സംസ്ഥാനത്ത് നാല് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ഏഴ് മരണം
പത്തനംതിട്ട അടൂരിലെ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരാണ്
കോഴിക്കോട്: സംസ്ഥാനത്ത് നാല് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ഏഴ് മരണം. പത്തനംതിട്ട അടൂരിലെ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരാണ്. പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് മറ്റ് അപകടങ്ങൾ.
പുലർച്ചെ ആറരയോടെ അടൂരിലെ ഏനാത്ത് പുതുശ്ശേരി ഭാഗത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം മടവൂർ സ്വദേശികളായ രാജശേഖരൻ ഭട്ടതിരി, ഭാര്യ ശോഭ , മകൻ നിഖിൽ രാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ചടയമംഗലം സ്വദേശികളായ അനസ് , അജാസ് , ജിതിൻ , അഹമ്മദ് എന്നിവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട് കല്ലടിക്കോട് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ പയ്യനെടം സ്വദേശി രാജീവ് കുമാർ, മണ്ണാർക്കാട് സ്വദേശി ജോസ് എന്നിവരാണ് മരിച്ചത്. എറണാകുളം ആലുവയിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചൂർണിക്കര പള്ളിക്കുന്ന് പോള പറമ്പിൽ അലനാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും ചരക്ക് വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോട്ടയം ഇരാറ്റുപേട്ടയിലെ വാഹനാപകടത്തിലും ഒരാൾ മരിച്ചു. ഇടമറുക് സ്വദേശി റിൻസാണ് മരിച്ചത്.
Adjust Story Font
16