Quantcast

യു.ഡി.എഫ് വിടുന്നതിനെക്കാൾ ആയിരം ഇരട്ടി കാരണങ്ങൾ മുന്നണിയിൽ ഉറച്ചുനിൽക്കാനുണ്ട്: സാദിഖലി തങ്ങൾ

മുന്നണിമാറ്റത്തിനായി ആരെങ്കിലും വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും തങ്ങൾ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-20 09:00:06.0

Published:

20 Nov 2023 8:54 AM GMT

Sadiqali Thangal statement against cpm relation
X

വയനാട്: മുസ്‌ലിം ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫിൽനിന്ന് പോകുന്നതിനേക്കാൾ ആയിരം ഇരട്ടി കാരണങ്ങൾ മുന്നണിയിൽ ഉറച്ചുനിൽക്കാനുണ്ട്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് ഒരിഞ്ച് വഴിമാറാൻ ലീഗില്ല. മുന്നണി മാറാൻ ബാങ്കിന്റെ വാതിൽപ്പടി കടക്കേണ്ട കാര്യം ലീഗിനില്ല. ആരെങ്കിലും മുന്നണിമാറ്റത്തിനായി വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും തങ്ങൾ പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ലീഗ് നടത്തിയ ജില്ലാ കാമ്പിലാണ് സാദിഖലി തങ്ങളുടെ വാക്കുകൾ.

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽഹമീദ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതോടെ ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ഏറ്റെടുത്തതിനെതിരെ ലീഗിൽ തന്നെ വലിയ അതൃപ്തിയുണ്ടായിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, എം.കെ മുനീർ തുടങ്ങിയ നേതാക്കൾ സി.പി.എം ബന്ധത്തെ ശക്തമായി എതിർക്കുന്നവരാണ്. നേതാക്കൾക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾ പരസ്യമായ സാഹചര്യത്തിലാണ് മുന്നണി മാറ്റമെന്ന പ്രചാരണങ്ങൾ പൂർണമായും തള്ളി സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കിയത്.

കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഹമീദ് മാസ്റ്റർ ഏറ്റെടുത്തത് പാർട്ടിയിൽ ചർച്ച ചെയ്യാതെയാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞിരുന്നു. സി.പി.എമ്മുമായി കൂട്ടുകൂടരുതെന്ന പൂക്കോയ തങ്ങളുടെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ട് കെ.പി.എ മജീദ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിണറായിയുടെ ആലയിൽ കെട്ടാനുള്ള പശുവല്ല മുസ്‌ലിം ലീഗ് എന്നായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം. മുതിർന്ന നേതാക്കൾ തന്നെ ഇത്തരത്തിൽ പരസ്യപ്രസ്താവന നടത്തിയതോടെ മുന്നണിമാറ്റ ചർച്ച നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ അണികൾക്കിടയിലും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സാദിഖലി തങ്ങൾ തന്നെ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

TAGS :

Next Story