Quantcast

12 മണിക്കൂർ പിന്നിട്ടു, ജോയിക്കായി തെരച്ചിൽ ഊർജിതം, എൻഡിആർഎഫ് സംഘമെത്തും

തോട്ടിലുള്ള വലിയ മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി

MediaOne Logo

Web Desk

  • Published:

    13 July 2024 6:33 PM GMT

Robots deployed for rescue operation in Amayizhanchan
X

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. പത്ത് മണിക്കൂർ പിന്നിട്ട തെരച്ചിലിന് നിലവിൽ റോബോട്ടിക് സംവിധാനവുമുണ്ട്. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിന് ഇന്ന് രാത്രി എത്തും.

ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യാനും പരിശോധന നടത്താനുമാണ് നിലവിലെ ശ്രമം. ജോയിയെ കാണാതായ ഭാഗത്ത് നിന്ന് ഒരു മെഷീനും തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിൽ നിന്ന് മറ്റൊരു ഒരു മെഷീനും ഇറക്കിയാണ് പരിശോധന നടത്തുക. രാത്രി വൈകിയും തെരച്ചിൽ തുടരുമെന്നാണ് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയാണ് നഗരസഭയിലെ താല്ക്കാലിക തൊഴിലാളിയായ ജോയിയെ തോട്ടിൽ കാണാതായത്. മഴയെത്തുടർന്നുണ്ടായ വലിയ ഒഴുക്കിൽ ജോയി തോട്ടിൽ മറയുകയായിരുന്നു.

തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന തോടാണ് ആമയിഴഞ്ചൻ. ഇതിന്റെ മിക്ക ഭാഗങ്ങളും റെയിൽവേ സ്‌റ്റേഷൻ പോലുള്ള കെട്ടിടങ്ങളുടെ അടിയിലാണ്. തോട്ടിലുള്ള വലിയ മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. ഇപ്പോഴും മാലിന്യം നീക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്‌കൂബ ഡൈവിംഗ് ടീം അടക്കം രക്ഷാപ്രവർത്തനത്തിനുണ്ടെങ്കിലും അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യക്കൂമ്പാരം സൃഷ്ടിക്കുന്ന തടസ്സം ചില്ലറയല്ല. രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടേറിയത് കൊണ്ടു തന്നെ യാണ് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയത്.

മൂന്നാം പ്ലാറ്റ്‌ഫോമിലേത് പോലെ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും റോബോട്ടിക് യന്ത്രം കൊണ്ടുവന്ന് മാലിന്യം നീക്കാനുള്ള ശ്രമങ്ങളും ആലോചനയിലുണ്ട്.

TAGS :

Next Story