'രവിചന്ദ്രന് വിധേയനായി ഇനിയും പ്രവർത്തിക്കേണ്ട, അങ്ങനെയിറങ്ങി'; സജീവൻ അന്തിക്കാടിന്റെ കുറിപ്പ് | sajeevan anthikkadu fb post against c ravichandran

'രവിചന്ദ്രന് വിധേയനായി ഇനിയും പ്രവർത്തിക്കേണ്ട, അങ്ങനെയിറങ്ങി'; സജീവൻ അന്തിക്കാടിന്റെ കുറിപ്പ്

"നാസ്തികനായ ഗ്രൂപ്പിന് വിധേയമായി പ്രവർത്തിക്കുക എന്നതിന്റെ പച്ചമലയാള അർത്ഥം രവിചന്ദ്രന് വിധേയനായി പ്രവർത്തിക്കുക എന്നു മാത്രമാണ്"

MediaOne Logo

Web Desk

  • Published:

    4 Oct 2022 11:13 AM

രവിചന്ദ്രന് വിധേയനായി ഇനിയും പ്രവർത്തിക്കേണ്ട, അങ്ങനെയിറങ്ങി; സജീവൻ അന്തിക്കാടിന്റെ കുറിപ്പ്
X

യുക്തിവാദി നേതാവ് സി രവിചന്ദ്രനെതിരെ കടുത്ത വിമർശനവുമായി മുൻ സഹപ്രവർത്തകൻ സജീവൻ അന്തിക്കാട്. രവിചന്ദ്രന് സമ്പൂർണ നിയന്ത്രണമുള്ള നാസ്തികനായ ദൈവം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന് വിധേയമായി പ്രവർത്തിക്കുന്നവര്‍ക്കു മാത്രമേ എസൻസ് ഗ്ലോബലിൽ അംഗത്വം നല്‍കൂ എന്ന് അദ്ദേഹം ആരോപിച്ചു. 'രവിചന്ദ്രന് വിധേയനായി ഇനിയും പ്രവർത്തിക്കേണ്ടതില്ല' എന്നതു കൊണ്ടാണ് സംഘടനയിൽ നിന്ന് രാജിവച്ചതെന്ന് മുൻ പ്രസിഡണ്ട് കൂടിയായ സജീവൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സംഘടനയാണ് എസൻസ് ഗ്ലോബൽ.

'സംഘ് അനുകൂല എസൻസ് ഗ്ലോബൽ പിളർന്നു, യുക്തിവാദികൾക്കിടയിലും സംഘ് ആശയപ്രചാരണം ശക്തിപ്പെടുന്നു' എന്ന മാധ്യമം വാർത്ത പങ്കുവച്ചാണ് സജീവന്റെ കുറിപ്പ്.

