രണ്ടാനമ്മയുടെ മക്കളാണോ? സി.എ.എ കേസ് പിൻവലിച്ചാൽ ശബരിമല കേസും പിൻവലിക്കണം: കെ. സുരേന്ദ്രൻ
സത്യഭാമ ഒന്നാന്തരം സഖാത്തിയാണെന്നും സത്യഭാമയ്ക്ക് ബ്രാഞ്ച് കമ്മിറ്റി കത്ത് വരെ കൊടുത്തുവെന്നും കെ. സുരേന്ദ്രൻ
ശബരിമല തീർത്ഥാടകർ രണ്ടാനമ്മയുടെ മക്കളാണോയെന്നും പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിലെ കേസ് പിൻവലിച്ചാൽ ശബരിമല കേസും പിൻവലിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കേസുകൾ പിൻവലിച്ചത് ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച ശേഷമാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ കൈവിട്ട കളി കളിക്കുകയാണെന്നും വർഗീയ നയം അവസാനിപ്പിക്കാൻ ഇരുമുന്നണികളും തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ കേസ് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും പക്ഷപാതപരമായ സമീപനമാണിതെന്നും കുറ്റപ്പെടുത്തി. ഇത് സ്വജനപക്ഷപാതിത്വമാണെന്നും ഭൂരിപക്ഷ സമൂഹത്തിന് എപ്പോഴും കാട്ടുനീതിയാണെന്നും വർഗീയ പ്രതിലോമ ശക്തികൾക്ക് എപ്പോഴും നീതി കിട്ടുന്നുവെന്നും പറഞ്ഞു. ശബരിമല കേസ് പിൻവലിക്കണമെന്ന് എന്താണ് സതീശൻ പറയാത്തതെന്നും ചോദിച്ചു.
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമ സി.പി.എമ്മുകാരിയാണെന്നും ബി.ജെ.പി അംഗമല്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. സത്യഭാമ ഒന്നാന്തരം സഖാത്തിയാണെന്നും സത്യഭാമയ്ക്ക് ബ്രാഞ്ച് കമ്മിറ്റി കത്ത് വരെ കൊടുത്തുവെന്നും ആരോപിച്ചു. പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ പ്രചാരണത്തിന് വരുമെന്നും തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങൾ ആലോചനയിലുണ്ടെന്നും പറഞ്ഞു. പന്ന്യൻ രവീന്ദ്രനെ വഴിയാധാരമാക്കുമോ എന്നും ചോദിച്ചു.
കെ.സി വേണുഗോപാലിന് ആലപ്പുഴയിൽ ജയിക്കാൻ സി.പി.എമ്മിന്റെ വോട്ട് വേണമെന്നും അതിന് പാർട്ടിയേ ഇല്ലാത്ത രാജസ്ഥാനിൽ ഒരു സീറ്റ് സി.പി.എമ്മിന് നൽകിയെന്നും ആരോപിച്ചു.
Adjust Story Font
16