Quantcast

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി; സജി ചെറിയാന്‍ പങ്കെടുക്കുന്നില്ല

മന്ത്രി രാജിവെച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ വന്ന ഒഴിവ് നികത്തണമോ എന്ന കാര്യത്തില്‍ നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2022-07-08 06:39:33.0

Published:

8 July 2022 5:25 AM GMT

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി; സജി ചെറിയാന്‍ പങ്കെടുക്കുന്നില്ല
X

തിരുവനന്തപുരം: സജി ചെറിയാന്‍ രാജിവച്ച ഒഴിവില്‍ പുതിയ മന്ത്രി വേണോയെന്ന് തീരുമാനിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. സജി ചെറിയാൻ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ആലപ്പുഴയിൽ പരിപാടി ഉള്ളതിനാൽ പങ്കെടുക്കുന്നില്ലെന്നാണ് വിശദീകരണം.

സജി ചെറിയാന്‍റെ ഭരണഘടനാനിന്ദ പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് നേതൃത്വം രാജി ആവശ്യപ്പെട്ടത്. മന്ത്രി രാജിവെച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ വന്ന ഒഴിവ് നികത്തണമോ എന്ന കാര്യത്തില്‍ നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടായേക്കും. നിലവില്‍ പുതിയ മന്ത്രി വേണ്ട എന്ന ധാരണയാണ് നേതൃതലത്തില്‍ ഉള്ളത്.

സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക,സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ മന്ത്രി വേണ്ട എന്ന തീരുമാനം എടുത്താല്‍ മറ്റ് സിപിഎം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയേക്കും. കോടതിയില്‍ നിന്ന് സജി ചെറിയാന് അനുകൂല നിലപാട് ഉണ്ടായാല്‍ തിരിച്ച് വരാനുള്ള സാധ്യത കൂടി സി.പി.എം തുറന്നിടുന്നുണ്ട്. എന്നാല്‍ നിയമപരമായി കൂടി തിരിച്ചടി നേരിട്ടാല്‍ അപ്പോള്‍ പുതിയ മന്ത്രിയെ കുറിച്ച് ആലോചിക്കും. അങ്ങനെയെങ്കില്‍ സംസ്ഥാന സമിതി വിളിച്ച് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.

അതേസമയം സജി ചെറിയാന്‍റെ പ്രസ്താവനയെ സിപിഎം നേതൃത്വം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടി നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും. നിലവില്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിലെ ധാരണ. പ്രതിപക്ഷം രാജി ആവശ്യം കടുപ്പിക്കാത്തതും അനുകൂലമായിട്ടാണ് സി.പി.എം കാണുന്നത്. കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ രാജിയെ കുറിച്ച് അപ്പോള്‍ ആലോചിക്കാമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.

TAGS :

Next Story