Quantcast

'ഇത്രയും സാധുവായ ഒരു മനുഷ്യനായി പോയല്ലോ ? ; നവീന്‍ ബാബുവിനെക്കുറിച്ച് റിട്ട.ഡിവൈഎസ്‍പി സി.എ റഹീം

താങ്കളുടെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കടന്നുവരുമ്പോൾ തന്നെ താങ്കൾ മനസ്സിലാക്കേണ്ടിയിരുന്നു താങ്കളോട് എന്തോ 'പുന്നരിക്കാൻ' വരുന്നതാണെന്ന്

MediaOne Logo

Web Desk

  • Published:

    22 Oct 2024 7:19 AM GMT

adm naveen babu
X

കണ്ണൂര്‍: അന്തരിച്ച എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് റിട്ടയേഡ് ഡിവൈഎസ്‍പി സി.എ റഹീം. ഇത്രയും കാലം കണ്ണൂർ ജില്ലയിൽ ജോലി ചെയ്തിട്ടും കണ്ണൂർ ജില്ലയിലെ നേതാക്കളുടെ സ്വഭാവത്തെക്കുറിച്ചോ അവരുടെ ധാർഷ്ട്യത്തെക്കുറിച്ചോ താങ്കൾക്ക് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് താങ്കൾ അച്ചടക്ക ബോധമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു എന്നതിന് തെളിവായിട്ടാണ് താൻ കാണുന്നതെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

സി.എ റഹീമിന്‍റെ കുറിപ്പ്

പ്രിയമുള്ള നവീൻ ബാബു സാർ താങ്കൾ ഇത്രയും സാധുവായ ഒരു മനുഷ്യനായി പോയല്ലോ ? താങ്കളുടെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കടന്നുവരുമ്പോൾ തന്നെ താങ്കൾ മനസ്സിലാക്കേണ്ടിയിരുന്നു താങ്കളോട് എന്തോ " പുന്നരിക്കാൻ " വരുന്നതാണെന്ന്. ഇതിന് താങ്കളെ അശക്തനാക്കിയത് താങ്കൾ ഒരു നിഷ്കളങ്കനും കറ കളഞ്ഞ ഓഫീസർ ആയതുമാണ് എന്നാണ് എനിക്ക് തോന്നിയത്.

ഇത്രയും കാലം കണ്ണൂർ ജില്ലയിൽ ജോലി ചെയ്തിട്ടും കണ്ണൂർ ജില്ലയിലെ നേതാക്കളുടെ സ്വഭാവത്തെക്കുറിച്ചോ അവരുടെ ധാർഷ്ട്യത്തെക്കുറിച്ചോ താങ്കൾക്ക് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് താങ്കൾ അച്ചടക്ക ബോധമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു എന്നതിന് തെളിവായിട്ടാണ് ഞാൻ കാണുന്നത്.

ധാർഷ്ട്യവും അഹങ്കാരവും എന്നത് കണ്ണൂർ ജില്ലയിലെ മിക്കവാറും എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഒരു അലങ്കാരമാണ്. പാർട്ടി ഭേദമെന്യേ പലരിൽ നിന്നും ധാർഷ്ട്യത്തിന്റെയും അഹന്തയുടെയും തെറിയഭിഷേകങ്ങൾ കേട്ട് തഴമ്പിച്ചവരാണ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ എന്നത് പത്തു വർഷത്തിലധികം കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എസ് ഐയും , സി ഐ ആയും ജോലി ചെയ്തതിന്‍റെെ വെളിച്ചത്തിൽ നിസ്സംശയം എനിക്ക് പറയാൻ കഴിയും.

