ചാലിയാറിൽ തിരച്ചിൽ ഊര്‍ജിതം; സൂചിപ്പാറയിലേക്ക് തിരച്ചിലിന് പ്രത്യേക സംഘം
നേവിയുടെ ഹെലികോപ്റ്ററിൽ 12 പേരടങ്ങുന്ന സംഘത്തെ എത്തിച്ചാണ് സൺറൈസ് വാലിയിൽ തിരച്ചിൽ നടത്തുക
കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിൽ ഇന്നും തിരച്ചിൽ തുടരും. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. പൊലീസും ഫയർഫോഴ്സും തണ്ടർബോൾട്ടും ഉൾപ്പെടെ തിരച്ചിലിന്റെ ഭാഗമാകും. ഇന്നലെ വൈകീട്ട് 2 മൃതദേഹങ്ങൾ കൂടി ചാലിയാർ മേഖലയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ മേഖലയിൽ നിന്ന് മാത്രം 235 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൃതദേഹാവശിഷ്ടങ്ങളും ഉൾപ്പെടും. അതേസമയം ചാലിയാറിൽ ഇന്ന് നടക്കുന്നത് ഒരുപക്ഷെ അവസാനഘട്ട തിരച്ചിലായിരിക്കും.
മുണ്ടക്കൈ മേഖലയിൽ ഇന്ന് ആറ് സോണായി തിരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഇന്നത്തെ പ്രധാന ദൗത്യം സൺറൈസ് വാലിയിലെ തിരച്ചിലാണ്. പരിശീലനം ലഭിച്ച പ്രത്യേകസംഘത്തെ നേവിയുടെ ഹെലികോപ്റ്ററിൽ എത്തിച്ചാണ് സൺറൈസ് വാലിയിൽ തിരച്ചിൽ നടത്തുക. സൂചിപ്പാറയിലെ മൂന്നാമത്തെ വെള്ളച്ചാട്ടത്തിന് താഴെയായി വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് തിരച്ചിൽ നടത്തുക. ഇവിടെ മൃതദേഹങ്ങളുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു. കരസേന ഉദ്യോഗസ്ഥർ, പൊലീസിലെ എസ്ഒജി ടീം,ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 12 അംഗസംഘമാണ് തിരച്ചിലിനുണ്ടാവുക. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിന് എത്തിച്ചേരാനായില്ല.
വെള്ളം കുതിച്ചെത്തുന്ന വനമേഖലയായതിനാൽ തന്നെ പ്രദേശത്തെ തിരച്ചിൽ വളരെ ദുഷ്‌കരമാണ്. മൃതദേഹം കണ്ടെത്തിയാൽ എയർ ലിഫ്റ്റ് ചെയ്യും. ഇന്നത്തെ രക്ഷാപ്രവർത്തനം വിജയിച്ചാൽ ആവശ്യമെങ്കിൽ നാളെയും തുടരുമെന്ന് ഐജി സേതുരാമൻ പറഞ്ഞു. പ്രദേശത്ത് വിശദമായ പരിശോധന നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയും തിരച്ചിലും അതിന്‍റെ അവസാന ഘട്ടത്തിലെന്ന് എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു.
Adjust Story Font
16