Quantcast

'സഭാ ടി.വിയും അനിതാ പുല്ലയിലും ജേക്കബ് ജോർജും തമ്മിലെന്ത്?'; സർക്കാരിനെതിരെ ആരോപണങ്ങളുമായി കെ.പി.സി.സി നേതാവ്

''മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്ജ് ഡയറക്ടറായ സ്റ്റാർട്ടപ്പ് കമ്പനി ബിട്രെയിറ്റ് സൊലൂഷൻ ആണ് നിയമസഭാ നടപടികൾ ലൈവ് ചെയ്യുന്നത്. മാധ്യമ ചർച്ചകളിൽ പിണറായിക്കു വേണ്ടി തകിൽ വായിച്ച് വെളുപ്പിച്ചെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകനാണ് ഈ ജേക്കബ് ജോർജ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ ചെയ്യുന്നു.''

MediaOne Logo

Web Desk

  • Published:

    28 Jun 2022 4:51 PM GMT

സഭാ ടി.വിയും അനിതാ പുല്ലയിലും ജേക്കബ് ജോർജും തമ്മിലെന്ത്?; സർക്കാരിനെതിരെ ആരോപണങ്ങളുമായി കെ.പി.സി.സി നേതാവ്
X

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ എത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സർക്കാരിനെതിരെ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി നേതാവ്. മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജിനെയും അദ്ദേഹത്തിൻരെ സ്വകാര്യ കമ്പനിയെയും സംസ്ഥാന സർക്കാർ വഴിവിട്ട് സഹായിച്ചെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ആരോപിച്ചു. എഡിറ്റോറിയൽ നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന് ജേക്കബ് ജോർജിന്റെ സ്റ്റാർട്ടപ്പിന് സംസ്ഥാന സർക്കാർ കരാർ പുതുക്കിനൽകിയെന്നാണ് ഒരു ആരോപണം അനിതാ പുല്ലയിലും സഭാ ടി.വിയും ജേക്കബ് ജോർജും തമ്മിൽ ഫേസ്ബുക്ക് കുറിപ്പിലാണ് ആരോപണം.

മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് ഡയറക്ടറായ ഒ.ടി.ടി സ്റ്റാർട്ടപ്പ് കമ്പനിയായ ബിട്രെയിറ്റ് സൊലൂഷൻ ആണ് നിയമസഭാ നടപടികൾ ലൈവ് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അവസാനിച്ച കരാറുകളൊന്നും സർക്കാർ പുതുക്കിയിരുന്നില്ല. എന്നാൽ, എഡിറ്റോറിയൽ നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന് ബിട്രെയ്റ്റിന്റെ കരാർ പുതുക്കിനൽകുകയായിരുന്നുവെന്നും ഇതിനു പിന്നിൽ അനിത പുല്ലിൽ ആയിരുന്നോവെന്നുമുള്ള സംശയമാണ് സജീന്ദ്രൻ ഉയർത്തുന്നത്.

സഭാ ടി.വിക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമുണ്ടാക്കാൻ വേണ്ടി ബിട്രെയിറ്റ് സൊലൂഷന് നൽകിയത് 51,96,000 രൂപ. അത് കൂടാതെ എല്ലാമാസവും സോഷ്യൽ മീഡിയ മാനേജ്‌മെന്റ് ചെയ്യുന്നതിന് കമ്പനിക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വേറെയും നൽകിവരുന്നു. ഇത്രയൊക്കെയായിട്ടും പ്രവർത്തനം വിലയിരുത്താൻ തയാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നിനു പോലും ഒപ്പമെത്താൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പലപ്പോഴും എഡിറ്റോറിയൽ ടീമുമായി നിയമസഭാ സമുച്ചയത്തിനകത്ത് പരസ്യ പോർവിളിയിലേക്ക് വരെ കാര്യങ്ങളെത്താറുണ്ടെന്നും ആരോപണം തുടരുന്നു.

'അനിതയും ജേക്കബ് ജോർജും തമ്മിലെന്ത്?'

കേരള നിയമസഭയുടെ ഒ.ടി.ടി സഹകാരി എന്ന നിലയിൽ ജേക്കബ് ജോർജ് ഡയറക്ടറായുള്ള ഈ തട്ടിക്കൂട്ട് കമ്പനിയുടെ കാര്യക്ഷമതയും പ്രവർത്തനവും മതിയായ രീതിയിൽ തൃപ്തികരമല്ലെന്ന് കണ്ട് നിയമസഭാ ഐ.ടി വിഭാഗം ഒരു കമ്മിറ്റി നിയോഗിച്ചതായി സജീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ നീക്കം ജേക്കബ് ജോർജും അനിതാ പുല്ലയും ചേർന്ന് ഇല്ലാതാക്കിയോയെന്ന് സജീന്ദ്രൻ ചോദിക്കുന്നു.

''ആരെല്ലാമാണ് ഈ സ്ഥാപനത്തിലെ ജോലിക്കാർ? അവരുടെ യോഗ്യത എന്താണ്? ഈ സ്ഥാപനത്തിൻറെ എക്‌സ്പീരിയൻസ് എന്താണ്? ഇത് സഭാ ടി.വിയോ സി.പി.എം ടി.വിയോ? ഇത് പൊതുജനത്തിന്റെ കാശാണ്. കാര്യങ്ങൾ സ്പീക്കർ പുറത്തുപറയണം. ചട്ടവും നിയമവും പറഞ്ഞ് സ്പീക്കർ ജനങ്ങളുടെ അവകാശത്തെ നിഷേധിക്കരുത്?''

മാധ്യമപ്രവര്‍ത്തകൻ ജേക്കബ് ജോര്‍ജ്ജ് ഡയറക്ടറായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിട്രെയിറ്റ് സൊലൂഷൻ ആണ് നിയമസഭാ നടപടികൾ ലൈവ്...

Posted by VP Sajeendran on Monday, June 27, 2022

മാധ്യമ ചർച്ചകളിൽ പിണറായിക്കു വേണ്ടി തകിൽ വായിച്ച് വെളുപ്പിച്ചെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകനാണ് ഈ ജേക്കബ് ജോർജെന്നും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞ ദശാവതാരവും വന്നു. ഇനി കലിയുഗം. അതാണ് സ്പീക്കർ ഉരുണ്ടുകളിക്കുന്നത്. അധികാരത്തിന്റെ ഇടനാഴികളിൽ അവതാരങ്ങളും മാരീചികന്മാരും കുടിയിരിക്കുന്നു. അവരെ സ്പീക്കർ കരിനിയമത്തിൻറെ കീഴിൽ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിലെ കാണാചരടുകൾ പുറത്തുവരണമെന്നും വി.പി സജീന്ദ്രൻ ആവശ്യപ്പെട്ടു.

Summary: 'What is the relation between Sabha TV, Anitha Pullayil and Jacob George?'; KPCC state vice president VP Sajeendran

TAGS :

Next Story