സ്വകാര്യ ബസിന്റെ വഴിമുടക്കിയ കാർ യാത്രികന് 25,000 രൂപ പിഴ
കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
കൊച്ചി: സ്വാകാര്യ ബസിന്റെ വഴിമുടക്കിയ കാർ യാത്രികന് എറണാകുളം ആർ.ടി.ഒ 25,000 രൂപ പിഴ ചുമത്തി. ബസ് അപകടത്തിൽപെടുകയും കാർ യാത്രക്കാർ ബസ് ഡ്രൈവറെ മർദിക്കുകയും ചെയ്തിരുന്നു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കാർ യാത്രക്കാരന് പിഴ ചുമത്തിയത്.
കാക്കനാട് - എറണാകുളം റൂട്ടിൽ വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. കാക്കനാട്ടുനിന്ന് എറണാകുളത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസിന് മുമ്പിൽ കലൂർ സ്റ്റേഡിയം മുതലാണ് മാർഗതടസ്സവുമായി കാർ യാത്രക്കാരനെത്തുന്നത്. ബസിനു കടന്നുപോകാന്‍ വഴി കൊടുക്കാതെ വേഗം കുറച്ച് ഓടിക്കുകയായിരുന്നു.
എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കലൂർ, മണപ്പാട്ടി പറമ്പ് സിഗ്നലുകളിൽ ബസിനെ തടഞ്ഞിടാനും കാർ യാത്രക്കാർ ശ്രമിച്ചു. ലിസി ജങ്ഷനിൽ കാറിനെ മറികടന്നുപോയ ബസിനെ പിന്തുടർന്ന് വലതുവശം ചേർന്നു തെറ്റായ ദിശയിൽ കാർ എത്തുന്നത് കണ്ട് ഭയന്ന ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ തൊട്ടുമുമ്പിലെ മറ്റൊരു കാറിൽ ബസിടിച്ചു.
തുടർന്ന് പിന്നാലെയെത്തിയ റിനോയ് സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബസ് ഡ്രൈവർ പി.എ. നവാസിനെ മർദിക്കുകയായിരുന്നു. സംഭവത്തിനിടെ ഇതുവഴി വന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് വിഷയത്തിൽ ഇടപെട്ടു. രണ്ടു വാഹനങ്ങളും പരിശോധിച്ച് എറണാകുളം ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കാർ യാത്രക്കാരന് പിഴ ചുമത്തുകയായിരുന്നു.
കാറിൽ നിയമ വിരുദ്ധമായി ഘടിപ്പിച്ച പത്തോളം ലൈറ്റുകളും സൺ ഗ്ലാസുകളും കണ്ടത്തി. നമ്പർ പ്ലേറ്റ്, ബംബർ എന്നിവ നിയമവിരുദ്ധമായ രീതിയിലായിരുന്നു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും വാഹനത്തിൽ നിയമവിരുദ്ധമായി അനധികൃത ലൈറ്റുകളും മറ്റും ഘടിപ്പിച്ചതിനും കാറിന് 25,000 രൂപ പിഴ ഈടാക്കാനും വാഹനത്തിൻ്റെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കാനും ആർ.ടി.ഒ കെ.മനോജ് നിർദേശിച്ചു. പൊതുനിരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ മുന്നറിയിപ്പ് നൽകി.
Adjust Story Font
16