'ദൈവത്തെ തള്ളിപ്പറയുന്നവരെ വഖ്ഫ് ബോർഡ് ചെയർമാനാക്കിയ ഇടതു സർക്കാർ അജണ്ട വ്യക്തം'; വിമർശനവുമായി ബഹാഉദ്ദീൻ നദ്‌വി
ഇസ്ലാമിക നിയമ സംഹിതകൾ സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതല ഏൽപ്പിക്കപ്പെടേണ്ടതെന്നും ബഹാഉദ്ദീൻ നദ്‌വി
മലപ്പുറം: വഖ്ഫ് ബോർഡ് ചെയർമാനായി അഡ്വ. എം.കെ സക്കീറിനെ നിയമിച്ചതിനെതിരെ സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ ഇടതുപക്ഷ സർക്കാർ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണെന്നും ഇസ്ലാമിക നിയമ സംഹിതകൾ സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതല ഏൽപ്പിക്കപ്പെടേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ വഖ്ഫ് ബോർഡ് ചെയർമാൻ പദവി മത വിഷയങ്ങളിൽ അവഗാഹവും ഇസ്ലാമിക ജീവിത രീതിയുമുള്ള വ്യക്തികൾ വഹിച്ചിരുന്നതാണെന്നും നദ്‌വി ചൂണ്ടിക്കാട്ടി. ഇസ്ലാമിക കർമശാസ്ത്ര വിധി പ്രകാരം വഖ്ഫുമായി ബന്ധപ്പെട്ട ചുമതല നിർവഹിക്കുന്നവർ മതവിശ്വാസികളും ഇസ്ലാമിക നിയമങ്ങളോട് നീതി പുലർത്തുന്നവരും ആകണമെന്നു കണിശമായി നിഷ്‌കർഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ സൂക്ഷ്മത പുലർത്തേണ്ട ഒരു പദവിയിൽ മതബോധമോ സംസ്‌കാരമോ ഇല്ലാത്ത ഒരാളെ നിയമിക്കുക വഴി ഒരു സമുദായത്തെ തന്നെ അപഹസിക്കുന്ന സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ബഹാഉദ്ദീൻ നദ്‌വി വിമർശിച്ചു.
മതത്തെ അവഹേളിക്കുന്ന വ്യക്തിയെ പ്രസ്തുത സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ ഇടതുപക്ഷത്തിന്റെ നേരത്തെയുള്ള പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന കാര്യം വ്യക്തമായെന്നും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത്തരം സമീപനം സ്വീകരിക്കുന്ന സർക്കാർ, മതമൂല്യങ്ങളെ ഇല്ലാതാക്കാനുള്ള തീവ്ര യജ്ഞത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും സമസ്ത നേതാവ് കുറ്റപ്പെടുത്തി. സമുദായത്തെ വഞ്ചിക്കുകയും അർഹമായ ആനുകൂല്യങ്ങൾ പോലും അവർക്ക് ഹനിക്കുകയും ചെയ്യുന്ന ഇത്തരം ദുഷ്പ്രവണത ഏറെ പ്രതിഷേധാർഹമാണെന്നും നദ്‌വി കുറിപ്പിൽ പറഞ്ഞു.
Samasta Mushavara member Dr. Bahauddin Muhammad Nadvi against the appointment of MK Sakeer as Waqf Board Chairman.
Adjust Story Font
16