സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
ആർ.എസ്.എസ് പ്രവർത്തകനായ ശബരി എസ് നായരാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ആർ.എസ്.എസ് പ്രവർത്തകനായ ശബരി എസ് നായരാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദസമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്.
കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദ്യം അന്വേഷണസംഘങ്ങൾ ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്തു പ്രതിയും സി.സി.ടി.വി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെയും പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. ഇതിന് ശേഷം കേസ് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന ഫയലുകൾ നഷ്ടമായത്.
പ്രതികൾ ആശ്രമത്തിന് മുന്നിൽ ഷിബുവിന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വെച്ചിരുന്നു. ഈ കയ്യെഴുത്ത് പൊലീസ് തെളിവായി കസ്റ്റഡിയിലെടുത്തുവെന്ന് മഹസറിൽ രേഖപ്പെടുത്തി കോടതിയിൽ നൽകി. കോടതി സ്‌റ്റേഷനിൽ സൂക്ഷിക്കാനായി ഈ കയ്യെഴുത്ത് മടക്കിനൽകി. പക്ഷെ ഇതിപ്പോൾ കേസ് ഫയലിലില്ല. സംഭവ ദിവസത്തെ കുണ്ടമൺകടവ് ഭാഗത്തെ ഐഡിയ, വോഡഫോൺ കമ്പനികളുടെ ടവറിൽനിന്നുള്ള ഫോൺ വിളി വിശദാംശങ്ങൾ ആദ്യസംഘം കമ്പനിയിൽനിന്ന് ശേഖരിച്ചിരുന്നു. ഈ വിവരങ്ങളും ഇപ്പോൾ കാണാനില്ല.
തെളിവുകൾ നഷ്ടമായെന്നറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തുപറയുകയോ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല. എസ്.പി സദാനന്ദന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിയ സംഘമാണ് ചോർച്ച കണ്ടെത്തി വിവരം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയെ അറിയിച്ചത്.
Adjust Story Font
16