Quantcast

'കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലയ്ക്ക് വാങ്ങി'; രാജീവ് ചന്ദ്രശേഖറിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

'കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡന്റായി വരുന്നു'.

MediaOne Logo

Web Desk

  • Published:

    23 March 2025 8:17 AM GMT

Sandeep Varier  Mocks Rajiv Chandrasekhar Selected as BJP State President
X

പാലക്കാട്: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി കോൺ​ഗ്രസ് വക്താവ് സന്ദീപ് വാര്യർ. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടെന്നും കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലയ്ക്കു വാങ്ങിയെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

'കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡന്റായി വരുന്നു. അന്ന് ജിയെ കാലുവാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിൻ്റെ പണി കിട്ടാനാണ് സാധ്യത. ഇ.പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്. ആഹാ. സിപിഎം- ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ?'- സന്ദീപ് ചോദിക്കുന്നു.

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപിയെന്നും സന്ദീപ് വാര്യർ കുറിച്ചു. 'ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ച സംഘികൾ ഒക്കെ ഇപ്പോ ആരായി?' എന്ന് മറ്റൊരു പോസ്റ്റിലൂടെ സന്ദീപ് വാര്യർ ചോദിച്ചു. പുതിയനേതൃത്വം വന്നതുകൊണ്ട് കേരളത്തിലെ ബിജെപി രക്ഷപ്പെടുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്ന് സന്ദീപ് വാര്യർ നേരത്തെ പ്രതികരിച്ചിരുന്നു. സാധാരണക്കാരായ ഒരുപാട് പ്രവർത്തകരെ വഞ്ചിച്ചും പറ്റിച്ചും അവരെ തൊഴിലാളി പോലെ കണക്കാക്കുന്ന പരിപാടിയാണ് കേരളത്തിൽ നടക്കുന്നത്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ആരുവന്നാലും അതൊരു ക്ലറിക്കൽ പോസ്റ്റായിരിക്കുമെന്നും സന്ദീപ് വാര്യര്‍ മീഡിയവണിനോട് പറഞ്ഞു.

'നേതൃത്വം പറയുന്ന കാര്യങ്ങൾ നടപ്പാക്കി കണക്കുകൊടുക്കുക എന്നതിനപ്പുറം കേരളത്തിലെ ദൈനംദിന രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാനോ അഭിപ്രായം പറയാനോ അവർക്ക് സമയവും കഴിവുമില്ല. കേരളത്തിലെ സുപ്രധാന കാര്യങ്ങളിൽ ബിജെപി അഭിപ്രായം പറയാറില്ല. പറയുന്ന അഭിപ്രായങ്ങൾ പലപ്പോഴും കേന്ദ്രം വിലക്കാറാണ് പതിവ്. പ്രത്യേകിച്ച് ഒരു അത്ഭുതവും കേരള ബിജെപിയിൽ സംഭവിക്കാൻ പോകുന്നില്ല. വർഗീയ നിലപാടുകൾ കേരളത്തിൽ ആവർത്തിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം'- സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

മുൻ കേന്ദ്ര മന്ത്രി രാജീവ്​ ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന്​ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു​. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ്​ പ്രകാശ് ജാവഡേക്കർ രാജീവി​ൻ്റെ പേര് നിർദേശിച്ചതായാണ്​ വിവരം. ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് രണ്ടു മണിമുതൽ മൂന്നുമണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിൻ്റെ പണി കിട്ടാനാണ് സാധ്യത.

ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് , ഏറ്റവും ഒടുവിൽ കുംഭമേള... ഇതൊക്കെ എളുപ്പം മറക്കാൻ ബിജെപി പ്രവർത്തകർക്ക് എങ്ങനെ കഴിയും ?

ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ?

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി.



TAGS :

Next Story