'ജീവിക്കാൻ വേണ്ടി മാത്രമുള്ള സമരം'; ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സലിംകുമാർ
''സമരത്തിന് സർക്കാർ വേണ്ട രീതിയിൽ മുഖം കൊടുക്കുന്നില്ല. മാത്രമല്ല സർക്കാറിന്റെ ഭാഗത്ത് നിന്നും അവരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്''

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സലിംകുമാർ. ജീവിക്കാൻ വേണ്ടി മാത്രമായുള്ള സമരമാണിതെന്നും സർക്കാർ വേണ്ട രീതിയിൽ സമരത്തെ പരിഗണിക്കുന്നില്ലെന്നും സലിംകുമാര്‍ പറഞ്ഞു.
സലിം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ; ' ആശമാർ നമ്മുടെ നാടിന്റെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഓണറേറിയം എന്ന ഓമനപ്പേരിൽ കിട്ടുന്ന തുച്ഛമായ കൂലിക്ക് ഒരു ദിവസത്തിൽ 24 മണിക്കൂറും ജോലി ചെയ്യേണ്ട ബാധ്യത ഇന്ന് അവരിലുണ്ട്. രണ്ടാഴ്ചക്കാലമായി സെക്രട്ടറിയേറ്റിന് മുന്നിലും കേരളത്തിലുടനീളവും അവരുടെ സമരം നടന്നുകൊണ്ടിരിക്കുകയാണ്.
തികച്ചും ജീവിക്കാൻ വേണ്ടി മാത്രമുള്ള സമരമാണിത്. ഒരു അന്യായവും ആർക്കും ഇതിൽ കാണാൻ സാധിക്കില്ല. എന്നാൽ സമരത്തിന് സർക്കാർ വേണ്ട രീതിയിൽ മുഖം കൊടുക്കുന്നില്ല. മാത്രമല്ല സർക്കാറിന്റെ ഭാഗത്ത് നിന്നും അവരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാർക്ക് എല്ലാവിധ ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊള്ളുന്നു. നിങ്ങൾ ആവശ്യങ്ങൾ നേടിയെടുക്കുംവരെയും സമരം ചെയ്യുക'
അതേസമയം ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിലും കത്തിച്ച് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു. ഇതിനിടെ ആശമാരുടെ സമരത്തിനെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി എളമരം കരീം രംഗത്ത് എത്തി. സമരം നടത്തുന്നത് ഈർക്കിൽ സംഘടനയാണെന്നാണ് പരാമർശം. സമരത്തിന് പോകരുതെന്നാണ് ആലപ്പുഴയിലെ സിഐടിയു ആശാ ഗ്രൂപ്പിൽ വന്ന ഭീഷണി സന്ദേശം.
Adjust Story Font
16