Quantcast

സൈനബ കൊലക്കേസ്: പ്രതി സമദുമായി തിരൂരിൽ തെളിവെടുപ്പ് നടത്തി

തിരൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്

MediaOne Logo

Web Desk

  • Updated:

    16 Nov 2023 11:47 AM

Published:

16 Nov 2023 10:52 AM

Sainaba murder: Evidence was taken in Tirur with accused Samad
X

മലപ്പുറം: കോഴിക്കോട് വെള്ളിപറമ്പിലെ സൈനബ(57)യുടെ കൊലപാതകത്തിൽ ഒന്നാം പ്രതി താനൂർ സ്വദേശി സമദു(52)മായി പൊലീസ് തിരൂരിൽ തെളിവെടുപ്പ് നടത്തി. തിരൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിലായിരുന്നു തെളിവെടുപ്പ് നടന്നത്. ഈ ലോഡ്ജിൽ വെച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. സൈനബ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സമദും കൂട്ടുപ്രതി ഗൂഡല്ലൂർ സ്വദേശി സുലൈമാനും ഈ ലോഡ്ജിൽ തങ്ങിയിരുന്നു. ഇവിടെ നിന്നാണ് ഇവർ കൊലപാതകം നടത്തിയ ദിവസം കോഴിക്കോടേക്ക് പോയത്. കേസിൽ സമദിനൊപ്പം സുലൈമാനും പൊലീസ് കസ്റ്റഡിയിലുണ്ട്.

കോഴിക്കോട് നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയ സൈനബയെ കൊന്നു നിലമ്പൂർ നാടുകാണി ചുരത്തിൽ തള്ളുകയായിരുന്നു പ്രതിയും കൂട്ടാളിയും. നിലമ്പൂർ നാടുകാണി ചുരത്തിൽ നിന്ന് മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. ഏഴാം തിയ്യതിയാണ് സൈനബയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കസബ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് മുഹമ്മദലി പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സൈനബയെ ഫോണിൽ വിളിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസിൽ പിടിയിലായ സമദ് പൊലീസിന് മൊഴി നൽകിയത്. സൈനബയുടെ കൈവശമുള്ള സ്വർണാഭരണത്തിനായാണ് കൊലപ്പെടുത്തിയതെന്നും പറഞ്ഞു. കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്നാണ് സമദും സുലൈമാനും കാറിൽ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ഇവർ സമദിന്റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ, മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ശേഷം ഗൂഡല്ലൂരിൽ പോയെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കവർച്ചയാണ് ലക്ഷ്യമെന്നാണ് പ്രതി പറയുന്നതെങ്കിലും പൊലീസ് മറ്റു കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

അതേസമയം, നവംബർ ഏഴാം തീയതി മുതൽ ഭാര്യയെ കാണാനില്ലായിരുന്നുവെന്നും പണവും സ്വർണവും കൈവശം ഉണ്ടായിരുന്നതായും സൈനബയുടെ ഭർത്താവ് മുഹമ്മദലി മീഡിയവണിനോട് പറഞ്ഞു. 17 പവൻ സ്വർണം ധരിച്ചിരുന്നതായും മൂന്നര ലക്ഷത്തോളം രൂപ കൈവശം സൂക്ഷിച്ചിരുന്നതായുമാണ് ഭർത്താവ് മുഹമ്മദലി പറഞ്ഞു.



TAGS :

Next Story