ലോട്ടറിയടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ
ഭാഗ്യക്കുറി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കള്‍ക്ക് ഒരുക്കിയ മദ്യസല്‍ക്കാരത്തിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്
മരിച്ച സജീവ്,പ്രതി സന്തോഷ്
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ലോട്ടറി അടിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സജീവിന്റെ സുഹൃത്ത് പാങ്ങോട് സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടയില്‍ സജീവനെ സന്തോഷ് മണ്‍തിട്ടയില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സജീവിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണം.
മാർച്ചിലാണ് പാങ്ങോട് സ്വദേശിയായ സജീവന് 80 ലക്ഷം രൂപ ലോട്ടറി അടിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക ദിവസങ്ങൾക്കകം ബാങ്കിലെത്തി. ഭാഗ്യക്കുറി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കളുമായി ആഘോഷിക്കാനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച സജീവൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പിറ്റേദിവസം സുഹൃത്തിന്റെ വീട്ടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ പരിക്കേറ്റ നിലയിൽ സജീവനെ കണ്ടെത്തി. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ എത്തിയാണ് സജീവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സജീവൻ കഴിഞ്ഞദിസവം രാത്രി മരിച്ചു. സജീവന്റെ മരണം കൊലപാതകമാണെന്ന് കാട്ടി കുടുംബാംഗങ്ങൾ പരാതി നൽകുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സജീവന്റെ സുഹൃത്ത് മായാവി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപാനത്തിനിടെ സുഹൃത്തായ സന്തോഷുമായി തർക്കം ഉണ്ടായി എന്നും പിടിച്ചു തള്ളിയതിനിടെ താഴേക്ക് വീഴുകയായിരുന്നു എന്നും സജീവൻ പറഞ്ഞിരുന്നതായി സഹോദരൻ നേരത്തെ ഉന്നയിച്ചിരുന്നു.
Adjust Story Font
16