ ഏറെ സംസാരിക്കാറുണ്ട്. അതിലേറെയും ഞങ്ങൾ സംസാരിച്ചത് രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും SSF ഇനേയും Sys ഇനേയും കുറിച്ചായിരുന്നു.

എന്റെ അനിയനോടൊപ്പം ഉള്ളതാണെങ്കിൽ പോലും അവനും എന്റെ അനിയനല്ലായിരുന്നോ?

*നിന്റെ അനിയൻ അല്ല അങ്ങനെ നീ കണ്ടിട്ടില്ല *

അവന്റെ ജ്യേഷ്ഠൻമാർ മുനീബും മുബീനും എനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവരാണ് !

*അവരാണ് ഏറ്റവും കൂടുതൽ നിന്നെ വെറുക്കുന്നത് *

എന്റെ പല സംഘടന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആരുമറിയാതെ അകമഴിഞ്ഞ് സഹായിക്കുന്നവരായിരുന്നു മുസ്തഫ്ക്കയും മക്കളും !

SSF , SYS , കേരള മുസ്ലിം ജമാഅത്ത് പ്രവർത്തനങ്ങൾക്ക് ഞാൻ എപ്പോൾ വിളിച്ചാലും ഓടി വരികയും ആവശ്യമായാൽ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്ന പൂർണമായും സംഘടന കുടുംബമാണ് മൻസുറിന്റേത്. ആ കുടുംബത്തെ ഒരു മുളള് കൊണ്ടെങ്കിലും വേദനിപ്പിക്കുവാൻ എനിക്ക് കഴിയുമോ ?

*നിനക്ക് പറ്റും നീ തെളീച്ചതാ*

ഒരിക്കലും കഴിയില്ല !

എന്ന് മാത്രമല്ല എന്റെ പുല്ലൂക്കരയിലെ സഹോദരൻമാരിൽ രാഷ്ട്രീയമായി പലരും വ്യത്യസ്ഥ ചേരിയിൽ . ആണെങ്കിലും എന്റെ ആദർശം പറയുകയല്ലാതെ നാളിതു വരെ ഒരു ബല പ്രയോഗം പോലും തമ്മിൽ നമ്മൾ നടത്തിയോ ?

അങ്ങനെ പരസ്പരം രാഷ്ട്രീയ അഭിപ്രായങ്ങൾ പറഞ്ഞും തർക്കിച്ചും അവസാനം ചായ കുടിച്ചു ഒന്നിച്ചു യാത്ര ചെയ്യുന്നതും പിരിഞ്ഞു വീട്ടിൽ പോകുന്നതുമല്ലാത്ത എന്ത് രാഷ്ട്രീയ വെറുപ്പാണ് പുല്ലൂക്കരയിൽ തമ്മിലുള്ളത് ?

അങ്ങനെയുള്ളപ്പോൾ ഒരു തിരഞ്ഞെടുപ്പ് സംഘർഷത്തിന്റെ പേരിൽ പ്രിയപ്പെട്ട മൻസൂറിനെ കൊല്ലാൻ ഞാൻ ഗൂഡാലോചന നടത്തുമെന്നും അതിന് വാട്സാപ്പ് സ്റ്റാറ്റസ് വെച്ച് തീരുമാനമെടുക്കാൻ ഞാൻ കൂട്ട് നിൽക്കുമെന്നും നിങ്ങൾ കരുതുന്നുണ്ടോ?

*ഉണ്ട് *

അങ്ങനെ നിങ്ങൾ വിശ്വസിച്ചെങ്കിൽ ഇത്രയും കാലം പുല്ലൂക്കരയിൽ ഞാനും നിങ്ങളും ചിരിച്ചു കളിച്ചു ജീവിച്ചത് പരസ്പരം മനസ്സ് കൊണ്ട് ഒന്നിച്ചല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.

* നിന്റെ മനസ്സ് ഒന്നിച്ചുനിക്കില്ല അത് മുമ്പും നീ പുല്ലൂക്കരയിൽ കാണിച്ചതാ *

ഞാൻ ഫേസ്ബുക്കിലും വാട്സാപ്പിലും എപ്പോഴും വൈകാരികമായി പ്രതികരിക്കാറുണ്ട് എന്ന് എല്ലാവർക്കുമറിയാം. അന്നും അത് പോലെ പ്രതികരിച്ചു എന്നല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നുള്ളത് പടച്ച റബ്ബിനെ സാക്ഷിയായി ഞാൻ ഇവിടെ പറയുന്നു.

മൻസൂറിന് അപകടം പറ്റിയത് തന്നെ ഞാൻ അറിയുന്നത് മൻസൂറിനൊപ്പം അപകടം നടക്കുമ്പോൾ ഉണ്ടായിരുന്ന എന്റെ സഹോദരൻ നസീഫ് എന്നെ ഫോണിലൂടെ അറിയിക്കുമ്പോൾ ആണ് .

* നാവു എടുത്താൽ കളവു മാത്രമേ നീ പറയു എന്റെ കണ്ണ് മുമ്പിൽ ഉള്ള നിന്നെ എന്തിനാ വിളിച്ചു അറിയിക്കുന്നെ *

മൻസൂറിനെ കൊല്ലാൻ മാത്രം ക്രൂരനാണ് ഞാൻ എന്ന് എന്റെ പ്രിയപ്പെട്ട മുസ്തഫ്ക്ക വിശ്വസിക്കുന്നുണ്ടോ?

* എന്റെ ഉപ്പ 100വട്ടം വിശ്വസിക്കുന്നു*

നിയമ വ്യവസ്ഥിതിയിൽ പൂർണ വിശ്വാസമുണ്ട്. ഞാനവിടേക്ക് പോവുകയാണ്. അവിടെ ഞാൻ എന്റെ നിരപരാധിത്തം തെളിയിക്കും.

*എനിക്കും

നിന്നെ ഞാൻ കണ്ണ് കൊണ്ട് കണ്ടതാ *

നുണ പരിശോധന അടക്കംമുള്ള ടെസ്റ്റ്കൾക്ക് തയ്യാറാണ്.

എനിക്ക് എന്റെ മൻസൂറിനെ കൊല്ലാൻ കഴിയില്ലെന്ന് . എല്ലാം റബ്ബിൽ തവക്കുലാക്കി മുന്നോട്ട് പോകുകയാണ്.

*റബ്ബിനെ പേടിയുണ്ടങ്കിൽ നീ എന്റെ അനിയനെ കൊലില്ലായിരുന്നു *

ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ആർക്കെങ്കിലും വിശ്വാസമുണ്ടെങ്കിൽ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് വസീയത്തോടെ നിർത്തുന്നു.

*പുല്ലൂക്കരയിൽ നിന്ന് ആരും നിനക്ക് ദുആ ചെയ്യില്ല കാരണം അവർക്ക് അറിയാം നീയാണ് എന്റെ അനിയനെ കൊന്നത് *

TAGS :

Next Story