പി.എം.എ സലാമിന്‍റെ പരാമർശം: വിവാദം കത്തിനില്‍ക്കെ സമസ്ത മുശാവറ ഇന്ന് കോഴിക്കോട്ട്
മുശാവറ യോഗത്തില്‍ ലീഗിനോടുള്ള അതൃപ്തി പ്രസ്താവനയായെങ്കിലും പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നാണു വിവരം
കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്‍റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കെ സമസ്ത മുശാവറ ഇന്ന് കോഴിക്കോട്ട് ചേരും. സലാമിനെതിരായ പരാതി തള്ളിയ ലീഗ് നേതൃത്വത്തിനെതിരെ സമസ്തയ്‍ക്കകത്തെ അതൃപ്തി മുശാവറയില്‍ പ്രതിഫലിച്ചേക്കും.
പേരെടുത്തു പറഞ്ഞില്ലെങ്കിലും പി.എം.എ സലാം നടത്തിയ വിവാദ പരാമർശം ജിഫ്രി തങ്ങള്‍ക്കെതിരെയാണെന്ന് തിരിച്ചറിഞ്ഞായിരുന്നു സമസ്ത പോഷകസംഘടനാ നേതാക്കള്‍ ലീഗ് നേതൃത്വത്തിനു കത്തയച്ചത്. ഇതിന് ജിഫ്രി തങ്ങള്‍ തന്നെ പരോക്ഷ മറുപടി നല്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ആരെയും ഉദ്ദേശിച്ചല്ല പരാമർശമെന്ന സലാമിന്റെ വിശദീകരണത്തോടെ അധ്യായം അവസാനിപ്പിച്ച സാദിഖലി തങ്ങളുടെ നിലപാടിനോട് സമസതയ്ക്ക് അതൃപ്തിയുണ്ട്. ലീഗ് സംസ്ഥാന ഓഫീസ് മുഖേന സാദിഖലി തങ്ങള്‍ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും കത്തയച്ചതിനെ പരിഗണിക്കാത്തതും സമസ്ത നേതാക്കള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.
ഇന്ന് കോഴിക്കോട്ട് നടക്കുന്ന സമസ്ത മുശാവറ യോഗത്തില്‍ വിഷയം ചർച്ചയ്ക്കു വന്നേക്കും. മുസ്‍ലിം ലീഗിനോടുള്ള അതൃപ്തി പ്രസ്താവനയായെങ്കിലും പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നാണു സൂചന. സാദിഖലി തങ്ങള്‍ക്ക് മുന്‍ഗണന നല്കാതെ ദേശീയ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കത്ത് നല്കിയതും സാദിഖലി തങ്ങളുടെ നിലപാടിനെ സ്വാധീനിച്ചതായി സൂചനയുണ്ട്. തർക്കം പരിഹരിക്കാനുള്ള ചർച്ചകള്‍ പുരോഗമിക്കവെയുണ്ടായ പുതിയ വിവാദം രണ്ടു സംഘടനകള്‍ക്കിടയിലെ വിള്ളല്‍ വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Summary: Samastha Mushavara will meet in Kozhikode today amid controversy over Muslim League Kerala state general secretary PMA Salam's remarks
Adjust Story Font
16