നാസ്തികനായ ദൈവം ഗ്രൂപ്പിൽ ചേർന്നു കഴിഞ്ഞവർ മുഴുവൻ പേരും പിന്നീടൊരിക്കൽ രവിചന്ദ്രന് എതിരായിക്കഴിഞ്ഞാലും അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്നും ശാസിക്കാനോ അഡ്മിൻ സ്ഥാനം കളയാനോ പുറത്താക്കാനോ കഴിയില്ല. ആ ഗ്രൂപ്പിന് വിധേയമായി പ്രവർത്തിക്കുക എന്നതിന്റെ പച്ചമലയാള അർത്ഥം 'രവിചന്ദ്രന് വിധേയനായി പ്രവർത്തിക്കുക' എന്നതാണ്. ഇതിൽ വിയോജിപ്പുള്ളതു കൊണ്ടാണ് താൻ സംഘടനയിൽ നിന്നിറങ്ങിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ലാണ് എസൻസ് രൂപവത്കരിക്കപ്പെട്ടത് എന്ന് സജീവൻ പറയുന്നു. അതിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു താൻ. രണ്ടു വർഷത്തിനുള്ളിലാണ് സംഘടനയ്ക്കുള്ളിൽ ചേരികൾ രൂപപ്പെട്ടത്. രവിചന്ദ്രനെ മുൻനിർത്തി സംഘടനയെ മുമ്പോട്ടു കൊണ്ടു പോകണം എന്ന് വാദിച്ച ചേരിയെ നയിച്ചത് താനാണ്. എന്നാൽ അനേകം പ്രഭാഷകരിൽ ഒരാൾ മാത്രമാണ് രവിചന്ദ്രൻ എന്നാണ് മറ്റൊരു ചേരി വാദിച്ചത്. ഒരുമിച്ചു പോകാൻ കഴിയാത്തതു കൊണ്ട് പിളർന്നു. തങ്ങൾ ചേർന്ന് എസൻസ് ക്ലബ് ഗോബൽ എന്ന പേരിൽ 2018ൽ പുതിയ സംഘടന ആരംഭിച്ചു. അത് വഴിപിരിഞ്ഞാണ് എസൻസ് ഗ്ലോബൽ ആലപ്പുഴ എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിച്ചത്- അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നിരീശ്വരവാദികളുടെ 4 വയസ് പ്രായമുള്ള പുതിയ സംഘടനയായ എസൻസ് ഗ്ലോബൽ "സംഘ പരിവാര ബന്ധത്തിന്റെ പേരിൽ പിളർന്നു " എന്ന മാധ്യമം ദിനപത്രത്തിലെ വാർത്തയോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്.

ഇതിൽ പിളർപ്പ് എന്ന വിഷയം മാത്രം വിശദീകരിക്കാനാണ് ഈ കുറിപ്പ്.

സംഘ പരിവാര ബന്ധം ചർച്ച ചെയ്യാനുള്ള അറിവെനിക്കില്ല. എസൻസ് എന്ന സംഘടന തൃശൂരിൽ റജിസ്റ്റർ ചെയ്ത ഒരാളായതിനാൽ എനിക്കറിവുള്ള കാര്യം മാത്രം പറയാം. ഈ വിഷയത്തോട് താൽപര്യമില്ലാത്ത എന്റെ സ്ഥിരം വായനക്കാർ ഈ post skip ചെയ്യുമല്ലോ. 2016 ലാണ് എസൻസ് എന്ന സംഘടന രൂപീകരിക്കുന്നത്. അതിന്റെ സ്ഥാപക പ്രസിഡണ്ടും പിന്നീട് വാർഷിക സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടും ഞാൻ തന്നെയായിരുന്നു.

രണ്ടു വർഷം അങ്ങനെ പോയി, 2018 ആയപ്പോഴക്കും ആ സംഘടനക്കുള്ളിൽ രണ്ട് ചേരികൾ രൂപപ്പെട്ടു. ഒരു സംഘടന ശക്തിപ്രാപിക്കണമെങ്കിൽ ആ സംഘടനക്ക് അനുയോജ്യമായ കഴിവുകളുള്ള ഒരു വ്യക്തിയെ ഉയർത്തിക്കാട്ടണമെന്നും അദ്ദേഹത്തോടൊപ്പം മുന്നോട്ടു പോകണമെന്നും ഒരു ചേരി വാദിച്ചു.

SNDP യൊക്കെ ഗുരുദേവനെ ഉയർത്തിക്കാട്ടിയതുപോലെ കോൺഗ്രസ് ഗാന്ധിയെ മുൻ നിർത്തി പ്രവർത്തിച്ചതു പോലെ പ്രഭാഷകസിംഹമായ രവിചന്ദ്രൻ സി യെ എസൻസ് മുന്നോട്ടു വെക്കണമെന്ന് ഒരു ചേരി വാദിച്ചു. ആ ചേരിയെ ഞാനാണ് നയിച്ചത്. സംഘടനയുടെ എക്സിക്യൂട്ടീവിൽ ആ ചേരിക്കൊപ്പം 3 പേർ ഉണ്ടായിരുന്നു.

