"ആ പുരോഹിതന്റെ പ്രവര്‍ത്തിയെ നമുക്ക് സ്‌നേഹ ജിഹാദ് എന്നു വിളിക്കാം": സാദിഖലി തങ്ങള്‍
"രോഗബാധിതനായ ഉപ്പയെ നിത്യവും സന്ദര്‍ശിക്കുകയും സാന്ത്വനിപ്പിക്കുകുയം ചെയ്യുമായിരുന്നു ആ പുരോഹിതന്‍".
നിക്ഷിപ്ത താത്പര്യക്കാരുടെ തെറ്റായ പ്രയോഗം മൂലം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണ് 'ജിഹാദെ'ന്ന് സാദിഖലി ശിഹാബ് തങ്ങള്‍. തെറ്റായി വ്യാഖാനിക്കപ്പെടുന്ന ജിഹാദിന്റെ ശരിയായ അര്‍ഥം മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തം മുസ്‍ലിങ്ങള്‍ക്കുണ്ടെന്നും സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരള പൊതുമണ്ഡലത്തില്‍ വീണ്ടും ജിഹാദ് ചര്‍ച്ച ചൂടിപിടിച്ചിരിക്കെയാണ് 'സ്‌നേഹ ജിഹാദി'നെ കുറിച്ചുള്ള സാദിഖലി തങ്ങളുടെ ലേഖനം.
മഹത്തായ ലക്ഷ്യത്തിനു വേണ്ടി പരമാവധി കഴിവും അധ്വാനവും ചെലവഴിക്കുക എന്നുള്ളതാണ് ജിഹാദിന്റെ ഉദ്ദേശ്യം. ആര്‍ക്കുവേണ്ടി, ആര്‍ക്കെതിരെയാണ് ജിഹാദ് എന്നുള്ളതിനെ കുറിച്ചും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. സ്ത്രീകളും വൃദ്ധരും കുട്ടികളും അക്രമിക്കപ്പെടുമ്പോള്‍ നിങ്ങള്‍ പോരാട്ടത്തിനു സന്നദ്ധരാവാത്തത് എന്തുകൊണ്ടാണെന്ന ഖുര്‍ആനിന്റെ ചോദ്യം ജിഹദ് എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ആയുധം താഴെ വെക്കുക എന്നുള്ളത് മനുഷ്യപരോഗതിയുടെ ഭാഗമായി ഉണ്ടായിത്തീര്‍ന്ന മാറ്റമാണ്. ആദ്യ കാലത്തെ ജനങ്ങള്‍ നീതിയും സത്യവും നടപ്പിലാവാന്‍ ആയുധമെടുത്തെങ്കില്‍, മനുഷ്യന്‍ നീരായുധനായി സഹിഷ്ണുതയിലേക്ക് വളര്‍ന്ന ഇന്നത്തെ കാലത്ത് ജനാധിപത്യ മാര്‍ഗങ്ങളിലൂടെയുള്ള പോരാട്ടമായി ജിഹാദ് മാറിയിരിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ പറയുന്നു.
പ്രളയകാലത്തും ദുരിത കാലത്തും കേരളത്തിലെ യുവാക്കള്‍ കാണിച്ച അസാമാന്യമായ സമര്‍പ്പണ മനോഭാവം സ്‌നേഹ ജിഹാദിന് ഉദാഹരണമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അപൂര്‍വ രോഗംമൂലം ബുദ്ധിമുട്ടിയ പിഞ്ചുകുഞ്ഞിനായി നാടാകെ കൈകോര്‍ത്തത് ഈയടുത്ത് നാം കണ്ടതാണ്. ആ കുഞ്ഞിനായി ജാതി, മതഭേദമന്യേ ജനങ്ങള്‍ ഭീമമായ ചകിത്സാ തുക പിരിച്ചു നല്‍കിയതും നമ്മുടെയെല്ലാം മനസ്സിന്റെ നന്മയാണെന്നും തങ്ങള്‍ കുറിച്ചു.
