സ്‌കൂൾ ബസുകളുടെ സുരക്ഷ; എറണാകുളത്ത് കർശന പരിശോധന
ആലുവ എടത്തലയില്‍ വിദ്യാര്‍ഥി സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കൊച്ചി: സ്കൂൾ ബസ്സുകളുടെ സുരക്ഷ പരിശോധന കർശനമാക്കാനൊരുങ്ങി എറണാകുളം ജില്ലാ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് ഉടൻ യോഗം ചേരും. ആലുവ എടത്തലയില്‍ വിദ്യാര്‍ഥി സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എടത്തലയിൽ വിദ്യാർഥി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവർക്കും സ്കൂൾ അധികൃതർക്കും വീഴ്ച പറ്റില്ലെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അനുവദനീയമായതിൽ അധികം വിദ്യാർത്ഥികളെ കയറ്റിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്.
എടത്തല സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയുന്ന സംവിധാനമായ സുരക്ഷാ ഗ്ലാസ് ഷീൽഡ് നഷ്ടമായതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സ്കൂളിന്റെ കീഴിലുള്ള ആറു ബസുകളിലും സമാന തകരാറുണ്ട്. ഈ വാഹനങ്ങളുടെ സുരക്ഷാ ഗ്ലാസ് ഷീൽഡ് ഘടിപ്പിച്ച ശേഷം മാത്രമേ സർവീസ് നടത്താൻ അനുമതി നൽകൂ.
അപകടമുണ്ടായ വാഹനം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹന പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് പൊലീസ് തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പും അന്വേഷണ റിപ്പോർട്ട് ഉടൻ ജില്ലാ കലക്ടർക്ക് സമർപ്പിക്കും.
Adjust Story Font
16