'ആരെങ്കിലും ക്ഷണിച്ചാൽ പോകുക, തരുന്നത് ഭക്ഷിക്കുക; കുഴിമന്തി തന്നെ വേണമെന്ന് പറയരുത്'-കേക്ക് വിവാദത്തിൽ സാദിഖലി തങ്ങൾ
'സുന്നത്ത് ജമാഅത്തിന്റെ വേദിയിൽ കുത്തുവാക്കുകൾ ഉപയോഗിക്കരുത്. ദ്വയാർഥ പ്രയോഗങ്ങൾ നടത്തരുത്. ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണം'
മലപ്പുറം: ക്രിസ്മസ് കേക്ക് വിവാദത്തിൽ പ്രതികരിച്ച് സാദിഖലി ശിഹാബ് തങ്ങൾ. ആരെങ്കിലും ക്ഷണിച്ചാൽ പോകുകയും തരുന്നത് ഭക്ഷിക്കുകയും ചെയ്യണം. കുഴിമന്തി തന്നെ വേണമെന്ന് പറയരുത്. ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പക്വതയില്ലാത്ത വാക്കുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ചാനലുകൾക്കും മാധ്യമങ്ങൾക്കും വേണ്ടിയാകരുത് സംസാരമെന്നും തങ്ങൾ പറഞ്ഞു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
മലപ്പുറം ചെമ്മാട്ട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റൂബി ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം. പക്വതയില്ലാത്ത വാക്കുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ഒരു വാക്ക് പറയുമ്പോൾ അതുകൊണ്ട് സമൂഹത്തിന് ഗുണം ഉണ്ടാകുമോ എന്ന് ചിന്തിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
'സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടിയാണു സംസാരിക്കേണ്ടത്. ചാനലുകൾക്കും മാധ്യമങ്ങൾക്കും വേണ്ടിയല്ല. ചാനലുകൾ ഏറ്റെടുക്കുമോ എന്ന് നോക്കേണ്ട. ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണം. അത് പൂർവികർ കാണിച്ചുതന്നതാണ്. അതിന്റെ പേരിൽ പരിഹാസങ്ങൾ കേൾക്കുമ്പോൾ നല്ലതിനെന്നു വിചാരിക്കണം. സുന്നത്ത് ജമാഅത്തിന്റെ വേദിയിൽ കുത്തുവാക്കുകൾ ഉപയോഗിക്കരുത്. ദ്വയാർഥ പ്രയോഗങ്ങൾ നടത്തരുത്.'
ആരെങ്കിലും ക്ഷണിച്ചാൽ പോകണം. അവർ എന്തെങ്കിലും കാര്യമായി സത്കരിക്കുമ്പോൾ അതു ഭക്ഷിക്കണം. കുഴിമന്തി തന്നെ വേണമെന്ന് പറയരുത്. അവർക്ക് ഇഷ്ടമുള്ള സാധനമായിരിക്കും തരുന്നത്. അതു കഴിക്കുന്നത് അവർക്കൊരു സന്തോഷമാണ്. അവർ ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
Summary: Sadiqali Shihab Thangal reacts to Christmas cake controversy
Adjust Story Font
16