ശമ്പള പ്രതിസന്ധി: ചന്ദ്രിക ജീവനക്കാർക്ക് പത്ത് കോടി രൂപ നൽകി മുസ്ലീം ലീഗ്
'ഹദിയയെന്ന നൂതനവും സുതാര്യവുമായ ഒരു പുതിയ പരീക്ഷണത്തിലൂടെ പാർട്ടിഫണ്ട് സമാഹരണം വിജയകരമായി പര്യവസാനിച്ചപ്പോൾ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.'
മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ ജീവനക്കാർക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങൾ നൽകിത്തുടങ്ങിയതായി പിഎംഎ സലാം. ഇതുമായി ബന്ധപ്പെട്ട 27 കുടുംബങ്ങൾക്ക് പത്തുകോടി രൂപ കൈമാറുന്ന ചടങ്ങ് ഇന്ന് കോഴിക്കോട് ചന്ദ്രിക ദിനപത്രത്തിന്റെ ആസ്ഥാനത്ത് നടന്നു. ഹദിയ എന്ന പേരിൽ മുസ്ലീം ലീഗ് നടത്തിയ ഫണ്ട് പിരിവിൽ നിന്ന് ലഭിച്ച തുകയിൽ നിന്നാണ് തുക കണ്ടെത്തിയെതന്നും പിഎംഎ സലാം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുസ്ലീംലീഗ് പാർട്ടിയെ കഴിഞ്ഞ കുറച്ച് കാലമായി ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു ചന്ദ്രികയുമായി ബന്ധപ്പെട്ട ബാദ്ധ്യതകൾ. സർവ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് നൽകേണ്ടുന്ന നിയമപരമായ ആനുകല്യങ്ങൾ പോലും നൽകാൻ കഴിയാതെ പോയി.
കോവിഡ് സാഹചര്യത്തിലും ഭരണമാറ്റത്തിലുമൊക്കെയുണ്ടായ പരസ്യങ്ങളുടെ കുറവും പത്രക്കടലാസുകളടക്കമുള്ള സാധനങ്ങളുടെ വൻ വിലക്കയറ്റവുമൊക്കെ സാമ്പത്തിക ഞെരുക്കത്തിന് ഹേതുവായി എന്നതാണ് സത്യം. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകാലത്തോളം പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ ചന്ദ്രിക യുടെ പങ്ക് ചെറുതായിരുന്നില്ല. ചന്ദ്രികയെന്നത് ഒരു വലിയ ജനസമൂഹത്തിന്റെ ജീവസ്പന്ദനമായിരുന്നു . അത് കൊണ്ടുതന്നെ ഒരുപുരുഷായുസ്സു മുഴുവൻ ചന്ദ്രികയെ സേവിച്ചവരുടെ വേദന ശമിപ്പിക്കാൻ പാർട്ടി അഹോരാത്രം ശ്രമിച്ചു.
ഹദിയയെന്ന നൂതനവും സുതാര്യവുമായ ഒരു പുതിയ പരീക്ഷണത്തിലൂടെ പാർട്ടിഫണ്ട് സമാഹരണം വിജയകരമായി പര്യവസാനിച്ചപ്പോൾ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.
27 കുടുംബങ്ങൾക്കായി പത്തു കോടിയോളം രൂപ വിവിധ ഇനങ്ങളിലായി കൈമാറിയ അനർഘ നിമിഷങ്ങളായിരുന്നു ഇന്ന് വൈകുന്നേരം കോഴിക്കോട് ചന്ദ്രിക അങ്കണത്തിൽ. പലരുടേയും മിഴികളിലൂടെ സന്തേഷാശ്രുക്കളാണ് നിറഞ്ഞൊഴുകിയത്. വേദിനിറഞ്ഞിരുന്ന നേതാക്കളും സദസ്സും ഇന്നത്തെ മനോഹരസന്ധ്യയിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ഉള്ളു നിറഞ്ഞ് ആഹ്ലാദിച്ചപ്പോൾ ഈ പക്രിയയിൽ ഒരു എളിയ പങ്ക് വഹിക്കാനായതിൽ സർവ്വശക്തനായ നാഥന് സ്തുതികളർപ്പിച്ച് തികഞ്ഞ സംതൃപ്തിയോടെയാണ് വേദിയിൽ നിന്ന് ഇറങ്ങിയത്.
ഹദിയ ക്യാമ്പയിൻ വൻ വിജയമാക്കുന്നിനായി യത്‌നിച്ച മുഴുവൻ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഏറെ സന്തോഷിക്കാനുളള ഒരു സുദിനം തന്നെയാണ് ഇന്ന്.
Adjust Story Font
16