Quantcast

സ്വകാര്യ സർവകലാശാല ആരംഭിക്കാൻ സമസ്ത എപി വിഭാഗം

പ്രസ്ഥാനത്തിനു കീഴിൽ നടന്നുവരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്കു കീഴിൽ ഏകോപിപ്പിക്കും

MediaOne Logo

Web Desk

  • Published:

    4 March 2025 5:25 AM

സ്വകാര്യ സർവകലാശാല ആരംഭിക്കാൻ സമസ്ത എപി വിഭാഗം
X

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(സമസ്ത എപി വിഭാഗം)യുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം.

പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

പ്രസ്ഥാനത്തിനു കീഴിൽ നടന്നുവരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്കു കീഴിൽ ഏകോപിപ്പിക്കുകയും സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുകയും ചെയ്യും. 100 കോടിയുടെ പദ്ധതി ആവിഷ്കരിച്ച് പ്രഥമ ഘട്ടത്തിൽ 50 കോടി സമാഹരിക്കും.

പാരമ്പര്യ വിദ്യാഭ്യാസത്തിൻ്റെ ആധുനികവൽക്കരണവും, വാണിജ്യ-വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും ആരംഭിക്കും. പുറമെ, പ്രാഥമികഘട്ടത്തിൽ ചരിത്രം, ഭാഷ പഠനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്.

മറ്റ് ആധുനിക സാങ്കേതിക വിദ്യാഭ്യാസങ്ങളും മർമ്മപ്രധാന പാഠ്യവിഷയങ്ങളായി കൊണ്ടുവരും. സമസ്തയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന നൂറ് കണക്കിന് വിദ്യാഭ്യാസ സംരംഭങ്ങൾ ഇന്ന് ലോകത്തിന് മാതൃകയാണ്, അതിൻ്റെ ഏറ്റവും മികച്ച സംവിധാനമായിരിക്കും വരാനിരിക്കുന്ന സർവ്വകലാശാലയെന്നും മുശാവറ അഭിപ്രായപ്പെട്ടു.

സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥന നടത്തി. പി.എ ഐദറൂസ് മുസ്‌ലിയാർ,പേരോട് അബ്ദുറഹ്മാൻ സഖാഫി,കോടമ്പുഴ ബാവ മുസ്‌ലിയാർ, സി. മുഹമ്മദ് ഫൈസി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല തുടങ്ങിവർ സംബന്ധിച്ചു.

TAGS :

Next Story