പാതയോരത്ത് കൊടി തോരണങ്ങൾക്ക് നിയന്ത്രണം: ഉത്തരവു നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി തേടണമെന്ന് സർക്കാർ
ഉത്തരവു നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ടതില്ലെന്ന് ഹൈക്കോടതി
എറണാകുളം: പാതയോരത്ത് കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണമേർപെടുത്തി സർക്കുലർ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സർക്കാർ. ഇതിനു രണ്ടു മാസം സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാകില്ലെന്നും ജൂലായ് ഏഴിനകം ഉത്തരവു നടപ്പാക്കണമെന്നും കോടതി കർശന നിർദേശം നൽകി.
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നറിയിപ്പ്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ റോഡുകളിലും വഴികളിലും കൊടിമരങ്ങൾ, ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാൻ അനുമതി നൽകരുതെന്ന് വ്യക്തമാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അഡി. ചീഫ് സെക്രട്ടറി സർക്കുലർ നൽകി. ഇതിന്റെ പകർപ്പും ഹൈക്കോടതിയിൽ ഹാജരാക്കി.
എന്നാൽ പാതയോരങ്ങളിലും ട്രാഫിക് ഐലൻഡുകളിലും ട്രാഫിക് മീഡിയനുകളിലും ഇവ സ്ഥാപിക്കരുതെന്ന കാര്യം സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ലെന്ന് നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കൂടി ഉൾപ്പെടുത്തി പുതിയ സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനു മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നാണ് സർക്കാർ അറിയിച്ചത്. സെക്രട്ടറി തലത്തിൽ ചെയ്യേണ്ട കാര്യമാണിത്. ഇതിനു മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ടതില്ലന്നും ഹൈക്കോടതി ചൂണ്ടി കാട്ടി.
Adjust Story Font
16