ജെൻഡർ ന്യൂട്രാലിറ്റിക്കെതിരായ പ്രചരണം ശക്തമാക്കി സമസ്ത; 4000 മഹല്ലുകളില്‍ ബോധവത്കരണം
മുഖ്യമന്ത്രിയുമായി ഈ മാസം 30ന് നടത്തുന്ന കൂടിക്കാഴ്ചയിലും സമസ്ത ഇക്കാര്യം ഉന്നയിക്കും.
കോഴിക്കോട്: കുടുംബശ്രീ കൈപ്പുസ്തകത്തിലെ ഉള്ളടക്കം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജെൻഡർ ന്യൂട്രാലിറ്റിക്കെതിരായ പ്രചരണം ശക്തമാക്കാൻ സമസ്ത. 4000 മഹല്ലുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്താനാണ് സമസ്തയുടെ തീരുമാനം.
തിരുത്തേണ്ട കാര്യങ്ങൾ സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പാഠ്യപദ്ധതിയിലെ കരടില്‍ തിരുത്തല്‍ വരുത്തിയെങ്കിലും ജെൻഡർ ന്യൂട്രല്‍ ആശയങ്ങൾക്കെതിരായ പ്രചരണത്തിൽ നിന്ന് പിന്നോട്ടു പോകേണ്ടെന്നാണ് സമസ്ത തീരുമാനിച്ചിരിക്കുന്നത്.
കുടുംബശ്രീ പ്രവർത്തകർക്കായി പുറത്തിറക്കിയ കൈപ്പുസ്തകത്തിലും ജെൻഡർ ന്യൂട്രൽ ആശയങ്ങൾ ഉൾപ്പെടുത്തിയത് സമസ്ത ആശങ്കയോടെയാണ് കാണുന്നത്. ഇതിനെതിരെ ബോധവത്കരണം സംഘടിപ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുമായി ഈ മാസം 30ന് നടത്തുന്ന കൂടിക്കാഴ്ചയിലും സമസ്ത ഇക്കാര്യം ഉന്നയിക്കും.
ഇന്നു നടന്ന ഖുത്വബ സെമിനാർ മാതൃകയിൽ സംസ്ഥാനത്തെ നൂറു മേഖലകളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും. ഇതിൽ പരിശീലനം നേടിയവരെ ഉപയോഗപ്പെടുത്തി നാലായിരത്തോളം വരുന്ന സമസ്ത മഹല്ലുകളില്‍ ബോധവത്കരണ പരിപാടി നടത്താനാണ് സമസ്തയുടെ തീരുമാനം.
ക്യാമ്പസിൽ എസ്.എഫ്.ഐയുടെ കാമ്പയിനുകളും സമസ്ത പ്രചരണത്തിന്റെ ഭാഗമായി വിമർശന വിധേയമാകുന്നുണ്ട്. അതേസമയം ഒന്നിച്ചിരുത്തുന്നതാണ് സ്ത്രീ സമത്വമെന്ന് കരുതേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Adjust Story Font
16