ഒരു പൊലീസ് സ്റ്റേഷൻ മാർച്ചിനെ അഭിസംബോധനം ചെയ്തു സംസാരിക്കവേ പോലീസ് സ്റ്റേഷനകത്തു വച്ച് ബോംബ് ഉണ്ടാക്കും എന്ന് ധാർഷ്ട്യത്തോടെ ഉച്ചൈസ്തരം പ്രഖ്യാപിച്ച നേതാവ് ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. തങ്ങൾക്കെതിരായി കേസന്വേഷണം നടത്തുന്ന പൊലീസുകാർക്കെതിരെ തെറിവിളിയും കൊലവിളിയും നിർലോഭം അഴിച്ചുവിടുന്ന നേതാക്കളുടെ നാടാണ് നമ്മുടേത്. തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലൂടെ കേസ് അന്വേഷണം നടത്താതെ, തങ്ങൾ നൽകിയ ലിസ്റ്റിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടുമുറ്റത്ത് റീത്തുവച്ച രാഷ്ട്രീയ പ്രവർത്തകരുള്ള നാടാണ് നമ്മുടേത്.

കുറച്ചു വർഷങ്ങൾക്കു മുമ്പ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം വി ജയരാജൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മലവെള്ളപ്പാച്ചിൽ കണക്ക് പ്രവർത്തകരോടൊപ്പം ഗേറ്റ് തള്ളി മാറ്റി കയറുന്നതിനിടയിൽ പോലീസുകാരോട് ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും കൊച്ചു വർത്തമാനങ്ങൾ പറയുന്ന വീഡിയോ ഇന്നും യൂട്യൂബുകളിൽ സാറിന് തിരഞ്ഞാൽ കിട്ടുമായിരുന്നു.

ഇതേ നേതാവ് തന്നെയായിരുന്നല്ലോ ഷുക്കൂർ കേസിലെ പ്രതികളിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ അസഭ്യവർഷവും പൂരപ്പാട്ടും നടത്തിയത്. ബഹുമാനപ്പെട്ട കോടതികൾക്കെതിരെയും ഭരണിപ്പാട്ട് പാടിയതും ഇതേ നേതാവ് തന്നെയാണല്ലോ. നവീൻ കുമാർ സാറേ താങ്കൾ ഇതൊന്നും കണ്ടിരുന്നില്ലേ. ഇതൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ താങ്കൾ ജീവിതം ഇവിടെ അവസാനിപ്പിക്കില്ലായിരുന്നു. താങ്കൾക്കും അതൊരു ശീലം ആകുമായിരുന്നു. ഇനി കോൺഗ്രസ് നേതാക്കളെ പരിശോധിച്ചാലോ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് ഗുണ്ടാത്തലവൻ്റെ ഹുങ്കോടെ കയറി ചെല്ലുന്ന പഴയ ഡിസിസി പ്രസിഡന്‍റിന്‍റെ കിന്നര വർത്തമാനവും യൂട്യൂബിൽ നിന്നും മാഞ്ഞുപോയിട്ടില്ല.

ഇതൊക്കെയും അവർ നടത്തുന്നത് മീഡിയേക്കും ക്യാമറകൾക്കും മുമ്പിലുള്ള കൊച്ചു വർത്തമാനങ്ങളാണെങ്കിൽ അവർ പോലീസ് ഓഫീസർമാരുടെ ഫോണിലൂടെയും മറ്റും വിളിച്ച് ഭീഷണിപ്പെടുത്തുകയും തെറി പറയുകയും ചെയ്യുന്ന വാക്കുകളുടെ ഊക്ക് എത്രത്തോളമായിരിക്കുമെന്ന് വെറുതെ ഒന്ന് ആലോചിച്ചാൽ മതി. മേൽപ്പറഞ്ഞ രണ്ട് ജില്ലാ നേതാക്കളുടെയും ഇക്കിളി വർത്തമാനങ്ങൾ കെട്ട് കർണ്ണപുടങ്ങൾ ഇക്കിളിപ്പെടാത്ത ഓഫീസർമാർ കണ്ണൂർ ജില്ലയിൽ വിരളമായിരിക്കും എന്നാണ് എന്‍റെ ഒരിത് .

