'ശമ്പള കുടിശ്ശികയ്ക്കായി ചിന്ത സ്വന്തമായി അപേക്ഷ നൽകിയിട്ടുണ്ട്'; വിശദീകരണം തള്ളി ആർ.വി രാജേഷ്
'ശമ്പളം നിശ്ചയിക്കണമെന്ന് ചിന്ത സർക്കാരിനോട് ആവശ്യപ്പെടുകയും ഇക്കാര്യത്തിൽ 2018ൽ നടപടിയുണ്ടാകുകയും ചെയ്തു. കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്ത വേറെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.'
തിരുവനന്തപുരം: ശമ്പള കുടിശ്ശിക വിവാദത്തിൽ സംസ്ഥാന യുവജനക്ഷേമ കമ്മിഷൻ ചെയർപേഴ്‌സൻ ചിന്താ ജെറോമിന്റെ വാദങ്ങൾ തള്ളി മുൻ അധ്യക്ഷൻ ആർ.വി രാജേഷ്. ചിന്തയ്ക്ക് സർക്കാർ ശമ്പളം നിശ്ചയിച്ചതിനു പിന്നാലെയാണ് താൻ സർക്കാരിന് അപേക്ഷ നൽകിയതെന്ന് രാജേഷ് പറഞ്ഞു. ചിന്തയ്ക്ക് കുടിശ്ശിക അനുവദിച്ചത് തന്റെ അപേക്ഷയിലല്ലെന്നും അവർ വേറെ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിന്ത ജെറോമിന് 17 മാസത്തെ ശമ്പള കുടിശ്ശികയായി എട്ടര ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇന്ന് ചിന്ത മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 32 ലക്ഷം രൂപ കുടിശ്ശികയിനത്തിൽ ലഭിക്കുമെന്ന വാർത്തകൾ തള്ളിയ കമ്മിഷൻ അധ്യക്ഷ താൻ സർക്കാരിന് ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. മുൻ അധ്യക്ഷൻ ആർ.വി രാജേഷാണ് ശമ്പള കുടിശ്ശിക ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നും അവർ വാദിച്ചു.
എന്നാൽ, രണ്ടുപേരുടെയും അപേക്ഷകൾ രണ്ടാണെന്ന് ആർ.വി രാജേഷ് വാദിച്ചു. തന്റെ അപേക്ഷ പ്രകാരമല്ല ചിന്തയ്ക്ക് കുടിശ്ശിക അനുവദിച്ചത്. താൻ കമ്മിഷൻ തലപ്പത്തിരുന്ന കാലത്ത് ശമ്പളം നിശ്ചയിച്ചിരുന്നില്ല. എന്നാൽ, ശമ്പളം നിശ്ചയിക്കണമെന്ന് ചിന്ത സർക്കാരിനോട് ആവശ്യപ്പെടുകയും ഇക്കാര്യത്തിൽ 2018ൽ നടപടിയുണ്ടാകുകയും ചെയ്തു. കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്ത വേറെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തനിക്ക് അനുകൂലമായ കോടതിവിധി വന്നിട്ടും ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
2018 ഇറങ്ങിയ ചട്ടപ്രകാരം യുവജന കമ്മിഷൻ ചെയർപേഴ്സന്റെ ശമ്പളം ഒരു ലക്ഷമാക്കി നിശ്ചയിച്ചിരുന്നുവെന്നാണ് നേരത്തെ ചിന്ത പ്രതികരിച്ചത്. 2018 മുതൽ താൻ ആ തുക താൻ കൈപറ്റിവരുന്നുണ്ട്. തന്നെ ലക്ഷ്യമിട്ടുള്ള സംഘടിതവും ബോധപൂർവവുമായ വ്യാജപ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ചിന്ത ആരോപിച്ചു.
2018 മുതൽ ഒരു ലക്ഷം വാങ്ങുന്നുണ്ടെന്ന് ചിന്ത
ഞാൻ യുവജന കമ്മിഷൻ ചെയർപേഴ്സനായി നിയമിതയാകുന്നത് 2016ലാണ്. അന്ന് കേരള സർവകലാശാലയിൽ കേന്ദ്ര സർക്കാരിന്റെ ജെ.ആർ.എഫ് ഫെലോഷിപ്പോടെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജെ.ആർ.എഫ് ഫെലോഷിപ്പ് വേണ്ടെന്ന് എഴുതിനൽകിയാണ് അന്ന് കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റത്-ചിന്ത പറഞ്ഞു.
2018 മേയിലാണ് യുവജന കമ്മിഷൻ ചട്ടങ്ങൾ രൂപീകരിക്കുന്നത്. യുവജന കമ്മിഷൻ അധ്യക്ഷ എന്ന പദവിയിലുള്ള ആൾക്കുള്ള ശമ്പളം ഒരു ലക്ഷമാണെന്ന് നിജപ്പെടുത്തിയാണ് 2018ൽ ചട്ടങ്ങൾ പുറത്തുവന്നത്. സർക്കാർ തീരുമാനിക്കുകയും നിയമസഭ അംഗീകരിക്കുകയും ചെയ്ത ആ തുക അന്നുമുതൽ കൈപറ്റിവരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചെന്ന തരത്തിൽ പ്രചാരണം നവമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽപെട്ടതെന്നും ചിന്ത ചൂണ്ടിക്കാട്ടി.
'32 ലക്ഷം എന്നൊരു ഭീമൻ തുക എനിക്കു ലഭിക്കുമെന്നും പ്രചാരണമുണ്ടായി. ഞാൻ ചുമതലയേറ്റതു മുതലുള്ള തുക കണക്കുകൂട്ടിയാലും ഇത്ര വരില്ല. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നത്? ഒരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണിത്. 32 ലക്ഷം രൂപയൊക്കെ എന്റെ കൈയിൽ വന്നാൽ അത് ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും. അതാണ് ഞങ്ങൾ ശീലിച്ചുവന്ന രീതി. വ്യക്തിപരമായി ഇത്രയും തുകയൊന്നും കൈവശം സൂക്ഷിക്കുന്ന പ്രവർത്തന പാരമ്പര്യമോ കുടുംബ പശ്ചാത്തലമോ എനിക്കില്ല.'
എന്റെ മുൻപ് കമ്മിഷൻ ചെയർമാനായി പ്രവർത്തിച്ചിരുന്നത് കെ.പി.സി.സി നേതാവായ ആർ.വി രാജേഷ് ആയിരുന്നു. ഉമ്മൻചാണ്ടിയുടെ കാലത്താണിത്. അദ്ദേഹം ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കോടതിയെ അടുത്തിടെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശമ്പള കുടിശ്ശിക നൽകണമെന്ന് കോടതിവിധിയും വരികയുണ്ടായി. ഇതാണിപ്പോൾ വാർത്തയാകാനുള്ള കാരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.
Adjust Story Font
16