Quantcast

സത്യപ്രതിജ്ഞക്ക് സമാനമായ മാനദണ്ഡം പാലിക്കാം: വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ

സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവും ഉള്ള ചിറയിൻകീഴ് ശാർക്കര ക്ഷേത്രം മൈതാനമാണ് വിവാഹത്തിന് വേദിയായി തെരഞ്ഞെടുത്തത്.

MediaOne Logo

Suhail

  • Published:

    22 May 2021 4:23 AM GMT

സത്യപ്രതിജ്ഞക്ക് സമാനമായ മാനദണ്ഡം പാലിക്കാം: വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ
X

കഴിഞ്ഞ ദിവസം ചിറയിൻകീഴ് പോലീസ് സ്റ്റേഷനില്‍ വിവാഹം നടത്തുന്നതിനായുള്ള ഒരു അപേക്ഷ കണ്ട് പൊലീസ് ഞെട്ടി. പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് സമാനമായ സ്റേറഡിയത്തേക്കാള്‍ വലിയ ക്ഷേത്ര മൈതാനത്തില്‍ വച്ച് 500 പേരെ പങ്കെടുപ്പിച്ചുള്ള ചടങ്ങിനാണ് അനുമതി തേടിയത്. അപേക്ഷ സ്വീകരിച്ച പൊലിസ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.

വരന്‍ യൂത്ത് കോൺഗ്രസ് നേതാവും ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ സജിത്ത്. വധു കല്ലമ്പലം സ്വദേശിനി ശ്രുതി. ജൂണ്‍ 15നാണ് കല്യാണം. ഈ വിവാഹത്തിന് അനുമതി തേടിയാണ് സജിത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. കോവിഡ് മാനദണ്ഡപ്രകാരം വിവാഹം നടത്താനുള്ള അപേക്ഷയിലെ ആവശ്യം കണ്ട പൊലീസുദ്യോഗസ്ഥര്‍ ആദ്യം ഒന്ന് അമ്പരന്നു. ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. കാര്യം മൊത്തതിലൊന്ന് നോക്കിയപ്പോള്‍ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങാണ് പ്രചോദനം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അതേപടി പാലിച്ചു വിവാഹ ചടങ്ങുകൾ നടത്താമെന്നാണ് സജിത്തിന്റെ നിലപാട്.

സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവും ഉള്ള ചിറയിൻകീഴ് ശാർക്കര ക്ഷേത്രം മൈതാനമാണ് വിവാഹത്തിന് വേദിയായി തെരഞ്ഞെടുത്തത്. വരുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാൻ തരത്തിലുള്ള പന്തൽ ക്ഷേത്ര മൈതാനത്ത് തയ്യാറാക്കാം എന്നും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഉള്ള അവകാശങ്ങൾ തനിക്കുമുണ്ടെന്നുമാണ് സജിത്തിന്റെ വാദം. അപേക്ഷ സ്വീകരിച്ച പോലീസ് എന്ത് നടപടിയെടുക്കണമെന്ന് അറിയാതെ പുലിവാലുപിടിച്ച അവസ്ഥയിലാണ്. ഉന്നതപോലീസ് അധികാരികളുമായി ബന്ധപ്പെട്ട ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പോലീസ് അധികൃതർ പറഞ്ഞു.

TAGS :

Next Story