സംഘടന സംഘടനായി മുന്നോട്ടു പോകണമെന്നും സംഘടനയുടെ പരിപാടികളിൽ പ്രഭാഷിക്കാൻ വരുന്ന പ്രഭാഷകരിൽ ഒരാൾ മാത്രമാണ് രവിചന്ദ്രനെന്നും മറ്റേ ചേരി വാദിച്ചു. മറ്റേ ചേരിയിൽ 5 പേർ ഉണ്ടായിരുന്നു. സ്വാഭാവികമായും രണ്ടു കൂട്ടർക്കും ഒരുമിച്ച് പോകാൻ പറ്റിയില്ല. രണ്ട് കൂട്ടരും പ്രത്യേകം സമ്മേളനങ്ങൾ വിളിച്ചു. പരസ്പരം ചെളിയെറിഞ്ഞു. കേസായി കൂട്ടമായി. തുടർന്ന് എസൻസ് ക്ലബ്ബ് റജിസ്റ്റർ ചെയ്ത ഓഫീസിൽ പരാതിയെത്തി.

"ഇനി കേസും കഴിഞ്ഞ് വാ" എന്നവർ പറഞ്ഞതോടെ സംഘടന ഔദ്യോഗികമായി ആർക്കും അവകാശപ്പെടാൻ പറ്റാത്ത അവസ്ഥയിലായി, ഈ പ്രശ്നത്തെ മറികടക്കാനാണ് രവിചന്ദ്രനും രവിചന്ദ്രനോട് അടുപ്പം പുലർത്തുന്നവരും കൂടിയാലോചിച്ച് എസൻസ് ക്ലബ് ഗ്ലോബൽ എന്ന പുതിയ സംഘടനയുണ്ടാക്കുന്നത് .2018 ലാണത്.ആ സംഘടനയും ഞാൻ സ്ഥാപക പ്രസിഡണ്ടായി തന്നെയാണ് റജിസ്റ്റർ ചെയ്തത്. പിന്നീട് സമ്മേളനം കൂടി റഷിദ് PP യെ പ്രസിഡണ്ടായും പ്രമോദ് എഴുമാറ്റൂരിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ട്രഷററായി അജേഷ് കുമാറും എക്സികൂട്ടിവ് അംഗങ്ങളായി ഞാനും കമലാലയം രാജനും വേറെ രണ്ടു പേരും. പിന്നീട് 2019 ൽ വീണ്ടും പൊതുയോഗം കൂടി വിശാലമായ 41 പേരുടെ ഒരു എക്സിക്യൂട്ടീവ് ബോഡിയും പുതിയ പ്രസിഡണ്ടിനെയും തെരഞ്ഞെടുത്തു. ആ കമ്മറ്റിയാണ് കോഴിക്കോട് ലിറ്റ്മസ് നടത്തിയത്.

ലിറ്റ്മസിനു ശേഷം വീണ്ടും സംഘടനക്കുള്ളിൽ പ്രശ്നങ്ങളുണ്ടായി. "രവിചന്ദ്രൻ സംഘടനക്കുള്ളിലെ കട്ട അനുയായികളെ വെച്ച് ഏകാധിപത്യ പ്രവണതയോടെ കാര്യങ്ങൾ നടപ്പാക്കുന്നു " എന്ന് ചിലർ പറഞ്ഞു തുടങ്ങി. അവർക്ക് സംഘടന വിട്ടു പോകേണ്ടി വന്നു. അങ്ങനെ സംഘടനയിൽ നിന്ന് പലപ്പോഴായി വിട്ടുപോയ ചിലരാണ് എസൻസ് ഗ്ലോബൽ ആലപ്പുഴ എന്ന പുതിയ സംഘടന രൂപീകരിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. (എന്റെ അറിവിൽ)