പൊലീസിൽ ജോലിയിൽ പ്രവേശിച്ചതിനു ശേഷം ആദ്യമായി കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഉളിക്കൽ പോലീസ് സ്റ്റേഷനിൽ എസ്ഐ ആയി ചാർജ് എടുത്ത സമയത്ത് മേൽ സൂചിപ്പിച്ച രണ്ട് പാർട്ടികളുടെയും രണ്ട് നേതാക്കളുടെയും " താരാട്ട് പാട്ട് " കേൾക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. അല്ലറ ചില്ലറ കൊടികളുടെയും പോസ്റ്ററുകളുടെയും പേരിൽ അണികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ഫോണിലൂടെ അവർ നടത്തിയിരുന്ന തെറിപ്പാട്ടുകളുടെ അകമ്പടി ഇല്ലാതിരുന്നെങ്കിൽ ഞങ്ങൾക്ക് ആ ദിവസങ്ങളിൽ ഉറങ്ങാൻ കഴിയുമായിരുന്നില്ല.

കൊടി തോരണങ്ങളുടെ പേരിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന ഉളിക്കൽ സ്റ്റേഷൻ പരിധിയിലെ മുണ്ടാനൂർ കോളനിയിൽ എല്ലാ പാർട്ടിക്കാരുടെയും കൊടി തോരണങ്ങൾക്ക് നിരോധപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഈ രണ്ടു നേതാക്കളും ഖണ്ഡശ്ശ ഖണ്ഡശ്ശ തെറിപ്പാട്ടുകൾ ഓരോ ടീസ്പൂൺ വീതം മൂന്നുനേരവും എൻ്റെ കർമ്മപഥങ്ങളിൽ ഒഴിച്ചുകൊണ്ടിരുന്നു.

ഇതിന് പുറമേ ഞാൻ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എസ് ഐ ആയി ജോലി ചെയ്തിരുന്ന സമയത്തും തളിപ്പറമ്പിലെ പാർട്ടി നേതാവ് നടത്തിയിരുന്ന തെറിപ്പാട്ട് കച്ചേരി തളിപ്പറമ്പ് ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്നും ഓർക്കാൻ കഴിയും. അദ്ദേഹത്തെ നേതാവ് എന്ന് പറയുന്നതിനേക്കാൾ നല്ലത് നഗരത്തിലെ ചട്ടമ്പി എന്ന് പറയുന്നതാണ്. ഇയാളുടെ പുല്ലാംകുഴൽ ഗീതം കേൾക്കാതെ ഒരു സന്ധ്യയും കഴിഞ്ഞു പോയിരുന്നില്ല. ഇന്ന് ആ മാന്യദ്ദേഹം ആ പാർട്ടിയിൽ ഇല്ല എന്നതും ഒരു കാവ്യ നീതി ആയിരിക്കാം.

2008 കാലയളവിലാണ് ഞാൻ തളിപ്പറമ്പിൽ എസ് ഐ ആയിരുന്നത്. ആ സമയത്ത് -സിപിഐഎം - മുസ്‍ലിം ലീഗ് സംഘട്ടനം തളിപ്പറമ്പിൽ സ്ഥിരം പല്ലവി ആയിരുന്നു. തെറിയഭിഷേകങ്ങൾക്ക് ഒരല്പം മയം ഉണ്ടായിരുന്നെങ്കിലും വ്യത്യസ്ത പാർട്ടിയിൽ പെട്ട ജില്ലയിലെ നേതാക്കളുടെയും അണികളുടെയും അഹന്തക്കോ , ധാഷ്ട്യത്തിനോ ഒരു കുറവുണ്ടായിരുന്നില്ല. മുസ്‍ലിം ലീഗ് - സിപിഎം സംഘട്ടനത്തിന്റെ പാരമ്യത്തിൽ ആണല്ലോ തളിപ്പറമ്പിൽ ഷുക്കൂറും അൻവറും കൊല്ലപ്പെട്ടത്. ഈ സമയങ്ങളിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലും ഇവർ ഭരണിപ്പാട്ട് കച്ചേരി നടത്തിയിരുന്നു.

