'ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കൂടുതൽ കേസുകളെടുക്കുമെന്ന് ഭീഷണിപ്പെടുത്തി'; സാമ്പത്തികത്തട്ടിപ്പ് കേസിൽ എസ്പിക്കെതിരെ സായ് ശങ്കർ ഹൈക്കോടതിയിൽ
എസ്.പി മോഹനചന്ദ്രന്റെയും സായിയുടെ സുഹൃത്തിന്റെയും ഫോൺ സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവ് സായ് ശങ്കർ ഹൈക്കോടതിയിൽ ഹാജരാക്കി
എറണാകുളം: കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്ന് ഐ.ടി വിദഗ്ധനായ സായ് ശങ്കർ ഹൈക്കോടതിയിൽ. തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണ്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രൻ പറഞ്ഞതായി സായ് ശങ്കർ ഹൈക്കോടതിയില്‍ പറഞ്ഞു. കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. കൂടാതെ എസ്.പി മോഹനചന്ദ്രന്റെയും സായിയുടെ സുഹൃത്തിന്റെയും ഫോൺ സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവ് സായ് ശങ്കർ ഹൈക്കോടതിയിൽ ഹാജരാക്കി.
ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് സായ്ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശി മിൻഹാജാണ് ഇയാള്‍ക്കെതിരെ പരാതി നൽകിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സായ് ശങ്കറിനെ പ്രതിചേർത്തു. ദിലീപിന്റെ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ സായ് ശങ്കർ നീക്കം ചെയ്തുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് സായ് ശങ്കറിനെ കേസിൽ പ്രതി ചേർത്തത്
Adjust Story Font
16