ഇനി ഫ്രീയല്ല; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ !
ബിപിഎൽ വിഭാഗങ്ങൾക്ക് ടിക്കറ്റ് സൗജന്യമായിരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാൻ തീരുമാനം. സൗജന്യമായി നൽകിയിരുന്ന ടിക്കറ്റിനാണ് ഇനി മുതൽ 10 രൂപ നൽകേണ്ടത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎൽ വിഭാഗക്കാർക്ക് ടിക്കറ്റ് സൗജന്യമായിരിക്കും.
കഴിഞ്ഞ 75 വർഷമായി ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ സൗജന്യമായാണ് മെഡിക്കൽ കോളജിൽ ടിക്കറ്റ് നൽകുന്നത്. ആശുപത്രി വികസനത്തിന് പണം തികയാതെ വന്നതോടെ ഒപി ടിക്കറ്റിന് വിലയിടുകയായിരുന്നുവെന്നാണ് വിവരം. ഇന്നായിരുന്നു വികസന സമിതിയുടെ യോഗം. യോഗത്തിന് മുമ്പ് ടിക്കറ്റിന് 20 രൂപയാക്കി ഉയർത്താനായിരുന്നു തീരുമാനമെങ്കിലും യോഗത്തിൽ ഇത് 10 രൂപയാക്കി.
തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ വ്യക്തതയില്ല. എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ പ്രതിപക്ഷം തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളിലും വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത.
Adjust Story Font
16