സുപ്രഭാതം പാലക്കാട് എഡിഷനിൽ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത
ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ പാലക്കാട് എഡിഷനിൽ ഇന്ന് വന്ന പരസ്യവുമായി സമസ്തക്ക് ബന്ധമില്ലെന്ന് നേതാക്കൾ. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്‌ലിയാർ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മുഖ്യവിഷയമാക്കിയാണ് സുപ്രഭാതം, സിറാജ് പത്രങ്ങളിൽ എൽഡിഎഫ് പരസ്യം നൽകിയത്. സന്ദീപിന്റെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി ഈ വിഷനാവിനെ സ്വീകരിക്കുകയോ? എന്ന ചോദ്യം ഉന്നയിച്ചാണ് പരസ്യം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സരിൻ തരംഗം എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും പ്രസ്താവനകളും ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സരിനായി പരസ്യം നൽകിയത് അനുമതി വാങ്ങാതെയാണ് എന്നാണ് വിവരം. പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകി. വിഷയത്തിൽ സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും കലക്ടർ നോട്ടീസയക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നൽകുന്ന പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്.
Adjust Story Font
16