കാലിക്കറ്റിൽ ആർ.എസ്.എസ്സിന് പങ്കാളിത്തമുള്ള ആദ്യ സിൻഡിക്കേറ്റ്; സി.പി.എം സംഘ്പരിവാറിന് പരവതാനി വിരിക്കുന്നു-എം.എസ്.എഫ്
'ആരിഫ് മുഹമ്മദ് ഖാൻ എന്ന സംഘ്പരിവാറുകാരനിൽനിന്ന് എന്ത് അമൃത് ലഭിക്കുമെന്ന് കരുതിയാണ് സി.പി.എം കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ടുപോയത്?'
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സി.പി.എം സംഘ്പരിവാറിന് പരവതാനി വിരിക്കുകയാണെന്ന് എം.എസ്.എഫ്. സി.എച്ചിന്റെ സർവകലാശാലയിൽ ഏതു കൂട്ടുകച്ചവടത്തിനായാലും ആർ.എസ്.എസ്സുകാരനെ കയറ്റാൻ തങ്ങൾ അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് വ്യക്തമാക്കി.
സിൻഡിക്കേറ്റിന്റെ കാലാവധി മാർച്ച് അഞ്ചിനു കഴിയുന്നതിനു മുൻപ് തെരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല ഇടതു ഭരണകൂടത്തിനാണെന്ന് പി.കെ നവാസ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇനിയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിക്കാതെ നിയമസഭയിൽ ഓർഡിനൻസ് കൊണ്ടുവന്ന് സിൻഡിക്കേറ്റ് പൂർണമായും ചുകപ്പണിയിക്കാനാണ് സി.പി.എം നീക്കം. എന്നാൽ, സി.പി.എമ്മിന്റെ അധികാരമോഹം എത്തിനിൽക്കുന്നത്, ആദ്യമായി ആർ.എസ്.എസ്സിന് പങ്കാളിത്തമുള്ള സിൻഡിക്കേറ്റ് ഭരണത്തിലേക്കാണെന്നും അദ്ദേഹം വിമർശിച്ചു.
സംഘ്പരിവാർ അടുക്കളയായി മാറിയ ഗവർണറുടെ രാജ്ഭവനിലേക്ക് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് എത്തിക്കാതിരിക്കാനുള്ള സാമാന്യയുക്തി സി.പി.എം കാണിക്കണമായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ എന്ന സംഘ്പരിവാറുകാരനിൽനിന്ന് എന്ത് അമൃത് ലഭിക്കുമെന്ന് കരുതിയാണ് കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ടുപോയതെന്നും നവാസ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
പി.കെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
കാലിക്കറ്റ് സർവകലാശാലയിൽ സി.പി.എം സംഘ്പരിവാറിന് പരവതാനി വിരിക്കുന്നു.
നിലവിൽ സിൻഡിക്കേറ്റിന്റെ കാലാവധി മാർച്ച് അഞ്ചിനു കഴിയുമെന്ന നിലക്ക് ഇലക്ഷൻ നടത്താനുള്ള കാര്യങ്ങൾ നടത്തേണ്ടത് ഇടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഇതുവരെ ഇലക്ഷൻ പ്രവർത്തനങ്ങൾ ആരംഭിക്കാതെ നിയമസഭയിൽ ഓർഡിനൻസ് കൊണ്ടുവന്ന് കാലിക്കറ്റ് സിൻഡിക്കേറ്റ് പൂർണമായും ചുകപ്പണിയിക്കാമെന്ന സി.പി.എമ്മിന്റെ അധികാരമോഹം എത്തിനിൽക്കുന്നത്, ആദ്യമായി ആർ.എസ്.എസ്സിന് പങ്കാളിത്തമുള്ള സിൻഡിക്കേറ്റ് ഭരണത്തിലേക്കാണ്.
ഇടത് സർക്കാരിന്റെ ഓർഡിനൻസിനെ ഗവർണർ എതിർത്തതോടെ ഇനി മാർച്ച് ആറിന് ഗവർണറുടെ തീരുമാനം നിർണായകമാണ്. സംഘ്പരിവാർ അടുക്കളയായി മാറിയ ഗവർണറുടെ രാജ്ഭവനിലേക്ക് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് എത്തിക്കാതിരിക്കാനുള്ള സാമാന്യയുക്തി സി.പി.എം കാണിക്കണമായിരുന്നു.
ആരിഫ് മുഹമ്മദ് ഖാൻ എന്ന സംഘ്പരിവാറുകാരനിൽനിന്ന് എന്ത് അമൃത് ലഭിക്കുമെന്ന് കരുതിയാണ് കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ടുപോയത്. സമയബന്ധിതമായി ജനാധിപത്യ രീതിയിൽ ഇലക്ഷൻ നടത്തിയാൽ യു.ഡി.എഫ് അംഗങ്ങൾ കൂടി സിൻഡിക്കേറ്റിൽ ഉണ്ടാകുമെന്നത് തങ്ങളുടെ തട്ടിപ്പുകളും പിൻവാതിൽ നിയമനങ്ങളും സാധ്യമാകില്ല എന്നതിനാൽ ആർ.എസ്.എസ്സുകാർ വന്നാലും കുഴപ്പമില്ല എന്ന കുബുദ്ധിക്കാണ് സി.പി.എം ശ്രമിക്കുന്നത്.
സി.പി.എം-ആർ.എസ്.എസ് കൂട്ടായ്മയിലൂടെ സർവകലാശാല കട്ടുമുടിക്കാമെന്നും പരസ്പരം ഓഹരിവച്ച് വീതിച്ചെടുക്കാമെന്നും കരുതുന്നെങ്കിൽ ഒരു കാര്യം ഉറപ്പിച്ചുപറയാം. സി.എച്ചിന്റെ സർവകലാശാലയിൽ ഏതു കൂട്ടുകച്ചവടത്തിനായാലും ആർ.എസ്.എസ്സുകാരനെ കയറ്റാൻ ഞങ്ങൾ അനുവദിക്കില്ല. സെനറ്റ് ഇലക്ഷൻ പ്രവർത്തനങ്ങൾ ഒരു ദിവസം നേരത്തെയെങ്കിലും നടത്തി സംഘ്പരിവാർ പ്രതിരോധം തീർക്കാൻ ആർ.എസ്.എസ് പ്രതിരോധ ജാഥ നടത്തുന്ന ഗോവിന്ദന്മാഷുടെ പാർട്ടി തയാറാവണം.
Summary: 'CPM spreads out carpet for RSS in University of Calicut', Says MSF State President PK Navas
Adjust Story Font
16