41 അംഗ കമ്മറ്റിയിൽ നിന്ന് ഇറങ്ങിപ്പോയവർ പുതിയ സംഘടന ഉണ്ടാക്കിയാൽ പിളർപ്പ് എന്ന് തന്നെയാണ് പറയുക. ഉദാഹരണത്തിന് 1964 ലെ കമൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്. ന്യൂനപക്ഷമായ 32 പേർ ഇറങ്ങിപ്പോയി ഉണ്ടാക്കിയ പാർട്ടിയാണല്ലോ ഇന്നത്തെ സിപിഎം. ( എസൻസ് ഗ്ലോബൽ ആലപ്പുഴ എന്ന സംഘടനയുടെ മിനിറ്റ്സും റജിസ്ട്രേഷനും നോക്കാതെ സാഹചര്യ തെളിവ് വെച്ച് ഞാൻ കുറെ പേരുകൾ എഴുതി വെച്ചിരുന്നു. പക്ഷെ അത് തെറ്റാണെന്ന് മനസ്സിലാക്കിയതിനാൽ തിരുത്തുന്നു. അങ്ങനെ എഴുതേണ്ടി വന്നതിൽ ഖേദിക്കുന്നു)

അപ്പോൾ സാങ്കേതികമായി പിളർപ്പ് തന്നെയാണ് നടന്നത് എന്ന് പറയാം. എന്നിട്ടും രവിച്ചന്ദ്രനടങ്ങുന്ന വലിയ പക്ഷം പിളർപ്പില്ല എന്ന് പറയുന്നുണ്ടെങ്കിൽ അതിനൊരു പ്രധാനപ്പെട്ട കാര്യം ഉണ്ടായിരിക്കേണ്ടേ? ശരിക്കും അങ്ങനൊരു കാര്യമുണ്ട്. എസൻസ് ഗ്ലോബൽ എന്ന സംഘടനയുടെ നിയമാവലിയിൽ പ്രത്യേകമായി ഒരു കാര്യം എഴുതി ചേർത്തിട്ടുണ്ട്. "നാസ്തികനായ ദൈവം എന്ന ഗ്രൂപ്പിന് വിധേയമായിട്ടായിരിക്കണം എസൻസ് ഗ്ലോബൽ പ്രവർത്തിക്കേണ്ടത് " എന്നാണാ നിയമം.

ഏതാണ് നാസ്തികനായ ദൈവം ഗ്രൂപ്പ് ? അത് രവിചന്ദ്രന് ഫേസ്ബുക്കിലുള്ള ഒരു രഹസ്യഗ്രൂപ്പാണ്. പരിപൂർണ്ണമായും രവിചന്ദ്രന്റെ സ്വന്തമായ ഗ്രൂപ്പ്. അദ്ദേഹത്തിനിഷ്ടപ്പെട്ടവരെ മാത്രമെ അവിടെ ചേർക്കാനാകൂ. ആ ഗ്രൂപ്പിൽ ചേർന്നു കഴിഞ്ഞവർ മുഴുവൻ പേരും പിന്നീടൊരിക്കൽ രവിചന്ദ്രന് എതിരായിക്കഴിഞ്ഞാലും രവിചന്ദ്രനെ ഗ്രൂപ്പിൽ നിന്നും ശാസിക്കാനോ അഡ്മിൻ സ്ഥാനം കളയാനോ പുറത്താക്കാനോ കഴിയില്ല. ഹി ഈസ് ദി ഓൺലി പ്രൊപ്രൈറ്റർ ഓഫ് ദാറ്റ് ഫേം.

നാസ്തികനായ ഗ്രൂപ്പിന് വിധേയമായി പ്രവർത്തിക്കുക എന്നതിന്റെ പച്ചമലയാള അർത്ഥം "രവിചന്ദ്രന് വിധേയനായി പ്രവർത്തിക്കുക " എന്ന് മാത്രമാണ്. അതു കൊണ്ടാണ് എസൻസ് ഗ്ലോബലിൽ പിളർപ്പ് നടന്നിട്ടില്ല എന്നവർക്ക് ആധികാരികമായി പറയാൻ കഴിയുന്നത്. ഒരാൾക്ക് രവിചന്ദ്രന് വിധേയനായി പ്രവർത്തിക്കാൻ പറ്റുന്നില്ലെങ്കിൽ ഗ്രൂപ്പിൽ നിന്നും സംഘടനയിൽ നിന്നും വിട്ടു പോകുക മാത്രമെ നിവൃത്തിയുള്ളൂ.

