സിഐസി ജനറൽ സെക്രട്ടറി സ്ഥാനം; ഹക്കീം ഫൈസി- സാദിഖലി തങ്ങൾ കൂടിക്കാഴ്ച പാണക്കാട്
സമസ്ത യുവനേതാക്കളുടെ വിലക്കിനുശേഷം 'വാഫി' പരിപാടിയിൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദി പങ്കിട്ടിരുന്നു.
ഹക്കീം ഫൈസി ആദൃശ്ശേരി പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. സിഐസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നത് സംബന്ധിച്ചാണ് കൂടിക്കാഴ്ച. ഹക്കീം ഫൈസി സിഐസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നതുവരെ സിഐസി സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതില്ലെന്ന് സമസ്ത നിലപാടെടുത്തിരുന്നു. സിഐസി സെക്രട്ടറി സ്ഥാനം ഒഴിയാൻ ഹക്കീം ഫൈസിയോട് പ്രസിഡന്റായ സാദിഖലി തങ്ങൾ ആവശ്യപ്പെടുമെന്നാണ് സൂചന.
സമസ്ത യുവനേതാക്കളുടെ വിലക്കിനുശേഷം 'വാഫി' പരിപാടിയിൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദി പങ്കിട്ടിരുന്നു. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന- ഉദ്ഘാടന ചടങ്ങുകളിലാണ് തങ്ങൾ പങ്കെടുത്തത്. നേതാക്കളും പ്രവർത്തകരും ഹക്കീം ഫൈസിയുമായി വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്ത യുവനേതൃത്വത്തിന്റെ നിർദേശം വന്നു മണിക്കൂറുകൾക്കു ശേഷമായിരുന്നു പരിപാടി.
സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ സുന്നി യുവജന സംഘം(എസ്.വൈ.എസ്), വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംസ്ഥാന നേതാക്കളുടെ സംയുക്ത യോഗമാണ് ഹക്കീം ഫൈസിയുമായി സഹകരിക്കരുതെന്ന് ഉത്തരവിറക്കിയത്. സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കുമായിരുന്നു യുവനേതാക്കളുടെ മുന്നറിയിപ്പ്.
സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശവിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്കനടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. ഹകീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ടായിരുന്നു.
Adjust Story Font
16