റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീലിന്
റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെവിട്ടത് വലിയ തിരിച്ചടിയായ പശ്ചാത്തലത്തിൽ അപ്പീൽ നടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം.
കാസർകോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. തുടർ നിയമനടപടികൾക്ക് അഡ്വക്കേറ്റ് ജനറലിലെ ചുമതലപ്പെടുത്തി. ലഭ്യമായ തെളിവുകൾ പരിഗണിക്കാത്ത വിധിയാണെന്ന് വിമർശിച്ച് പ്രോസിക്യൂട്ടർ ഷാജിത്ത് രംഗത്തെത്തി.
റിയാസ് മൗലവി കൊലക്കേസിൽ ആർ.എസ്.എസുകാരായ മൂന്നു പ്രതികളെ വെറുതെവിട്ട കാസർകോട് പ്രിന്സിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ വേഗത്തിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. തുടർ നടപടികൾക്ക് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഇന്നലത്തെ വിധി സർക്കാരിന് വലിയ തിരിച്ചടിയായ സാഹചര്യത്തിലാണ് അപ്പീലിനുള്ള നടപടി വേഗത്തിലാക്കുന്നത്. ഇതിനിടെ പ്രതിയുടെ മുണ്ടിലെ രക്തക്കറ റിയാസ് മൗലവിയുടേതാണെന്ന ഡി.എൻ.എ പരിശോധാനാ ഫലം ഉൾപ്പെടെ തള്ളിക്കളഞ്ഞ ജഡ്ജിയുടെ നടപടിയെ പ്രോസിക്യൂട്ടർ രൂക്ഷമായി വിമർശിച്ചു.
ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളുടെ മുസ്ലിം വിരോധം കാരണം റിയാസ് മൗലവിയെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാൽ ഇതു രണ്ടും തെളിയിക്കാനാവശ്യമാണ് വസ്തുതകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് വിധിന്യായത്തിൽ പറയുന്നത്. സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് തുടക്കമുതൽ പൊലീസ് സ്വീകരിച്ച നിലപാടും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
2017 മാർച്ച് 20ന് പുലർച്ചെയാണ് കാസർകോട് പഴയ ചൂരി പള്ളിയിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവി അക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെടുന്നത്.
Adjust Story Font
16