യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചെന്ന റഷ്യയുടെ വാദത്തെ തള്ളി അമേരിക്ക
റഷ്യയുടെ സൈനിക പിന്മാറ്റം ചെറിയ തോതിൽ വിശ്വസിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചെന്ന റഷ്യയുടെ വാദത്തെ തള്ളി നാറ്റോ സഖ്യവും അമേരിക്കയും. പലയിടങ്ങളിലും റഷ്യ സൈനികരുടെ എണ്ണം കൂട്ടുകയാണെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. എന്നാൽ റഷ്യയുടെ സൈനിക പിന്മാറ്റം ചെറിയ തോതിൽ വിശ്വസിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
ക്രിമിയയിൽ നിന്ന് സൈനികർ പിന്മാറുന്ന ദൃശ്യങ്ങളടക്കം പങ്കുവെച്ചാണ് റഷ്യ യുക്രൈൻ അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റം പ്രഖ്യാപിച്ചത്. യുക്രെയിനിന്‍റെ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചതായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ റഷ്യയുടെ വാദങ്ങളെല്ലാം തള്ളുകയാണ് അമേരിക്കയും നാറ്റോ സഖ്യവും.
റഷ്യൻ സൈന്യം പിനവാങ്ങിയതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി. റഷ്യ യുക്രൈനെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രൈൻ അടക്കമുള്ള പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങൾക്ക് നാറ്റോ സഖ്യത്തിൽ അംഗത്വം നൽകരുത് എന്നതാണ് റഷ്യയുടെ പ്രധാന ആവശ്യം. ഇതംഗീകരിക്കാൻ അമേരിക്കയും നാറ്റോ നേതൃത്വവും തയ്യാറുമല്ല.
Adjust Story Font
16