'വളരെ വൈകാരികമായൊരു സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്; കൃഷ്ണകുമാർ പറഞ്ഞതിൽ ശരികേടുണ്ട്'-സന്ദീപ് വാര്യർ 'മീഡിയവണി'നോട്
'പ്രചാരണത്തിനു വരണമെന്ന് ഫോണിലൂടെ പറഞ്ഞതല്ലാതെ ഒരു നേതാവും നേരിട്ടു കണ്ടിട്ടില്ല'
സന്ദീപ് വാര്യര്‍
കോഴിക്കോട്: പാർട്ടിയിൽ നേരിട്ട അവഗണനയിൽ അതൃപ്തി പരസ്യമാക്കി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. മാനസികമായി വിശ്രമം ആവശ്യമുള്ള സമയമാണെന്നും അതിനാലാണു പ്രചാരണത്തിൽനിന്നു വിട്ടുനിൽക്കുന്നതെന്നും സന്ദീപ് 'മീഡിയവണി'നോട് പറഞ്ഞു. വളരെ വൈകാരികമായൊരു സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. താൻ സംസ്ഥാന ഭാരവാഹിയായിരിക്കെ അമ്മ മരിച്ച സമയത്തു പോലും വീട്ടിൽ വരാത്ത സി. കൃഷ്ണകുമാർ താനുമായി വൈകാരികമായി അടുപ്പമുണ്ടെന്നു പറയുന്നതിൽ ശരികേടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സിപിഎമ്മിൽ ചേരുമെന്ന വാർത്തകൾ സന്ദീപ് തള്ളുകയും ചെയ്തിട്ടുണ്ട്.
എനിക്ക് മാനസികമായി ഉൾപ്പെടെ വിശ്രമം ആവശ്യമുണ്ട്. ഇക്കാര്യം നേതൃത്വത്തെ അറിയിക്കുകയും കൃഷ്ണകുമാറിന് വിജയാശംസ നേരുകയും ചെയ്തിട്ടുണ്ട്. ഞാനൊരു സാധാരണ സംസ്ഥാന കമ്മിറ്റി അംഗമാണ്. വിട്ടുനിൽക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു കുഴപ്പവുമുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. അതിന് ഇത്രമാത്രം പരിഭ്രാന്തരാകേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
'വിഷമവും ബുദ്ധിമുട്ടുമെല്ലാം നേരിടുമ്പോൾ സ്വാഭാവികമായും ചെയ്യുന്നതാണ്. പുറത്ത് രാഷ്ട്രീയക്കാരനായി അറിയപ്പെടുമ്പോഴും ആത്യന്തികമായി മനുഷ്യനാണല്ലോ, മനുഷ്യന്റെ മനസാണല്ലോ നമുക്കുള്ളത്. വളരെ വൈകാരികമായ ഒരു സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്.
യുവമോർച്ചക്കാലത്ത് ഒരുമിച്ചു പ്രവർത്തിച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരാളുടെ വീട് അറിയണമല്ലോ.. എന്നാൽ, എന്റെ വീട് അദ്ദേഹത്തിന് അറിയില്ല എന്നാണു പറയുന്നത്. ഒരിക്കൽ പോലും അദ്ദേഹം വന്നിട്ടില്ല. ഞാൻ സംസ്ഥാന ഭാരവാഹിയായ സമയത്തുണ്ടായ ഒരു സംഭവത്തിൽ പോലും നേരിട്ടു വരാത്ത ആളാണു വൈകാരികമായി അടുപ്പമുണ്ടെന്നു പറയുന്നത്. അതിൽ ശരികേടുണ്ടെന്ന വിഷമത്തിൽ പറഞ്ഞുപോയതാണ്.''
പ്രചാരണത്തിനു വരണമെന്ന് ഫോണിലൂടെ വിളിച്ചുപറഞ്ഞതല്ലാതെ ഒരു നേതാവും നേരിട്ടു കണ്ടിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. ഞാൻ ബിജെപിക്കാരനാണ്. പാർട്ടി കൊടിപിടിച്ചു മുദ്രാവാക്യം വിളിച്ചു നടന്നോളാമെന്നു പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോഴും ബിജെപിക്കാരനുമാണ്. ബിജെപി സ്ഥാനാർഥിക്ക് വിജയാശംസ നേരുകയും പാർട്ടി വിജയിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞിട്ടുണ്ട്. ഞാൻ ബിജെപിക്കാരനാകുമ്പോൾ സാങ്കൽപികമായ കാര്യങ്ങളെ കുറിച്ചു പ്രതീക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
Summary: BJP state leader Sandeep Varier told 'MediaOne' that he is going through a very emotional situation and needs mental rest.
Adjust Story Font
16