മണ്ഡലകാല തീർത്ഥാടനം ഒരുമാസം പിന്നിട്ടു; ഏഴ് ലക്ഷത്തോളം പേർ ദർശനം നടത്തി
നെയ് അഭിഷേകത്തിനടക്കമുള്ള നിയന്ത്രണങ്ങൾ ഉടൻ നീക്കും
ശബരിമല മണ്ഡലകാല തീർത്ഥാടനം ഒരുമാസം പിന്നിടുമ്പോൾ തീർത്ഥാടകരുടെ തിരക്ക് വർധിക്കുകയാണ്. മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച നവംബർ 16 മുതൽ ഇന്നലെ വരെ ഏഴ് ലക്ഷത്തോളം അയ്യപ്പൻമാരാണ് ദർശനത്തിന് എത്തിയത്.
വരും ദിവസങ്ങളിലും മകരവിളക്ക് തീർത്ഥാടന കാലത്തും വലിയ തിരക്ക് ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിവസങ്ങളിൽ ശരാശരി 15,000 പേരാണ് ദർശനത്തിന് എത്തിയിരുന്നതെങ്കിൽ ഇപ്പോഴത് 40,000 ആയി വർധിച്ചു. തിരക്ക് വർധിച്ചതോടെ നടവരവിലും വർധനവ് ഉണ്ടായിട്ടുണ്ട്. ആകെ വരുമാനം 50 കോടിയിലേക്ക് എത്തുകയാണ്. നെയ് അഭിഷേകത്തിനും വിരിവെക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ പൂർണമായി പിൻവലിക്കാനാണ് നീക്കം നടക്കുന്നത്. തീർത്ഥാടക ബാഹുല്യം മൂലം പമ്പയിലും മറ്റുമായുള്ള സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനും നടപടിയായിട്ടുണ്ട്. നിലവിൽ 5000 പേർക്കാണ് സന്നിധാനത്ത് വിരിവെക്കാൻ അനുമതിയുള്ളത്. അന്നദാന മണ്ഡപത്തിന് മുകളിലായുള്ള ഹാളിൽ വിരിവെക്കാൻ ഏർപ്പെടുത്തിയ സൗകര്യങ്ങൾ തീർത്ഥാടകർ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16