Quantcast

മുജാഹിദ് സമ്മേളനത്തിൽനിന്ന് പാണക്കാട് തങ്ങന്മാരെ വിലക്കിയിട്ടില്ല-സമസ്ത

'മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. ഫാസിസ്റ്റ് ഭരണകൂട വക്താക്കളെ ഔദ്യോഗികമായി സമ്മേളനത്തിൽ സ്വീകരിച്ചു.'

MediaOne Logo

Web Desk

  • Published:

    6 Jan 2023 12:18 PM GMT

മുജാഹിദ് സമ്മേളനത്തിൽനിന്ന് പാണക്കാട് തങ്ങന്മാരെ വിലക്കിയിട്ടില്ല-സമസ്ത
X

കോഴിക്കോട്: കേരളത്തിലെ മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് സമസ്ത ആരോപിച്ചു. കോഴിക്കോട്ട് നടന്ന മുജാഹിദ് സമ്മേളനത്തിലേക്ക് പാണക്കാട് തങ്ങന്മാരെ സമസ്ത വിലക്കിയിട്ടില്ലെന്നും സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അടക്കമുള്ള നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പാണക്കാട് തങ്ങന്മാർ സമസ്തയുടെ വക്താക്കളാണ്. എതിർ ആശയക്കാരുടെ ആദർശസമ്മേളനങ്ങളിൽ സമസ്ത നേതാക്കൾ പോകരുതെന്ന് സമസ്തയിൽ നിർദേശമുള്ളതാണ്. എന്നാൽ, പാണക്കാട് തങ്ങന്മാരെ സമസ്ത വിലക്കിയിട്ടില്ല. സമസ്ത ഇടപെട്ട് ആരെയും വിലക്കിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമാപിച്ച മുജാഹിദ് സമ്മേളനം, അവർ മതേതരവിരുദ്ധ കക്ഷികളുടെ ചട്ടുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. എന്നാൽ, അതിന്റെ വക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകൾക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തത്. രാമക്ഷേത്ര നിർമാണം, പൗരത്വനിയമം, കശ്മീർ വിഷയം തുടങ്ങി ഫാസിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗർ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നതും യാദൃശ്ചികമല്ലെന്ന് നേതാക്കൾ വിമർശിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ സമ്മേളനം എട്ടിന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് കാഴിക്കോട് കടപ്പുറത്ത് നടക്കും. സമസ്തയുടെയും പോഷകഘടകങ്ങളുടേയും നേതാക്കളും പ്രവർത്തകരും അടക്കം പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. സമസ്തയുടെ ആശയപ്രചാരണവും മതത്തിന്റെ പേരിൽ വികല വീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും സമ്മേളനം. മതവിശ്വാസികൾക്കെതിരായ ലിബറൽ ആശയക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങൾ പാഠ്യപദ്ധതികളിലും കലോത്സവങ്ങളിലും ഒളിച്ചുകടത്തുന്നതും ഇസ്‌ലാമോഫോബിയ പ്രചാരണങ്ങളും സമ്മേളനത്തിൽ തുറന്നുകാണിക്കുമെന്നും നേതാക്കൾ അറിയിച്ചു.

ഒരു നൂറ്റാണ്ടിനോടടുക്കുന്ന സമസ്തയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചുവരികയാണ്. ഇസ്‌ലാമിന്റെ തനതുരൂപം പ്രചരിപ്പിക്കുകയും അതിനെതിരായി വരുന്ന നീക്കങ്ങളെ നിയമവിധേയമായും ഫലപ്രദമായും പ്രതിരോധിക്കുകയുമാണ് സമസ്തയുടെ മുഖ്യലക്ഷ്യം. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയൂന്നി പ്രവർത്തിക്കേണ്ട സന്ദർഭമാണിതെന്നും വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കു പുറമെ കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, എം.സി മായിൻ ഹാജി, കെ. മോയിൻകുട്ടി മാസ്റ്റർ, കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവരും പങ്കെടുത്തു.

Summary: Samastha alleged that the Mujahid faction is working as a tool for anti-secular parties and Panakkad Sayyids were not banned from the their conference

TAGS :

Next Story