'സജി ചെറിയാൻ രാജിവെക്കണം'; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
'രാജിവെച്ചില്ലെങ്കിൽ നിയമപരമായി നേരിടും'
തിരുവനന്തപുരം: സജി ചെറിയാൻ രാജിവെക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. മന്ത്രിയുടെ രാജിക്കായി സമരം ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം. മന്ത്രി രാജിവെച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാ നിന്ദയിൽ നടപടി വേണം. രാജി വെക്കാനുള്ള സമ്മർദ്ദം രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുണ്ടാകും. മറ്റന്നാൾ ഭരണഘടനാ പ്രതിജ്ഞയെടുത്തു പ്രതിഷേധിക്കുമെന്നും സുധാകരൻ കൂട്ടിച്ചർത്തു.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആൾ ഇങ്ങനെ പറയുന്നത് ശരിയല്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചിന്തിച്ച് സംസാരിക്കണം. മന്ത്രിയാകുമ്പോൾ കുറച്ച് കൂടെ ഉത്തരവാദിത്തമുണ്ട്. ബ്രിട്ടീഷുകാരാണ് എഴുതിയതെന്നത് അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. അറിവില്ലായ്മ രാഷ്ട്രീയത്തിൽ ഒരു അയോഗ്യത അല്ലെന്നും തരൂർ പറഞ്ഞു.
സജി ചെറിയാന്റെ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ഒരിക്കലും ഒരു മന്ത്രിയുടെ ഭാഗത്ത്നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകേണ്ടതല്ല. രാജിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16