Quantcast

മണിപ്പൂരിലെ വംശഹത്യ സ്പോൺസർ ചെയ്യുന്നത് സംഘ്പരിവാർ: ഡോ. ലംതിൻതാങ് ഹൗകിപ്പ്

"സ്ത്രീകളും പെൺകുട്ടികളും ബലാൽസംഗത്തിനിരയാവുന്നു. ആശുപത്രിയിലേക്ക് പോകുന്ന രോഗികളെ പോലും ആംബുലൻസടക്കം കത്തിച്ചു ചാമ്പലാക്കുന്നു, ഹൃദയം നുറുങ്ങുന്ന കഥകൾ മാത്രമാണ് മണിപ്പൂരിൽ"

MediaOne Logo

Web Desk

  • Updated:

    2023-07-22 16:50:02.0

Published:

22 July 2023 1:40 PM GMT

Sangh Parivar Sponsoring Manipur Genocide Activist Lamthintang Howkip
X

കൊച്ചി: മണിപ്പൂരിലെ വംശഹത്യ സ്പോൺസർ ചെയ്യുന്നത് സംഘ്പരിവാരും കേന്ദ്ര - സംസ്ഥാന ബി.ജെ പി സർക്കാറുകളുമെന്ന് കുകി ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ഡോ. ലംതിൻതാങ് ഹൗകിപ്പ്. "മണിപ്പൂർ: ക്രിസ്ത്യൻ വംശഹത്യയെ പ്രതിരോധിക്കുക'' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കളമശ്ശേരി കുസാറ്റ് കാമ്പസിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"വംശീയ ആക്രമണത്തിന് ഭരണകൂടത്തിന്റെ പൂർണ്ണമായ ഒത്താശയുണ്ട്. വിവാദമായ വീഡിയോ ഒറ്റപ്പെട്ട സംഭവമല്ല. നിരവധി കഥകൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. മാസങ്ങളായി ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരുന്നു. മാധ്യമങ്ങൾ സർക്കാറിന്റെ നാവായി മാത്രം പ്രവർത്തിക്കുകയാണ്. സത്യം പുറം ലോകമറിയുന്നില്ല. നിരവധി പേരാണ് മരിച്ചു വീഴുന്നത്. സ്ത്രീകളും പെൺകുട്ടികളും ബലാൽസംഗത്തിനിരയാവുന്നു. ആശുപത്രിയിലേക്ക് പോകുന്ന രോഗികളെ പോലും ആംബുലൻസടക്കം കത്തിച്ചു ചാമ്പലാക്കുന്നു. ഹൃദയം നുറുങ്ങുന്ന കഥകൾ മാത്രമാണ് മണിപ്പൂരിൽ കാണാൻ കഴിയുന്നത്. വംശഹത്യ നേരിടുന്ന ജനതയുടെ നീതിക്കായുള്ള പ്രക്ഷോഭം ദേശീയ തലത്തിൽ കൂടുതൽ ശക്തിപ്പെടണം, എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണം". ലംതിങ്താൻ പറഞ്ഞു.

"വിവാദമായ കൂട്ട ബലാൽസംഗ കേസിൽ 70 ദിവസങ്ങൾക്ക് ശേഷം, സമ്മർദ്ദങ്ങൾ ഉയർന്നപ്പോൾ മാത്രമാണ് പോലീസ് കേസെടുക്കുന്നത് എന്നത് മാത്രം മതി മണിപ്പൂരിലെ നിയമവാഴ്ചയെക്കുറിച്ചും ഭരണകൂട ഭീകരതയെക്കുറിച്ചും മനസ്സിലാക്കാനെന്ന് അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ പറഞ്ഞു. അധികാരം നേടാനും നിലനിർത്താനും വേണ്ടി ഭിന്നിപ്പും സാമൂഹ്യധ്രുവീകരണവും ഉണ്ടാക്കുകയും വംശീയ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെയും സംഘ് പരിവാറിന്റെയും എക്കാലത്തെയും പദ്ധതിയാണ്. മുസ്‍ലിം സമൂഹത്തിനെതിരെ ഉപയോഗിച്ചുവന്ന ഈ ആക്രമണോത്സുകത ഇപ്പോള്‍ ക്രൈസ്തവ സമൂഹത്തിന് നേരെക്കൂടി തീവ്രമായി പ്രയോഗിക്കുകയാണ്. വിചാരധാരയുടെ പ്രയോഗവൽക്കരണമാണ് നടക്കുന്നത്". അദ്ദേഹം കൂട്ടിച്ചേർത്തു

കളമശ്ശേരി കുസാറ്റ് കാമ്പസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, ജില്ല പ്രസിഡന്റ് മുഫീദ് കൊച്ചി, ജനറൽ സെക്രട്ടറി അംജദ് എടത്തല എന്നിവരും സംസാരിച്ചു. കുസാറ്റ് കാമ്പസിലെ മണിപ്പൂർ സ്വദേശികളായ വിദ്യാർത്ഥികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.

TAGS :

Next Story