രോഗബാധിതനായി മരണപ്പെട്ട ഉപ്പയുടെ മൃതശരീരം, തങ്ങള്‍ക്കു വേണ്ടപ്പെട്ട ക്രിസ്ത്യന്‍ പുരോഹിതന്‍ വരുന്നത് വരെ മറമാടാതെ സൂക്ഷിച്ച ഒരു കുടുംബത്തിന്റെ ഉദാഹരണവും സാദിഖലി തങ്ങള്‍ ലേഖനത്തില്‍ കുറിച്ചു. രോഗബാധിതനായ ഉപ്പയെ നിത്യവും സന്ദര്‍ശിക്കുകയും സാന്ത്വനിപ്പിക്കുകുയം ചെയ്യുമായിരുന്നു ആ പുരോഹിതന്‍. മടങ്ങും നേരം സഹായം ആവശ്യമുണ്ടോ എന്നും അദ്ദേഹം അന്വേഷിക്കും. അദ്ദേഹത്തിന് ഉപ്പയെ അവസാനമായി കാണാന്‍ വേണ്ടിയാണ് ഖബറടക്കാതെ കാത്തിരുന്നതെന്നായിരുന്നു ആ മക്കളുടെ പ്രതികരണം. ആ നല്ല മനസ്സിനുടമയായ പുരോഹിതന്റെ പ്രവര്‍ത്തിയാണ് സ്‌നേഹ ജിഹാദെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
സ്‌നേഹ ജിഹാദുകളുടെ കാലം
യഥാര്‍ത്ഥ അര്‍ത്ഥത്തിലും പ്രയോഗത്തിലും ഉപയോഗിച്ചാല്‍ ഒരുപാട് സാധ്യതകള്‍ ഉള്ള മനോഹരമായ രണ്ട് പദങ്ങളാണ് സ്‌നേഹവും ജിഹാദും. നിക്ഷിപ്ത താല്‍പര്യത്താല്‍ അവയെ ഒന്നിച്ച് ചേര്‍ത്തപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട് പോയതാണ്. സ്‌നേഹം എന്ന വാക്കിനെക്കുറിച്ച് ഏറെ വിശദീകരിക്കേണ്ടതില്ലല്ലോ. പക്ഷേ, ജിഹാദ് എന്ന പദത്തെ അതിന്റെ ഉത്ഭവഘട്ടം മുതല്‍ വിശദീകരിക്കേണ്ടി വരുന്നുമുണ്ട്. ഇസ്‌ലാമിക വിശ്വാസത്തില്‍നിന്നും ഗ്രന്ഥങ്ങളില്‍നിന്നും പുറത്തുവന്ന ഈ വാക്കിനെ ഇതര മതസ്ഥര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം മുസ്‌ലിം സമുദായത്തിന് തന്നെയാണ്. പലപ്പോഴും ഇസ്‌ലാം എന്ന മതത്തെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഈ പദം ഉപയോഗിക്കുന്നുണ്ട്.
ജിഹാദ്
മഹത്തായ ലക്ഷ്യത്തിന്‌വേണ്ടി പരമാവധി കഴിവും അധ്വാനവും ചെലവഴിക്കുക എന്നതാണ് 'ജിഹാദ്'കൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലാഹുവിന്റെ പ്രീതിക്ക്‌വേണ്ടി സുദീര്‍ഘവും ക്ലേശപൂര്‍ണ്ണവുമായ പോരാട്ടം കൂടിയാണത്. അവനവനകത്ത് തലപൊക്കുന്ന തിന്മകള്‍ക്കെതിരാണ് ആ പോരാട്ടം. മനുഷ്യനെ ശുദ്ധീകരിക്കുന്നതിന് ഈ പ്രക്രിയ അനിവാര്യമാണ്. എങ്കില്‍, 'ജിഹാദിന് യുദ്ധം എന്ന അര്‍ത്ഥമില്ലേ?' എന്ന ചോദ്യം ഉയര്‍ന്ന്‌വരിക സ്വാഭാവികമാണ്. ഉണ്ട് എന്നത് തന്നെയാണ് ഉത്തരം. ആരോട്? എപ്പോള്‍? എങ്ങനെ? എന്ന്കൂടി പറയുമ്പോള്‍ മാത്രമേ ആ ഉത്തരം പൂര്‍ണ്ണമാവൂ. ഇസ്‌ലാമിക ചരിത്രം പഠിക്കുന്നവര്‍ക്ക് ആ ചോദ്യത്തിക്കള്‍ക്കുള്ള ഉത്തരങ്ങള്‍ എളുപ്പമാണ്. പോരാട്ടം ജാഹിലിയ്യത്തിനെതിരായിട്ടാണ്. 'സ്ത്രീകളും വൃദ്ധരും കുട്ടികളും അക്രമിക്കപ്പെടുമ്പോള്‍ നിങ്ങള്‍ പോരാട്ടത്തിന് സന്നദ്ധരാവാത്തത് എന്തുകൊണ്ട്' എന്ന ഖുര്‍ ആനിലെ ചോദ്യത്തില്‍ നിന്ന് ജാഹിലിയ്യത്ത് എന്താണെന്ന് മനസ്സിലാക്കിയെടുക്കാനാവും.
