Quantcast

ഹക്കീം ഫൈസിയെ വീണ്ടും സിഐസി ജന. സെക്രട്ടറി ആക്കിയത് വിഭാഗീയ പ്രവർത്തനം-സമസ്ത നേതാക്കൾ

പ്രശ്‌നപരിഹാരത്തിന് കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം യോഗം ചേരാനിരിക്കെയാണ് സമസ്ത മാറ്റിനിർത്തിയ ഹക്കീം ഫൈസിയെ ജനറൽ സെക്രട്ടറിയാക്കി പുതിയ കമ്മിറ്റി വന്നതെന്ന് നേതാക്കള്‍ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2024-09-29 11:21:10.0

Published:

29 Sep 2024 11:05 AM GMT

Samastha leaders criticizes the re-appointment of Abdul Hakeem Faizy Adrisseri as CIC General Secretary as a sectarian act, Samastha CIC controversy
X

ഹകീം ഫൈസി ആദൃശ്ശേരി, ഉമര്‍ ഫൈസി മുക്കം

കോഴിക്കോട്: അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസിൻ്റെ(സിഐസി) ജനറൽ സെക്രട്ടറിയാക്കിയതിനെതിരെ സമസ്ത നേതാക്കൾ. നടപടി വിഭാഗീയ പ്രവർത്തനമാണെന്ന് നേതാക്കൾ പ്രസ്താവനയിൽ വിമർശിച്ചു. പ്രശ്‌നപരിഹാരത്തിന് കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം യോഗം ചേരാനിരിക്കെയാണ് സമസ്ത മാറ്റിനിർത്തിയ ഹക്കീം ഫൈസിയെ ജനറൽ സെക്രട്ടറിയാക്കി പുതിയ കമ്മിറ്റി വന്നതെന്നും ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇടവേളയ്ക്കുശേഷം വീണ്ടും സിഐസി-സമസ്ത തര്‍ക്കം സജീവമാകുമെന്നാണു നേതാക്കളുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. സമസ്തയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹക്കീം ഫൈസി സിഐസി ജനറല്‍ സെക്രട്ടറി പദവി രാജിവച്ചിരുന്നു. എന്നാല്‍, 2024-26 കാലയളവിലേക്കുള്ള പുതിയ സമിതിയിലാണ് ജനറല്‍ സെക്രട്ടറിയായി അദ്ദേഹം വീണ്ടും തിരിച്ചെത്തിയത്. സിഐസി ആസ്ഥാനത്ത് ചേർന്ന സിഐസി സെനറ്റ് യോഗത്തിലാണു പുതിയ കമ്മിറ്റി നിലവിൽ വന്നത്. സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പാണക്കാട്, പി.എസ്.എച്ച് തങ്ങൾ പരപ്പനങ്ങാടി, അലി ഫൈസി തൂത എന്നിവർ അവതരിപ്പിച്ച പാനൽ സെനറ്റ് ഏകകണ്ഠമായി പാസാക്കുകയായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. അലി ഫൈസി തൂതയാണ് ട്രഷറര്‍.

പ്രസ്താവനയുടെ പൂർണരൂപം

കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി വിവാദത്തിലിരിക്കുന്ന സിഐസി പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കെ അതിനെ തകർക്കാനുള്ള ശ്രമം ഖേദകരവും ഉത്കണ്ഠാജനകവും പ്രതിഷേധാർഹവുമാണെന്നും ബന്ധപ്പെട്ടവർ അതിൽനിന്നു പിന്തിരിയണമെന്നും സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

സമസ്ത നേതൃത്വവും മുസ്‌ലിം ലീഗ് നേതൃത്വവും ഒരുമിച്ചുചേർന്ന് ഒൻപതിന പ്രശ്‌നപരിഹാര മാർഗരേഖ തയാറാക്കിയിരുന്നു. ഇത് സമസ്ത മുശാവറയും സിഐസിയും അംഗീകരിക്കുകയെന്നതായിരുന്നു തീരുമാനം. സമസ്ത മുശാവറ ഇത് ഐക്യകണ്‌ഠ്യേന അംഗീകരിച്ചെങ്കിലും സിഐസി ഇതുവരെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മധ്യസ്ഥന്മാർ തയാറാക്കിയ വ്യവസ്ഥകൾ വികലമാക്കി സമസ്തക്ക് അയക്കുകയാണ് അവർ ചെയ്തത്. ഈ പശ്ചാത്തലത്തിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പ്രശ്‌നപരിഹാരത്തിനു വേണ്ടി ഇന്നലെ വൈകുന്നേരം നാല് മണിക്ക് യോഗം ചേരാനിരിക്കെയാണ് അതിന് മുമ്പ് തന്നെ മധ്യസ്ഥശ്രമങ്ങൾക്ക് തുരങ്കംവെക്കും വിധം ഏകപക്ഷീയമായി സമസ്ത മാറ്റിനിർത്തിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയായ പുതിയ സിഐസി കമ്മിറ്റി പ്രഖ്യാപനം വന്നത്. സമുദായത്തിൽ ഐക്യവും രഞ്ജിപ്പും ശക്തമാക്കേണ്ട ഇക്കാലത്ത് ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല.

രമ്യമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ സങ്കീർണമാക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരും തിരിച്ചറിയണമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എസ്‌വൈഎസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്ഇഎ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്‌കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Summary: Samastha leaders criticizes the re-appointment of Abdul Hakeem Faizy Adrisseri as CIC General Secretary as a sectarian act

TAGS :

Next Story