ഇതിലും മറക്കാൻ പാടില്ലാത്ത ഒരു കാര്യം നേതാക്കളുടെ ധാർഷ്ട്യവും അഹന്തയും ആസ്വദിക്കുന്ന പാർട്ടി അനുഭാവികളായ ഉദ്യോഗസ്ഥരും ഉണ്ട് എന്നതാണ്. ഇതൊരു തരം മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങിന്റെ രീതിയിലാണ്. അണികൾക്ക് മുമ്പിൽവെച്ച് ഫോണിലൂടെ ഡിവൈഎസ്പിയെയോ, സി ഐയെയോ, അതല്ലെങ്കിൽ മറ്റ് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെയോ തെറി വിളിക്കും. എന്നാൽ അണികൾ പോയ ശേഷം ഈ ഓഫീസർമാരോട് കിന്നാര വർത്താനം പറയുന്ന നേതാക്കളും കുറവല്ല.

ഞാൻ കാസർകോട് സിഐ ആയി ജോലി നോക്കുന്ന സമയത്തും ഒരു മന്ത്രി പുംഗവൻ കൂടിയായ കണ്ണൂരിലെ ഭരണിപ്പാട്ട് പാടുന്ന ഒരു മാന്യനും എന്‍റെ ചെവിയിൽ തെറിയുടെ ഘോഷയാത്ര നടത്തിയിരുന്നു. ഞാൻ കണ്ണൂരിൽ നിന്ന് തന്നെയാണ് ഇങ്ങോട്ട് വന്നത് എന്നാണ് തിരിച്ച് ആ മാന്യദേഹത്തെ എനിക്ക് ഉണർത്തേണ്ടി വന്നത്.

ഞാൻ പയ്യന്നൂരിൽ സിഐ ആയിരുന്ന സമയത്തും മേൽപ്പറഞ്ഞ ഈ പാർട്ടിക്കാരുടെയും ധാർഷ്ട്യത്തോടെയുള്ള പൈങ്കിളി വർത്തമാനം കേൾക്കാൻ ഇടയായിട്ടുണ്ട്. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ഉദ്യോഗസ്ഥരെ നിർവീര്യമാക്കുകയും അവരുടെ മനോവീര്യം തകർക്കുകയും ചെയ്യുകയാണ് ഇത്തരത്തിലുള്ള ഭരണിപ്പാട്ടുകളിലൂടെ നേതാക്കൾ ലക്ഷ്യമിടുന്നത് എന്നതുപോലും പാവം നിവിൻ കുമാർ സാറിന് അറിയാതെ പോയല്ലോ . വടക്കേ മലബാറിലെ മിക്കവാറും എല്ലാ ജില്ലകളിലും പോലീസ് വേഷമണിയാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലും മുസ്‍ലിം ലീഗിന്‍റെയും ബിജെപിയുടെയും നേതാക്കളിൽ നിന്ന് ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.

ഇനി ഭീഷണിയിലൂടെയോ തെറിപ്പാട്ടിലൂടെയോ അതും അല്ലെങ്കിൽ അനുനയത്തിലൂടെയോ ഏതെങ്കിലും ഒരു കാര്യം ഏതെങ്കിലും ഉദ്യോഗസ്ഥൻ ചെയ്തു കൊടുത്തു എന്നിരിക്കട്ടെ. ഇങ്ങനെ നൂറിൽ 99 കാര്യം ചെയ്തിട്ടുണ്ടെങ്കിലും ഒരു കാര്യം ഇത്തരമാളുകൾ പറഞ്ഞതനുസരിച്ച് ചെയ്തില്ലെങ്കിൽ നേരത്തെ ചെയ്ത 99 നും ഇത്തരക്കാരുടെ അടുത്ത് എവിടെയും ഒരു കണക്കും ഉണ്ടാവില്ല.

