Quantcast

സമന്വയ വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങളിലെത്തുക: സാദിഖലി തങ്ങൾ

ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ദീനി പഠനവും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷമാണ് വാഫി-വഫിയ്യ നല്‍കുന്നത്. രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും അവയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    25 May 2023 10:16 AM GMT

sadiqali thangal on cic fb post
X

കോഴിക്കോട്: വിദ്യാസമ്പന്നരും രാജ്യത്തിന് പ്രയോജനപ്പെടുന്നവരുമായ മികച്ച പൗരൻമാരെ സൃഷ്ടിക്കാൻ സമന്വയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. എസ്.എൻ.ഇ.സി, വാഫി-വഫിയ്യ, ദാറുൽ ഹുദ കാമ്പസുകൾ, ജാമിഅ ജൂനിയർ കോളജ് തുടങ്ങിയ കേരളത്തിലെ സമന്വയ വിദ്യാഭ്യാസം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും തങ്ങൾ പറഞ്ഞു.

കേരളത്തിൽ കാൽ നൂറ്റാണ്ടിലേറെക്കാലമായി വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന സംവിധാനമാണ് വാഫി-വഫിയ്യ കോഴ്സ്. സമസ്തയുടെ ആശയാദർശങ്ങൾ അംഗീകരിക്കുന്ന പണ്ഡിതരും നേതാക്കളും നേതൃത്വം നൽകുന്ന കോളജിലേക്കുള്ള പ്രവേശന പരീക്ഷ അടുത്തുവരികയാണ്. പത്താം ക്ലാസ് കഴിഞ്ഞ ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ദീനി പഠനവും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് വാഫി-വഫിയ്യ നൽകുന്നത്. രക്ഷിതാക്കളും വിദ്യാർഥികളും സ്ഥാപനങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവരും അവയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"സമന്വയ വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങളിലെത്തുക".

വിദ്യാസമ്പന്നരും രാജ്യത്തിന് പ്രയോജനപ്പെടുന്നവരുമായ മികച്ച പൗരന്മാരെ സൃഷ്ടിക്കുകയെന്നത് സാമൂഹികമായ ഉത്തരവാദിത്വമാണ്. അതിന് ഭൗതിക വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് മതവിദ്യാഭ്യാസവും. അത്തരത്തില്‍ മത-ഭൗതിക മേഖലകളില്‍ പാണ്ഡിത്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്ന ചിന്തകളുടെ ഭാഗമായാണ് സമന്വയ വിദ്യാഭ്യാസം എന്ന സങ്കല്‍പം നമ്മുടെ പൂര്‍വികരായ നേതാക്കള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഈ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമുദായം വലിയ ഉയരങ്ങള്‍ താണ്ടിയെങ്കിലും ഇനിയുമേറെ ദൂരം മുന്നേറാനുണ്ട്.

എസ്.എന്‍.ഇ.സി, വാഫി-വഫിയ്യ കോളജുകള്‍, ജാമിഅ ജൂനിയര്‍ കോളജുകള്‍, ദാറുല്‍ഹുദാ ക്യാമ്പസുകള്‍, മറ്റു സ്ഥാപനങ്ങള്‍. കേരളത്തിലെ സമന്വയ വിദ്യാഭ്യാസ സംവിധാനം നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചുപോരുന്നത്. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് സി.ഐ.സി. കേരളത്തില്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന സംവിധാനമാണ് വാഫി-വഫിയ്യ കോഴ്‌സ്.

സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതരും നേതാക്കളും നേതൃത്വം നല്‍കുന്ന കോളജിലേക്കുള്ള പ്രവേശന പരീക്ഷ അടുത്തുവരികയാണ്. പത്താം ക്ലാസ് കഴിഞ്ഞ ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ദീനി പഠനവും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷമാണ് വാഫി-വഫിയ്യ നല്‍കുന്നത്. രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും എല്ലാവരും അവയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്യുക.

നന്മ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അല്ലാഹു വിജയിപ്പിക്കട്ടെ.

TAGS :

Next Story