Quantcast

'ഖേദം പ്രകടിപ്പിക്കുന്നതായി സച്ചിദാനന്ദൻ അറിയിച്ചതോടെ ആ പ്രശ്നം അവിടെ തീർന്നു'; വിവാദത്തിൽ മന്ത്രി സജി ചെറിയാൻ

രണ്ടര മണിക്കൂർ സംസാരിച്ചിട്ട് 2400 രൂപ മാത്രമാണ് പ്രതിഫലമായി നൽകിയതെന്നും അക്കാദമിയുടെ സാഹിത്യ ആവശ്യങ്ങൾക്കായി വിളിച്ചുവരുത്തി അപമാനിക്കരുതെന്നുമായിരുന്നു ചുള്ളിക്കാട് പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-02-03 12:35:49.0

Published:

3 Feb 2024 11:36 AM GMT

Minister Saji Cherian about Hema committee report
X

തൃശൂർ: ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷ് ഖേദം പ്രകടിപ്പിച്ചതോടുകൂടി ആ വിഷയം അവസാനിച്ചുവെന്നും ബാലചന്ദ്രൻ ചുള്ളിക്കാടുമായി താൻ സംസാരിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിൽ വിളിച്ചുവരുത്തി തുച്ഛമായ തുക നൽകി അപമാനിച്ചെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സാഹിത്യകാരന്മാർക്ക് മറ്റു കലാകാരന്മാർക്ക് ലഭിക്കുന്നതുപോലെ പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവം അദ്ദേഹം പങ്കുവെച്ചുവെന്നും അത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും താൻ ഉറപ്പു നൽകിയെന്നും പറഞ്ഞു. ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ടെന്നും അദ്ദേഹത്തിന്റേത് ആയിരം രൂപയുടെ പ്രശ്‌നമല്ലെന്നും അതൊരു പൊതു വിമർശനമാണെന്നും ചൂണ്ടിക്കാട്ടി. പറ്റിയ തെറ്റ് സാഹിത്യ അക്കാദമിക്ക് തന്നെ തിരുത്തിയിട്ടുണ്ടെന്നും സച്ചിദാനന്ദൻ മാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പറയാൻ ആളല്ലെന്നും പറഞ്ഞു. ഒരു ഉത്സവത്തിനും സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സർക്കാർ നൽകേണ്ട തുക കൃത്യമായി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ചോദിക്കുന്ന മുഴുവൻ പണവും നൽകാനാവില്ലെങ്കിലും ആവശ്യമുള്ളത് നൽകുമെന്നും അല്ലാത്തത് കണ്ടെത്തുമെന്നും പറഞ്ഞു.

അതിനിടെ, ചുള്ളിക്കാടിനെതിരെ സച്ചിദാന്ദൻ വിമർശനക്കുറിപ്പ് എഴുതിയെങ്കിലും പിന്നീട് പിൻവലിച്ചു. യാത്രാ പടിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ കൊണ്ടു വരികയാണ് ശരിയായ വഴിയെന്നും അങ്ങനെ വന്ന പരാതികൾ എല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം കുറിച്ചത്. പ്രശ്‌നം വിവാദമായി സാഹിത്യ ശത്രുക്കൾക്ക് ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നുവെന്നും പൈസ വാങ്ങാതെ താൻ അനേകം പരിപാടിക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കണക്ക് പറയാൻ അറിഞ്ഞു കൂടെന്നും പറഞ്ഞ സച്ചിദാനന്ദൻ പോസ്റ്റ് പിന്നീട് പിൻവലിക്കുകയായിരുന്നു.



കുമാരനാശാനെ കുറിച്ച് രണ്ടര മണിക്കൂർ സംസാരിച്ചിട്ട് 2400 രൂപ മാത്രമാണ് പ്രതിഫലമായി നൽകിയതെന്നും അക്കാദമിയുടെ സാഹിത്യ ആവശ്യങ്ങൾക്കായി വിളിച്ചുവരുത്തി അപമാനിക്കരുതെന്നുമായിരുന്നു ചുള്ളിക്കാട് പറഞ്ഞത്. സാഹിത്യ അക്കാദമി നടത്തുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാനാണ് ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിളിച്ചത്. ജനുവരി 30 ന് നടന്ന പരിപാടിയിൽ രണ്ടു മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന വിഷയാവതരണത്തിന് ശേഷം പ്രതിഫലമായി രണ്ടായിരത്തിനാനൂറു രൂപ നൽകി അപമാനിച്ചുവെന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനം. എറണാകുളത്തു നിന്ന് തൃശൂർവരെയെത്തിയ ടാക്‌സി ചാർജ് അടക്കം 3500 രൂപ ചെലവായി. ബാക്കി 1100 രൂപ താൻ നൽകിയത് സീരിയലിൽ അഭിനയിച്ചു നേടിയ പണത്തിൽ നിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താൻ വന്നിട്ടില്ല. സാംസ്‌കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് കുറിപ്പിൽ പറയുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് ഉണ്ടായ വിഷമത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ ഖേദം പ്രകടിപ്പിച്ചു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പോസ്റ്റിനെ തുടർന്ന് സാഹിത്യ അക്കാദമിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉയർന്നിരുന്നു.



TAGS :

Next Story