'സൺ ഇന്ത്യ'; ക്രൈസ്തവ സമൂഹത്തോട് അടുക്കാൻ പുതിയ സംഘടന രൂപീകരിച്ച് ആര്‍.എസ്.എസ്
ആദ്യപരിപാടിയായ ലഹരിവിരുദ്ധ കാമ്പയിൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
കൊച്ചി: ക്രൈസ്തവ സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് ഒരു കൂട്ടായ്മക്ക് കൂടി സംഘപരിവാർ രൂപം നൽകി. 'സൺ ഇന്ത്യ' എന്ന് പേരിട്ട സംഘടന ആദ്യം ഏറ്റെടുത്തത് ലഹരിവിരുദ്ധ കാമ്പയിനാണ്. കൊച്ചിയിൽ നടന്ന പരിപാടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
കലൂരിലെ റിന്യൂവൽ സെന്ററിൽ സൺ ഇന്ത്യയുടെ പേരിൽ നടന്ന പരിപാടി പൂർണമായും ആർഎസ്എസ് നിയന്ത്രണത്തിലായിരുന്നു. ആർഎസ് എസ് നേതാവായ സി.ജി കമല കാന്തനാണ് ആമുഖ പ്രസംഗം നടത്തിയത്. ക്രൈസ്തവ സമൂഹത്തിൽ നിന്നുള്ള പ്രമുഖരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. പ്രസിഡണ്ട് കേണൽ എസ് ഡിന്നിയും ജനറൽ സെക്രട്ടറി ഡോ. ജോജി എബ്രഹാമുമാണ്. ഇതിന് പുറമെ ഭാരവാഹികളിൽ ബിജെപി നേതാക്കളും ആർഎസ്എസ് സഹയാത്രികരുമെല്ലാമുണ്ട്.
ആദ്യ ദൗത്യമായി സംഘടന ഏറ്റെടുത്ത ലഹരി വിരുദ്ധ കാംപയിന്റെ ഉദ്ഘാടനം ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നിർവഹിച്ചു. ആർഎസ് എസ് നേതാവും ഹിന്ദു ഐക്യവേദി അധ്യക്ഷനുമായ വത്സൻ തില്ലങ്കേരി സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്നു. സംഘടന സ്വതന്ത്രമാണെന്ന് ഭാരവാഹികൾ ആവർത്തിച്ച് അവകാശപ്പെട്ടെങ്കിലും ആർഎസ്എസ് - ബിജെപി പ്രവർത്തകരായിരുന്നു പങ്കെടുത്തവരിൽ ഭൂരിഭാഗവും. സൺ ഇന്ത്യയുടെ പേരിൽ ജില്ലാ തലങ്ങളിലും സമാന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കും. തീവ്രനിലപാടുള്ള കാസയുമായി ക്രൈസ്തവ സഭയുടെ മുഖ്യധാര പഴയ അടുപ്പം കാണിക്കുന്നില്ല. ഇതാണ് പൊതുസമ്മതിയുള്ള അജണ്ടയുമായി പുതിയ കൂട്ടായ്മയുണ്ടാക്കാൻ ആര് എസ് എസ്സിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
Adjust Story Font
16