ശമ്പളം മുടങ്ങി; തല മൊട്ടയടിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പ്രതിഷേധം
വടിച്ച മുടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ധനമന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും അയച്ചുകൊടുക്കുമെന്ന് നിലമ്പൂർ ഡിപ്പോയിൽ മെക്കാനിക്കൽ ജീവനക്കാരനായ ഇ.ഡി തോമസ് പറഞ്ഞു
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോക്ക് മുന്നിലാണ് മെക്കാനിക്കൽ ജീവനക്കാരനായ ഇ.ഡി തോമസ് തല മൊട്ടയടിച്ചത്.
രാഷ്ട്രീയരഹിത സ്വതന്ത്ര സംഘടന എന്ന പേരിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയിസ് വെൽഫെയർ അസോസിയേഷന്റെ(കെ.എസ്.ആര്‍.ടി.ഇ.ഡബ്ല്യു.എ) ബാനറുയർത്തിയായിരുന്നു തോമസിന്റെ പ്രതിഷേധം. മകനാണ് മൊട്ടയടിച്ചുകൊടുത്തത്. വടിച്ച മുടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ധനമന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും അയച്ചുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
''എന്റെ മകന് പുതിയ തൊഴിൽ പഠിപ്പിക്കാൻ കാരണക്കാരായ ബഹുമാനപ്പെട്ട, വാക്കുപാലിക്കാത്ത കേരള മുഖ്യമന്ത്രിക്കും കെഎസ്ആർടിസി ജീവനക്കാരന് ശമ്പളം നൽകാൻ വിസമ്മതിച്ച ധനമന്ത്രിക്കും സ്വന്തം വകുപ്പിനെ ജീവനക്കാരന് ശമ്പളം നൽകാൻ നട്ടെല്ലില്ലാത്ത വകുപ്പു മന്ത്രിക്കും ജീവനക്കാരെ സമൂഹജീവിതത്തിൽ അപമാനിതരാക്കിയ എംഡി ബിജു പ്രഭാകർ സാറിനും എന്റെ മകന്റെ ഗുരുദക്ഷിണയായി ഈ മുടി നാല് കവറുകളിലാക്കി അയച്ചുകൊടുക്കും''-തലമുണ്ഡനം ചെയ്ത ശേഷം ഇ.ഡി തോമസ് പറഞ്ഞു.
16 വർഷമായി കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് ഇ.ഡി തോമസ്. ഒക്ടോബർ മാസത്തെ ശമ്പളം തനിക്കും സഹപ്രവർത്തകർക്കും ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പലരും ലോണെടുത്താണ് ജീവിക്കുന്നത്. ശമ്പളം മുടങ്ങിയതോടെ ലോണടവ് ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണെന്നും തോമസ് പറയുന്നു.
Summary: October salary is yet to distribute, KSRTC employee protests shaving hair in-front of Nilambur depot
Adjust Story Font
16