ഉദാഹരണമായി എസൻസിന്റെ പ്രസിഡണ്ടും എക്സികൂട്ടിവ് അംഗവുമായിരുന്ന ഞാനും ട്രഷറർ ആയ അജേഷ് കുമാറും "രവിചന്ദ്രന് വിധേയനായി ഇനിയും പ്രവർത്തിക്കേണ്ട " എന്ന് തീരുമാനിച്ചപ്പോൾ എല്ലാ ഔദ്യോഗിക രേഖകളും അവർക്ക് കൊടുത്ത് അവിടന്നിറങ്ങുകയാണ് ചെയ്തത്.

ലിറ്റ്മസ് എന്ന കോൺസെപ്റ്റ്

ദൈവ വിശ്വാസികൾ ചെയ്യുന്ന അതേ തന്ത്രങ്ങൾ പ്രയോഗിച്ചാൽ നിരീശ്വരവാദവും വളർത്താൻ കഴിയും എന്ന തോട്ട് ഞങ്ങൾ കുറച്ചുപേർക്ക് പണ്ടേ ഉണ്ടായിരുന്നു. അത് കൊണ്ടാണ് വൻ പ്രചാരണ പ്രവർത്തനങ്ങളും രവിചന്ദ്രന്റെ കൂറ്റൻ ഫ്ളക്സുകളും വെച്ച് ഞങ്ങൾ പ്രോഗാമുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ലിറ്റ്മസ് നിരീശ്വരത്വത്തിന്റെ ആഘോഷമായിരുന്നു.

ഈ ലിറ്റ്മസും അതിനെ മറികടക്കും എന്ന കാര്യത്തിൽ സംശയമില്ല. ആളുകൾക്കുള്ളിൽ നിരീശ്വരവാദ മനോഭാവം ഉണ്ടാകുക എന്നത് അതിപ്രധാനമായി ഞാൻ കരുതുന്നു. അതുകൊണ്ട് ഞാൻ ലിറ്റ്മസിനെ പിന്തുണക്കുന്നു. ബദൽ എസൻസുകർ നടത്തുന്ന നാം എന്ന പരിപാടിയെയും പ്രതീക്ഷയോടെ കാണുന്നു.

"നാസ്തികനാണ് , പക്ഷെ സംഘിയല്ലേ " എന്നൊക്കെയുള്ള കളിയാക്കലിനൊപ്പം ഞാനില്ല. ഈശ്വരവിശ്വാസിയായ ഒരാളാണ് നിരീശ്വര മനോഭാവത്തിലെത്തുന്നത് എന്ന തിരിച്ചറിവുള്ളതു കൊണ്ടാണത്. ഒരാൾക്ക് ഒറ്റയടിക്ക് വേറൊരാളായി മാറാനാകില്ല. പഴയ വിശ്വാസത്തിന്റെ അംശങ്ങൾ അയാളിൽ ഉണ്ടായിരിക്കും. പാതി സംഘി , പാതി സുഡാപ്പി എന്നിങ്ങനെയുളള ഇടനിലകൾ ഉറപ്പാണ്.

പതിയെ പതിയെ മാത്രമെ നിരീശ്വരവാദി യഥാർത്ഥ സ്വതന്ത്ര ചിന്തകനായി പരിണമിക്കുകയുള്ളു. പക്ഷെ പരിണമിച്ചു കഴിഞ്ഞാൽ അന്നവർ ഏകാധിപതിയുടെ തലവെട്ടിമാറ്റും. കാരണം ഏകാധിപതിയുള്ളിടത്ത് സ്വതന്ത്ര ചിന്തകന് ജീവിക്കാൻ പറ്റില്ലല്ലോ.

TAGS :

Next Story