ഓണക്കോടിക്കൊപ്പം പണം നല്‍കിയെന്ന ആരോപണം; തൃക്കാക്കരയില്‍ യു.ഡി.എഫ് ഭരണസമിതി പ്രതിസന്ധിയില്‍
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷം.
തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തെന്ന ആരോപണം യു.ഡി.എഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തെരുവനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചെയര്‍പേഴ്സണെതിരെ പുതിയ ആരോപണമുയര്‍ന്നിരിക്കുന്നത്. ഭരണസമിതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനുളള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.
അഴിമതിനടത്തിയതിലൂടെ ലഭിച്ച തുകയില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചെയര്‍പേഴ്സന്റെ മുറിയില്‍ വെച്ചാണ് ഓണക്കോടിക്കൊപ്പം പണമടങ്ങിയ കവര്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.
കവറില്‍ പണമാണെന്ന് മനസിലായതോടെ കവര്‍ തിരികെ ഏല്‍പ്പിച്ചെന്നും ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തറിയിച്ചെന്നും പ്രതിപക്ഷം പറയുമ്പോള്‍ ആരോപണം അപ്പാടെ നിഷേധിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. കവറിനകത്തെ പണം കാണിക്കാതെ വെറുതെ ആരോപണം ഉന്നയിക്കരുതെന്ന ചെയര്‍പേഴ്സന്‍റെ പ്രതികരണം വന്ന ഉടനെയാണ് യു.ഡി.എഫിനെ വെട്ടിലാക്കി ഭരണപക്ഷ കൗണ്‍സിലറുടെ രംഗപ്രവേശനം.
പണം നല്‍കി എന്ന ആരോപണത്തെ ശരിവെച്ച് ഭരണപക്ഷ കൗണ്‍സിലര്‍ വി.ഡി സുരേഷാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യുഡിഎഫ്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷം.
Adjust Story Font
16