നേതാക്കളുടെ ഭരണിപ്പാട്ടുകളോടുള്ള ഉദ്യോഗസ്ഥരുടെ മനോഭാവം ഞാൻ മനസ്സിലാക്കിയിടത്തോളം നാല് രീതിയിലാണ്. ഒന്നാമത്തെ രീതി ഇത്തരം വർത്തമാനങ്ങൾ പഞ്ചപുച്ചമടക്കി സ്വീകരിക്കുക എന്നതാണ്. ഇക്കൂട്ടർ അങ്ങനെ സ്വീകരിക്കാൻ കാരണം ഏതെങ്കിലും തരത്തിലുള്ള സ്വഭാവദൂഷ്യങ്ങൾക്ക് ആ ഉദ്യോഗസ്ഥർ അടിപ്പെട്ടിട്ടുണ്ടാകും എന്നതു കൊണ്ടാണ്. രണ്ടാമത്തെ വിഭാഗം ഇതിനെതിരെ ശക്തമായി പ്രതികരിക്കുക എന്നുള്ളതാണ്. ഇതിൽ രണ്ടു വിഭാഗം ഉദ്യോഗസ്ഥരും ഉണ്ട് . ആദ്യത്തേത് എല്ലാതരത്തിലുള്ള വൃത്തികേടുകളും ചെയ്യുന്ന ഉദ്യോഗസ്ഥർ ആയിരിക്കും. തങ്ങൾ അങ്ങനെയല്ല എന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലായിരിക്കും ഇക്കൂട്ടർ. രണ്ടാമത്തെ വിഭാഗം ഒരു തരത്തിലുള്ള സ്വഭാവദൂഷവും ഇല്ലാത്ത ഉദ്യോഗസ്ഥനായതുകൊണ്ടുതന്നെ അവർക്ക് ഇതിനെതിരെ പ്രതികരിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാവുകയുമില്ല. മാത്രമല്ല കൂടിയാൽ ഇത്തരം നേതാക്കൾ ഒരു പക്ഷേ അവരെ സ്ഥലം മാറ്റിയേക്കാം എന്നത് മാത്രമാണ് അവർ പ്രതീക്ഷിക്കുന്നത്.

മൂന്നാമത്തെ വിഭാഗം ഇത്തരത്തിൽ അസഭ്യവർഷങ്ങൾക്ക് ചെവി കൊടുക്കാത്തവരാണ്. നേതാക്കൾ വായിൽ തോന്നിയതൊക്കെയും വിളിച്ചു പറയട്ടെ എനിക്കതിൽ ഒന്നുമില്ല എന്ന് വിചാരിക്കുന്ന വിഭാഗമാണ് അവർ. വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് ഇവർ. നാലാമത്തെ വിഭാഗമാണ് നേതാക്കളുടെ ഇത്തരത്തിലുള്ള പരസ്യ പ്രതികരണങ്ങളിൽ തളർന്നു പോകുന്നവർ. അങ്ങനെയുള്ള വിഭാഗത്തിൽപ്പെട്ട ആളാണ് നവീൻ കുമാർ സാർ എന്നാണ് ഞാൻ കരുതുന്നത്. ഇത്തരത്തിൽ ധാരാളം പോലീസ് ഉദ്യോഗസ്ഥർ പോലീസ് ജോലി ഒഴിവാക്കി മറ്റ് സർവീസിലേക്ക് ചേക്കേറിയിട്ടുണ്ട്. ഏതായാലും ധാഷ്ട്രീയത്തിന്റെ അഹന്തയുടെയും തെറിവിളികൾക്ക് ഗുഡ് ബൈ പറഞ്ഞ് നിത്യശാന്തിയിലേക്ക് കയറിപ്പോയ നവീൻ ബാബു സാറിന് പ്രണാമം.

TAGS :

Next Story