55 ലക്ഷം രൂപയുമായി സ്വർണക്കവർച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍
ലോക്ഡൌൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പൊലീസ് പിടിയിലാകുന്നത്
55 ലക്ഷം രൂപയുമായി കണ്ണൂർ സ്വദേശി കൊച്ചി പൊലീസിന്‍റെ പിടിയിൽ. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി റാഷിദാണ് വാഹന പരിശോധനക്കിടെ പിടിയിലായത്. സ്വർണക്കവർച്ച കേസിൽ മംഗലാപുരത്ത് കർണാടക പൊലീസ് തിരയുന്ന പ്രതിയാണ് റാഷിദ്.
ലോക്ഡൌൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ, എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് റാഷിദ് പിടിയിലാകുന്നത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി റാഷിദും സഹായി എറണാകുളം കാലടി സ്വദേശി നിസാമും ആണ് പൊലീസ് പിടിയിലായത്. മംഗലാപുരം പൊലീസ് തിരയുന്ന സ്വർണക്കവർച്ച കേസിലെ പ്രതിയാണ് റാഷിദ്. പരിശോധനക്കിടെ 55 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. കവർച്ച ചെയ്ത ഒന്നരകിലോ സ്വർണം വിറ്റുകിട്ടിയ പണമാണ് കൈയ്യിലുണ്ടായിരുന്നതെന്ന് പോലീസിന് വ്യക്തമായി. പല തരത്തിലുള്ള സത്യവാങ്മൂലം വാഹനപരിശോധനയ്ക്കിടെ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
Adjust Story Font
16