'ഗാന്ധി വധത്തിൽ പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ്'-സ്പീക്കർ ഷംസീറിനെ തള്ളി മന്ത്രി എം.ബി രാജേഷ്
ആർഎസ്എസ് നിരോധനമുള്ള സംഘടനയല്ല എന്നു പറഞ്ഞായിരുന്നു എഡിജിപി എം.ആർ അജിത് കുമാറിന്റെ വിവാദ കൂടിക്കാഴ്ചയെ സ്പീക്കർ എ.എൻ ഷംസീർ ന്യായീകരിച്ചത്
തൃശൂർ: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്പീക്കർ എ.എൻ ഷംസീറിനെ തള്ളി മന്ത്രി എം.ബി രാജേഷ്. മഹാത്മാ ഗാന്ധി വധത്തിൽ സര്‍ദാര്‍ പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ്സെന്ന് അദ്ദേഹം പറഞ്ഞു. ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്ന് എ.എൻ ഷംസീർ പ്രതികരിച്ചിരുന്നു. ആർഎസ്എസ് നിരോധനമുള്ള സംഘടനയല്ല എന്നു പറഞ്ഞായിരുന്നു സ്പീക്കർ ന്യായീകരിച്ചത്. എന്നാൽ, ഇതു തള്ളിയായിരുന്നു മന്ത്രി രാജേഷിന്റെ പ്രതികരണം.
ആർഎസ്എസ്സിനെ കുറിച്ച് ഞങ്ങൾക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തിൽ അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭ്ഭായ് പട്ടേൽ നിരോധിച്ച സംഘടനയാണത്. 1948 ഫെബ്രുവരി പട്ടേൽ പുറപ്പെടുവിച്ച ഉത്തരവ് വായിച്ചാൽ അക്കാര്യം വ്യക്തമാകുമെന്നും രാജേഷ് പറഞ്ഞു.
അദാലത്തിനു വരുമ്പോൾ അതേപ്പറ്റി ചോദിക്കണമെന്ന് ഞാൻ പറയില്ല. നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം. പക്ഷേ, ജനങ്ങൾ അറിയേണ്ട കാര്യങ്ങളിൽ മാത്രമേ മറുപടി പറയൂവെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.
ആർഎസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണെന്നാണ് നേരത്തെ സ്പീക്കർ ഷംസീർ പറഞ്ഞത്. ഒരു ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിനെ തെറ്റുപറയാനാവില്ല. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോൺ ചോർത്തിയെന്ന പി.വി അൻവറിന്റെ ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.
Summary: 'RSS is the organization banned by Sardar Vallabhbhai Patel in Gandhi's assassination'-Minister MB Rajesh rejects Speaker AN Shamseer's claim
Adjust Story Font
16