തരൂര്‍ ക്രൗഡ് പുള്ളര്‍, യുഡിഎഫിന്‍റെ താരപ്രചാരകൻ: സാദിഖലി തങ്ങൾ
ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണ്

മലപ്പുറം: തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ലെന്നും എല്ലാ പാർട്ടികളും മുന്നണിയെ ശക്തിപ്പെടുത്താൻ തയ്യാറാകണമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ. ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണ്. ക്രൗഡ് പുള്ളറായ നേതാവാണ് അദ്ദേഹം.അദ്ദേഹം യുഡിഎഫിന്‍റെ നല്ല പ്രചാരകനാണ്. തരൂരിനെ പ്രയോജനപ്പെടുത്താൻ പറ്റുമെന്നും തങ്ങൾ പ്രതികരിച്ചു.
ആശമാർക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്ന് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു . ആശമാരെ സമരത്തിലേക്ക് എത്തിച്ച പല കാരണങ്ങൾ ഉണ്ട്. സർക്കാർ ആശമാരെ അവഗണിക്കുന്നത് ഖേദകരമാണെന്നും തങ്ങൾ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തർക്കം മാറ്റിവച്ച് ആശമാരുടെ സമരം അവസാനിപ്പിക്കണമെന്ന് ശശി തരൂർ എംപിയും ആവശ്യപ്പെട്ടിരുന്നു. താൻ കേന്ദ്ര സർക്കാരിന്‍റെയോ സംസ്ഥാന സർക്കാരിന്‍റെയോ ഭാഗത്തല്ല. ആശമാരുടെ ഒപ്പമാണ് താൻ. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ തയ്യാറാകണമെന്ന് ഡൽഹിയിൽ ആവശ്യപ്പെടുമെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
അതേസമയം ആശമാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കും. ആശമാർക്ക് പിന്തുണയുമായി അടുത്ത മാസം 3ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. ആശമാർക്കെതിരായ സര്‍ക്കുലര്‍ നാളെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നില്‍ കത്തിച്ച് പ്രതിഷേധിക്കും. കലക്ട്രേറ്റുകളിലേക്കും പ്രതിഷേധം സംഘടിപ്പിക്കും.
ആശമാർക്ക് സ്ഥിര നിയമനം നൽകണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. തുടർച്ചയായി അഞ്ചുവർഷം സേവനം പൂർത്തീകരിച്ചവർക്ക് ഏതെങ്കിലും തസ്തികയിൽ സ്ഥിരനിയമനം നൽകണമെന്ന് സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. സമരം ന്യായമാണെങ്കിലും ഓണറേറിയം വർധിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16