പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക്മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. നിലയ്ക്കൽ ഇലവുങ്കലിൽ വെച്ചാണ് അപകടം നടന്നത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് റോഡിൽനിന്നും തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ബസ് പൊളിച്ച് തീർഥാടകരെ മുഴുവൻ പുറത്തെത്തിച്ചതായാണ് വിവരം. സംഘത്തിലെ 25 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ശേഷിച്ചവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ വാഹനമോടിച്ച ഡ്രൈവറടക്കം പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തമിഴ്നാട് മൈലാടുതുറൈ ജില്ല മായാരം സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. ശബരിമല തീർഥാടനം പൂർത്തിയാക്കി മടങ്ങിയ ബസാണ് മറിഞ്ഞത്. തഞ്ചാവൂരിൽ നിന്നും തീർഥാടനത്തിനെത്തിയവരായിരുന്നു ബസിൽ. 9 കുട്ടികളടക്കം 64 പേരാണ് ബസിലുണ്ടായിരുന്നത്.
പത്തനംതിട്ടയിൽ നിന്ന് ഏകദേശം 47 കിലോമീറ്ററോളം ദൂരെയാണ് അപകടം നടന്ന സ്ഥലം. കോട്ടയത്ത് നിന്നാണെങ്കിലും ഇവിടേക്ക് ഏറെ ദൂരമുണ്ട്. അതുകൊണ്ടു തന്നെ ആംബലുൻസുകൾ എത്രയും പെട്ടന്ന് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിന് പിന്നാലെ എത്തിയ തീർത്ഥാടകരുടെ ഇടപെടലും നാട്ടുകാരുടെയും വിവിധ സേനകളുടെയും യോജിച്ച പ്രവർത്തനവുമാണ് ഇലവുങ്കൽ അപകടത്തിന്റെ വ്യാപ്തി കുറച്ചത് . പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനായതിനാൽ ആളപായങ്ങളും ഒഴിവാക്കാനായി .
പരിക്കേറ്റവർക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശമുണ്ട്.
വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. വിഷയം നാളെ കോടതി പരിഗണിക്കും.
Adjust Story Font
16