അക്രമകാരികള്‍ക്കെതിരായിട്ടാണ് ആ സമരം. അത്തരം പോരാട്ടഘട്ടങ്ങളെക്കുറിച്ച് സൂക്ഷമത പാലിക്കാന്‍ ഖലീഫ ഉമറുബ്‌നു ഖത്താബ് (റ) ന്റെ വാക്കുകള്‍ നോക്കുക. 'ഇസ്‌ലാമില്‍ വളര്‍ന്നവരും ജാഹിലിയ്യത്തിനെ മനസ്സിലാക്കിയിട്ടില്ലാത്തവരുമായ ആളുകള്‍ ഇസ്‌ലാമിനെ പിരിപിരിയായി അഴിച്ചുമാറ്റുമെന്ന് ഞാന്‍ ഭയപ്പെടുന്നു'. അതായത് മതത്തെ തിരിച്ചറിയാതെ, എതിരാളിയെ മനസ്സിലാക്കാതെ ജിഹാദിന് ഒരുമ്പെടുന്നവര്‍ മതത്തെതന്നെ നശിപ്പിക്കുമെന്ന് അര്‍ത്ഥം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങളും ഭരണ സംവിധാനങ്ങളും നിലവില്‍ വന്ന പുതിയ കാലത്ത് അക്രമകാരികളെ നിലക്ക് നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ വ്യക്തികളോ മതങ്ങളോ ഏറ്റെടുക്കേണ്ടതില്ലല്ലോ. പഴയ കാലത്ത് മനുഷ്യര്‍ ആയുധങ്ങള്‍ ശരീരത്തില്‍ അണിഞ് നടന്നിരുന്നു. മൃഗങ്ങളില്‍നിന്നും അക്രമികളായ മനുഷ്യരില്‍നിന്നും രക്ഷ നേടാനാണ് ആയുധങ്ങള്‍ കൈയില്‍ സൂക്ഷിച്ചിരുന്നത്. സമൂഹത്തിലുണ്ടായ മാറ്റങ്ങളാണ് മനുഷ്യനെ നിരായുധനാക്കിയത്. അത്‌പോലെ തന്നെ ജാഹിലിയ്യത്തിനെതിരായ പോരാട്ടങ്ങള്‍ ജനാധിപത്യപരമായി നിര്‍വഹിക്കാവുന്ന ഒരു കാലത്തിലേക്ക് മാറുമ്പോള്‍ യുദ്ധങ്ങളും ആയുധങ്ങളും വ്യര്‍ത്ഥമാവുകയാണ്. പഴയ കാലത്ത് എല്ലാ ആശയ സംഹിതകള്‍ക്കും നിലനില്‍പ്പിന് വേണ്ടി സായുധ പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നിട്ടുണ്ട്. നിസ്വതയെക്കുറിച്ച് മാത്രം പറഞ്ഞ ശ്രീബുദ്ധന്റെ അനുയായികള്‍ക്ക്‌പോലും ആയുധാഭ്യാസം പരിശീലിക്കേണ്ടിവന്നത് അക്രമങ്ങള്‍ സഹിക്കാനാവാത്തത്‌കൊണ്ടായിരുന്നല്ലോ. മനുഷ്യര്‍ ജനാധിപത്യത്തിലേക്കും സഹിഷ്ണുതയിലേക്കും വളര്‍ന്ന കാലത്ത് പഴയ യുദ്ധകാലത്തെ ഓര്‍ക്കുകയല്ല വേണ്ടത്. അങ്ങനെ ജിഹാദ് സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും വഴിയിലുള്ള ആത്മീയ പരിശീലനമായിമാറുന്നു.
സ്‌നേഹത്തിന്റെ ജിഹാദ്
കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ വ്യവസ്ഥയില്‍ എല്ലാ കാലത്തും സ്‌നേഹത്തിന്റെ ജിഹാദ് ഉണ്ടായിട്ടുണ്ട്. പ്രണയം, വിവാഹം എന്ന വിവക്ഷയില്‍നിന്ന് മാറി സ്‌നേഹം ഒറ്റ അര്‍ത്ഥത്തില്‍ നോക്കിയാലും; യുദ്ധം, പോരാട്ടം എന്ന ധാരണകളെ ഒഴിവാക്കി നന്മ, സ്വയം ശുദ്ധീകരണം എന്ന രീതിയില്‍ ജിഹാദിനെ അറിഞ്ഞാലും നമുക്ക് ഒരു പാട് 'സ്‌നേഹജിഹാദുകള്‍' കാണാനാവും.
