Quantcast

പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന സമസ്ത നിലപാട് സൂക്ഷ്മത കൊണ്ട്, ലീഗ് സമസ്തക്കൊപ്പം: സാദിഖലി തങ്ങള്‍

'വിഷയത്തെ ചിലർ രാഷ്ട്രീയവല്‍ക്കരിച്ചു. അതുകൊണ്ടാണ് പള്ളികളില്‍ പ്രശ്നമുണ്ടാകരുതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പറഞ്ഞത്'.

MediaOne Logo

Web Desk

  • Updated:

    2021-12-02 07:12:04.0

Published:

2 Dec 2021 7:00 AM GMT

പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന സമസ്ത നിലപാട് സൂക്ഷ്മത കൊണ്ട്, ലീഗ് സമസ്തക്കൊപ്പം: സാദിഖലി തങ്ങള്‍
X

പള്ളികളില്‍ പ്രതിഷേധം പാടില്ലെന്ന സമസ്തയുടെ നിലപാടിനൊപ്പമാണ് മുസ്‍ലിം ലീഗെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. വിഷയത്തെ ചിലർ രാഷ്ട്രീയവല്‍ക്കരിച്ചു. അതുകൊണ്ടാണ് പള്ളികളില്‍ പ്രശ്നമുണ്ടാകരുതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പറഞ്ഞത്. അടുത്ത വെള്ളിയാഴ്ച മഹല്ല് തലത്തില്‍ ബോധവത്കരണം നടത്തുമെന്ന് ജിഫ്രി തങ്ങള്‍ അറിയിച്ചതായും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങള്‍ പറഞ്ഞു.

വഖഫ് ബോർഡ് നിയമന വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന സമസ്തയുടെ നിലപാട് സൂക്ഷ്മത കൊണ്ടാണ്. ആ അഭിപ്രായത്തെ മുസ്‍ലിം ലീഗ് മാനിക്കുന്നു. വിശ്വാസികള്‍ കാര്യം പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. പ്രതിഷേധ സംഗമങ്ങള്‍ നടത്തും. ബോധവല്‍കരണം വിശ്വാസികളെ മാത്രമല്ല സര്‍ക്കാരിനെ കൂടി ബോധവല്‍കരിക്കാനാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞതിങ്ങനെ...

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്നാണ് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്നും തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

'ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാമെന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്‌ലിയാരെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും.'- ജിഫ്രി തങ്ങൾ പറഞ്ഞു.

'പള്ളികളില്‍ കൂടിയാകരുത് ഈ പ്രതിഷേധം. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്' - തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും. വഖഫ് ബോർഡിൽ നേരത്തെയുള്ള നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കേണ്ടത്. പുതിയ തീരുമാനത്തിൽ സമസ്തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുകയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.


TAGS :

Next Story