ഈ അടുത്ത കാലത്തുണ്ടായ രണ്ട് മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും ദുരന്തപൂര്‍ണ്ണവും വേദനാജനകവുമായ അനുഭവങ്ങളാണ് നമുക്ക് തന്നത്. പക്ഷേ ആ ദുരന്തമുഖത്ത് തന്നെ നാം സഹാനുഭൂതിയുടെയും സഹായ സന്നദ്ധതയുടെയും എത്രയെത്ര മനോഹര മുഹൂര്‍ത്തത്തള്‍ക്ക് സാക്ഷികളായി! സ്വജീവന്‍ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാനിറങ്ങിയ ചെറുപ്പക്കാരുടെ ആ ആത്മധൈര്യത്തെയല്ലേ നാം ജിഹാദ് എന്ന് വിളിക്കേണ്ടിയിരുന്നത്? ജീവനും സ്വത്തും നല്‍കി പരസഹായത്തിനിറങ്ങാന്‍ അവര്‍ ഏതെങ്കിലും മതനേതാക്കളുടെ ആഹ്വാനം കാത്ത് നിന്നില്ലല്ലോ. നമ്മുടെ മതനേതൃത്വവും ഇതില്‍ പങ്കാളികളാവാന്‍ മടിച്ച്‌നിന്നില്ല. പ്രളയത്തില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ആരാധനാലയം തുറന്ന്‌കൊടുത്ത ജനതയാണ് നാം, ആ മൃതശരീരത്തിന്റെ മതം ചോദിക്കാതെ. മതത്തിനതീതമായി സ്‌നേഹത്തെ ആഘോഷിക്കുന്ന ഒരു സാമൂഹ്യ ചുറ്റുപാട് പൂര്‍വികര്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
അപൂര്‍വ്വ രോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുഞ്ഞു സഹോദരന്റെ ചികിത്സക്ക് കോടികള്‍ പിരിച്ചെടുത്തത് ഈ കൊച്ചു കേരളത്തിന്റെ നന്മ മനസ്സില്‍ നിന്നായിരുന്നു. ആരും ആ കുട്ടിയുടെ മതം ചോദിച്ചില്ല. ഓരോ ഗ്രാമത്തിനും അത്തരം ഒരുപാട് ഹൃദ്യാനുഭവങ്ങള്‍ പറയാനുണ്ടാവും. ഒരു മരണ വീട്ടിലുണ്ടായ സംഭവം പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊരു മുസ്‌ലിം കുടുംബമായിരുന്നു. കാലങ്ങളായി അസുഖ ബാധിതനായി കിടക്കുന്ന ഗൃഹനാഥനാണ് മരണപ്പെട്ടിട്ടുള്ളത്. അന്ത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് മൃതദേഹം ഖബറിടത്തിലേക്ക് കൊണ്ട്‌പോകാന്‍ വീടിന്റെ മുറ്റത്ത് എത്തിയിട്ട് കുറച്ചേറെ സമയമായി. ആരെയോ കാത്തിരിക്കുകയാണ് വീട്ടുകാര്‍. സമയം വൈകിയെന്ന തരത്തില്‍ ചിലരൊക്കെ അക്ഷമരായി അടക്കം പറയാന്‍ തുടങ്ങി. ഈ സമയത്ത് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ അങ്ങോട്ട് കടന്നുവന്നു. പരേതന്റെ മക്കള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കൈകൂപ്പി. ആ പുരോഹിതന്‍ അവരെ ചേര്‍ത്ത്പിടിച്ച് ആശ്വസിപ്പിച്ചു. ശേഷം മൃതദേഹം ഖബറടക്കാന്‍ എടുത്തു.
ഈ സംഗതിയെ കുറിച്ച് അന്വേഷിച്ചവര്‍ക്ക് മറുപടിയായി ആ മക്കള്‍ പറഞ്ഞത് ഇതായിരുന്നു. 'ഒഴിവുള്ള സമയത്തെല്ലാം ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വരും. ബെഡില്‍നിന്ന് എഴുന്നേല്‍ക്കാനാവാത്ത ബാപ്പയെ സമാധാനിപ്പിച്ച് സംസാരിച്ചു കൊണ്ടിരിക്കും. അവസാനം പോകുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കും. ആ പുരോഹിതന്‍ വരാതെ ഉപ്പയുടെ സംസ്‌കാര ചടങ്ങ് തുടങ്ങരുതെന്ന ഞങ്ങളുടെ തീരുമാനം അത് കൊണ്ടായിരുന്നു.' ആ പുരോഹിതന്റെ പ്രവൃത്തിയെ നമുക്ക് 'സ്‌നേഹജിഹാദ്' എന്ന് വിളിക്കാം. അങ്ങനെ നൂറ് നൂറ് കഥകള്‍ പറയാനുണ്ടാവുമ്പോള്‍ നാമെന്തിന് അകന്ന്‌നില്‍ക്കണം? നമുക്ക് സ്‌നേഹ ജിഹാദിനെക്കുറിച്ച് സംസാരിച്ചു തുടങ്ങാം.
Adjust Story Font
16